
ബുധനാഴ്ച്ച വൈകുന്നേരമാണ് ഹോളിവുഡ് ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ സെലക്ഷന്‍ പാനല്‍ പ്രശസ്ത വാക്ക് ഓഫ് ഫെയിമിന്റെ 2026ലെ അംഗങ്ങളെ പ്രഖ്യാപിച്ചത്. പട്ടികയില്‍ ഇന്ത്യന്‍ സൂപ്പര്‍ താരം ദീപിക പദുകോണും ഇടം നേടിയിട്ടുണ്ട്. ദ ഹോളിവുഡ് വാക്ക് ഓഫ് ഫെയിം ബഹുമതി ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരിയാണ് ദീപികയെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. എന്നാല്‍ ആറു പതിറ്റാണ്ട് മുന്‍പ് ആ ചരിത്രം നേട്ടം ഇന്ത്യക്ക് ലഭിച്ചിരുന്നു.
1960ലാണ് ദ ഹോളിവുഡ് വാക്ക് ഓഫ് ഫെയിം പട്ടികയില്‍ ആദ്യമായി ഒരു ഇന്ത്യന്‍ പേര് ഉള്‍പ്പെടുന്നത്. അദ്ദേഹം ഇന്ത്യയില്‍ അത്ര പ്രശസ്തനല്ലായിരുന്നു. പക്ഷെ രണ്ടാം ലോക മഹായുദ്ധത്തിന് മുമ്പ് ഹോളിവുഡില്‍ സെന്‍സേഷനായിരുന്നു അദ്ദേഹം. 1924-ല്‍ മൈസൂരില്‍ ജനിച്ച സാബു ദസ്തഗിര്‍ ആണ് ആ ബഹുമതി ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരന്‍. ഒരു ആനപ്പാപ്പാന്റെ മകനായിരുന്നു അദ്ദേഹത്തെ 1937ല്‍ പുറത്തിറങ്ങിയ 'എലിഫന്റ് ബോയ്' എന്ന ചിത്രത്തിനായി ചലച്ചിത്ര നിര്‍മാതാവ് റോബേര്‍ട്ട് ഫ്ലാഹെര്‍ട്ടി തിരഞ്ഞെടുക്കുകയായിരുന്നു.
പിന്നീട് 1938ല്‍ 'ദി ഡ്രം' എന്ന ചിത്രത്തിലൂടെ സാബു ഹോളിവുഡിലേക്ക് താമസം മാറി. 1940ല്‍ ഫാന്റസി സാഹസിക ചിത്രമായ 'ദി തീഫ് ഓഫ് ബാഗ്ദാദില്‍' അബു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതോടെ അദ്ദേഹം ഹോളിവുഡിലെ ഒരു താരമായി. അതിന് ശേഷം 'മൗഗ്ലി', 'അറേബ്യന്‍ നൈറ്റസ്', 'വൈറ്റ് സാവേജ്', 'കോബ്ര വുമണ്‍' തുടങ്ങിയ ഹിറ്റുകളില്‍ സാബു അഭിനയിച്ചു. തന്റെ കൗമാരപ്രായത്തില്‍ തന്നെ ബോളിവുഡിലെ ജനപ്രിയനായ താരമായി അദ്ദേഹം മാറി.
1944ല്‍ അമേരിക്കന്‍ പൗരത്വം നേടിയ ശേഷം സാബു യുഎസ് ആര്‍മിയില്‍ ചേരുകയും രണ്ടാം ലോകമഹായുദ്ധത്തില്‍ പോരാടുകയും ചെയ്തു. എന്നാല്‍ അത് അദ്ദേഹത്തിന്റെ കരിയറിനെ ആകെ മാറ്റി മറച്ചു. യുദ്ധാനന്തരം വേഷങ്ങള്‍ ലഭിക്കാതായി. 50-കളില്‍, വിജയിക്കാത്ത യൂറോപ്യന്‍ സിനിമകളിലാണ് സാബു കൂടുതലും അഭിനയിച്ചത്. 1957-ല്‍, 'മദര്‍ ഇന്ത്യ' എന്ന ചിത്രത്തിലെ നായകനായി മെഹബൂബ് ഖാന്‍ അദ്ദേഹത്തെ പരിഗണിച്ചു, പക്ഷേ അതിനുള്ള വര്‍ക്ക് പെര്‍മിറ്റ് സാബുവിന് ലഭിച്ചില്ല. ഒടുവില്‍ ആ വേഷം സുനില്‍ ദത്തിന് ലഭിച്ചു. സാബു ഒരിക്കല്‍ പോലും ഒരു ഇന്ത്യന്‍ സിനിമയിലും അഭിനയിച്ചിട്ടില്ല. തന്റെ 39-ാം വയസില്‍ അദ്ദേഹം ഹൃദയാഘാതം മൂലം അന്തരിച്ചു.
പാശ്ചാത്യലോകത്ത് ആദ്യമായി മികച്ച പ്രകടനം കാഴ്ച്ചവെച്ച ഇന്ത്യക്കാരനായിരുന്നു സാബു. അദ്ദേഹത്തിന്റെ മരണശേഷം കബീര്‍ ബേദി, ഓം പൂരി, അമരീഷ് പുരി എന്നീ ഇന്ത്യന്‍ നടന്മാര്‍ ഹോളിവുഡ് ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. നസീറുദ്ദീന്‍ ഷാ, അനുപം ഖേര്‍ എന്നിവരും ഹോളിവുഡ് സിനിമകളുടെ ഭാഗമായി. എന്നാല്‍ അവരാരും നായകന്മാര്‍ ആയില്ല. ഐശ്വര്യ റായ്, പ്രിയങ്ക ചോപ്ര, ഇര്‍ഫാന്‍ ഖാന്‍ തുടങ്ങിയ താരങ്ങള്‍ പിന്നീട് ഹോളിവുഡില്‍ മികച്ച കരിയര്‍ കെട്ടിപ്പെടുത്തു. പ്രധാനപ്പെട്ട ഹോളിവുഡ് ചിത്രങ്ങളില്‍ അവര്‍ കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ചു.