ഇനി തമിഴകത്തിൻ്റെ മാസ് എൻട്രി; ഒരുങ്ങുന്നത് സൂപ്പർ സ്റ്റാറുകളുടെ വമ്പൻ മത്സരം

തമിഴിൽ ഇനിയൊരുങ്ങുന്നത് പ്രമേയത്തിലും വിഷ്വൽ ട്രീറ്റിലും പ്രേക്ഷകരെ ഉത്തേജിപ്പിക്കുന്ന ഒരുപിടി സിനിമകളാണ്
ഇനി തമിഴകത്തിൻ്റെ മാസ് എൻട്രി; ഒരുങ്ങുന്നത് സൂപ്പർ സ്റ്റാറുകളുടെ വമ്പൻ മത്സരം
Published on

ഇന്ത്യൻ സിനിമാ ഇൻഡസ്ട്രിയിൽ 2024 ൻ്റെ ആദ്യ പകുതിയിലേക്കെത്തുമ്പോൾ തല ഉയർത്തി നിൽക്കുന്നത് മലയാള സിനിമയാണ്. മുമ്പ് ഒരിക്കലും നേടാനാകാത്ത 1000 കോടി ബിസിനസ് ആദ്യ അഞ്ച് മാസംകൊണ്ടു തന്നെ മലയാള സിനിമ കരസ്ഥമാക്കിയിരുന്നു. പ്രമേയത്തിലും ആഖ്യാനത്തിലും മലയാള സിനിമാ പ്രവർത്തകർ കൊണ്ടുവന്ന പുതുമയും രസക്കാഴ്ചയുമാണ് പുതിയ നേട്ടങ്ങളിലേക്ക് മലയാളം സിനിമയെ കൈപിടിച്ചുയർത്തിയത്. എന്നാൽ മുൻ വർഷങ്ങളിൽ നിന്നും വിഭിന്നമായി ഈ കാലയളവിൽ തമിഴ് സിനിമയ്ക്കു സംഭവിച്ച വീഴ്ചയാണ് ഇതര സിനിമാ ലോകം ഉറ്റു നോക്കുന്നത്. സൂപ്പർസ്റ്റാറുകളുടെയും വാണിജ്യവിലയുള്ള നായികാനായകന്മാരുടെയും എണ്ണത്തിൽ മറ്റു സിനിമാ മേഖലയേക്കാൾ എന്നും മുന്നിലായിരുന്നു തമിഴ് സിനിമാ. കൊമേഴ്സ്യൽ സിനിമകൾക്കും സമാന്തര സിനിമകൾക്കും ഒരുപോലെ ബോക്സോഫീസ് കളക്ഷനും ലഭിക്കുന്ന ഇടം. എന്നിട്ടും കോളിവുഡിന് എന്തു സംഭവിച്ചു എന്ന ചോദ്യത്തിന് പ്രേക്ഷകരെ ത്രില്ലടിപ്പിച്ച സിനിമകൾ എത്തിയില്ല എന്നത് തന്നെയാണ് ഉത്തരം. അതുകൊണ്ടുതന്നെ തമിഴിൽ ഇനിയൊരുങ്ങുന്നത് പ്രമേയത്തിലും വിഷ്വൽ ട്രീറ്റിലും പ്രേക്ഷകരെ ഉത്തേജിപ്പിക്കുന്ന ഒരുപിടി സിനിമകളെന്ന് കോളിവുഡ് ഉറപ്പു നൽകുന്നു. രജനികാന്ത് - കമൽഹാസൻ തുടങ്ങി മുതിർന്ന താരങ്ങളും വിജയ്, വിക്രം, സൂര്യ, അജിത്ത് തുടങ്ങി ഫാൻ ബേസിൽ മുന്നിലുള്ള താരങ്ങൾ വരെ തമിഴ് ബോക്സോഫീസിൽ പുതിയ ചരിത്രം കുറിക്കാൻ ഒരുങ്ങുകയാണ്.

മുൻ വർഷങ്ങളിൽ തമിഴ് സിനിമയിൽ ഏറ്റവും ബിസിനസ് സൃഷ്ടിച്ച രജനികാന്ത് - കമലഹാസൻ തന്നെയാണ് തമിഴ് സിനിമയുടെ തിരിച്ചുവരവിനുള്ള വെടിമരുന്ന് ബോക്സോഫീസിൽ കൊളുത്തുന്നത്. ഇരുവരുടെയും പുതിയ ചിത്രങ്ങൾ തിയറ്ററിലെത്താനുള്ള അവസാനഘട്ട തയാറെടുപ്പിലാണ്. 2022 ൽ പുറത്തിറങ്ങിയ വിക്രത്തിലൂടെ ബോക്സോഫീസിൽ ഗംഭീര തിരിച്ചുവരവ് നടത്തിയ കമലഹാസൻ തൻ്റെ കരിയറിലെ ഏറ്റവും ശക്തമായ കഥാപാത്രത്തിൻ്റെ രണ്ടാം ഭാഗവുമായിട്ടാണ് ഉടനെത്തുന്നത്. ശങ്കറിൻ്റെ സംവിധാനത്തിൽ 1996 ൽ സൂപ്പർഹിറ്റായ ഇന്ത്യൻ എന്ന ചിത്രത്തിൻ്റെ രണ്ടാം ഭാഗം ജൂലൈ 12ന് തിയറ്ററിലെത്താനൊരുങ്ങുകയാണ്. സേനാപതി എന്ന സ്വാതന്ത്ര്യ സമര സേനാനി വീണ്ടും അവതരിപ്പിക്കുകയാണ് ഇന്ത്യൻ രണ്ടാം ഭാഗത്തിലൂടെ. ചിത്രത്തിൻ്റെ മൂന്നാം ഭാഗവും 2026 ജനുവരിയിൽ തിയറ്ററിലെത്തും. 250 കോടി ബജറ്റിലൊരുങ്ങുന്ന ചിത്രത്തിൽ സിദ്ധാർത്ഥ്, കാജൽ അഗർവാൾ, രാകുൽ പ്രീത് സിംഗ്, എസ്.ജെ. സൂര്യ, ബോബി സിംഹ, സമുദ്രക്കനി തുടങ്ങി വലിയ താരനിരയാണ് അണിനിരക്കുന്നത്.

രജനികാന്തിൻ്റെ വേട്ടൈയാനും റിലീസ് തയാറെടുക്കുകയാണ്. സൂര്യയെ നായകനാക്കി ജയ് ഭീം എന്ന ശ്രദ്ധേയ ചിത്രം ഒരുക്കിയ ടി.ജെ. ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വലിയൊരു ഇടവേളയ്ക്കു ശേഷം രജനികാന്തും അമിതാഭ് ബച്ചനും ഒന്നിച്ച് അഭിനയിക്കുകയാണ്. മലയാളത്തിൽ നിന്നും ഫഹദ് ഫാസിൽ, മഞ്ജു വാര്യർ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. രജനികാന്ത് പോലീസ് വേഷത്തിലെത്തുന്നതാണ് ചിത്രത്തിൻ്റെ മറ്റൊരു ആകർഷണ ഘടകം. തമിഴ്നാടിനു പുറമേ തിരുവനന്തപുരത്തും ചിത്രീകരണം നടത്തിയ ചിത്രത്തിൻ്റെ സംഗീതം ഒരുക്കുന്നത് അനിരുദ്ധാണ്. രജനികാന്ത് സിനിമകളുടെ ചേരുവകളോടെ ഗൗരവപരമായ വിഷയമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്.

വിജയ് നായകനാകുന്ന ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം അഥവാ ദി ഗോട്ടിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. വെങ്കട് പ്രഭുവിൻ്റെ സംവിധാനത്തിൽ ടൈം ട്രാവല്‍ സിനിമയായിട്ടാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തിൻ്റെ വിഎഫ്എക്‌സ് സീക്വൻസുകള്‍ ചെയ്യുന്നത് ഹോളിവു‍ഡ് ചിത്രം അവതാര്‍ അടക്കം ചെയ്ത ടീമാണ്. മീനാക്ഷി ചൗധരി, ജയറാം, പ്രഭുദേവ, സ്നേഹ, ലൈല, പ്രശാന്ത്, യോഗിബാബു, അജ്മൽ അമീർ, തുടങ്ങിയ വലിയ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ബിഗ് ബജറ്റിലൊരുക്കുന്ന ചിത്രത്തിൽ ഇരട്ട വേഷത്തിലാണ് വിജയ് എത്തുന്നത്.

തമിഴ് സിനിമയിൽ നിന്നും അന്താരാഷ്ട്ര തലത്തിലേക്ക് റിലീസിനൊരുങ്ങുന്ന ചിത്രമാണ് സൂര്യയുടെ കങ്കുവ. രണ്ടു കാലത്തെ കഥ പറഞ്ഞ് രണ്ടു ഭാഗമായി തിയറ്ററിലെത്തുന്ന ചിത്രം ആക്ഷൻ സീക്വൻസുകളാൽ സമ്പന്നമായിരിക്കും. ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബോളിവുഡ് താരം ബോബി ഡിയോളാണ് പ്രതിനായക വേഷം അവതരിപ്പിക്കുന്നത്. ദിഷ പഠാനി നായികയാകുന്നു. സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായ കങ്കുവ 350 കോടി ബജറ്റിലാണ് ഒരുക്കുന്നത്. 150 ൽ ഏറെ ദിവസം ചിത്രീകരണം നടത്തിയ ചിത്രം 38 ഭാഷകളിൽ ത്രീ ഡി ഫോമാറ്റിലാണ് റിലീസ് ചെയ്യുന്നത്.

മേക്കോവർ കൊണ്ടു എക്കാലത്തും വിസ്മയിപ്പിക്കുന്ന വിക്രമിൻ്റെ കരിയറിലെ ഏറെ നിർണായകമായ കഥാപാത്രവുമായി തങ്കലാൻ ജൂണിൽ തിയറ്ററിലെത്തും. പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രം പിരിയോഡിക് ആക്ഷന്‍ ഡ്രാമ വിഭാഗത്തിലാണ് ഒരുക്കുന്നത്. കോലാർ സ്വർണ ഖനി പശ്ചാത്തലമായി വരുന്ന ചിത്രത്തിൽ അര്‍ദ്ധനഗ്നനായ വേഷത്തിലാണ് വിക്രം എത്തുന്നത്. ബ്രിട്ടിഷ്‌ ഭരണത്തിന് കീഴിൽ കർണാടകയിലെ കോലാർ ഗോൾഡ് ഫാക്ടറിയിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മാളവികാ മോഹനൻ, പാർവതി തിരുവോത്ത്, പശുപതി എന്നിവരും പ്രധാനകഥാപാത്രങ്ങളായി എത്തുന്നുണ്ട്.

അജിത്തിൻ്റെ വിടാമുയർച്ചിയാണ് വലിയ റിലീസിനൊരുങ്ങുന്ന മറ്റൊരു ചിത്രം. മഗിഴ്‌തിരുമേനി സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലറിൽ തൃഷയാണ് നായികയാകുന്നത്. ബോളിവുഡ് താരം സഞ്ജയ് ദത്ത്, അർജുൻ സർജ, ആരവ്, റെജീന എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആക്ഷൻ, ചേസിംഗ് സീനുകളാൽ സമ്പന്നമായാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തിൻ്റെ ഷൂട്ടിംഗിനിടയിൽ അജിത്ത് ഓടിച്ചിരുന്ന വാഹനം അപകടത്തിൽപ്പെടുന്ന വീഡിയോ നേരത്തെ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു.

ഈ ചിത്രങ്ങൾക്കു പിന്നാലെ ബോക്സോഫീസിനെ പിടിച്ചു കുലുക്കാൻ ഒരുപിടി ചിത്രങ്ങൾ തമിഴകത്ത് തയാറാകുന്നുണ്ട്. ധനുഷ് തന്നെ രചനയും സംവിധാനവും നിർവഹിച്ച് ടൈറ്റിൽ കഥാപാത്രമാകുന്ന രായൻ, ശിവകാർത്തികേയൻ്റെ കരിയറിലെ വലിയ ചിത്രം അമരാൻ, ജയം രവിയുടെ ബ്രദർ, ധ്രുവ് വിക്രമിൻ്റെ ബൈസൺ, കാർത്തിയുടെ വാ വാത്തിയാരേ, അരുൺ വിജയുടെ വണങ്ങാൻ, വിജയ് സേതുപതിയുടെ വിടുതലൈ -2 എന്നീ ചിത്രങ്ങൾ വരും മാസങ്ങളിൽ തിയറ്ററിലെത്തും. 2024 ൻ്റെ ആദ്യ പകുതിയിലെ കിതപ്പിനെ വമ്പൻ ചിത്രങ്ങളിലൂടെ കുതിപ്പ് ആക്കിമാറ്റാനൊരുങ്ങുകയാണ് കോളിവുഡ് ലോകം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com