ഓണം കളറാക്കാന്‍ മലയാള സിനിമ; മോഹന്‍ലാല്‍ മുതല്‍ കല്യാണി വരെ പ്രേക്ഷകരിലേക്ക്

ഓഗസ്റ്റ് 28 മുതല്‍ പ്രേക്ഷകര്‍ക്ക് മലയാള സിനിമയ്‌ക്കൊപ്പം ഓണം ആഘോഷിച്ച് തുടങ്ങാം.
mohanlal and kalyani priyadarshan
മോഹന്‍ലാല്‍, കല്യാണി പ്രിയദർശന്‍Source : YouTube Screen Grab
Published on

2025 ഓണം മലയാള സിനിമാ മേഖലയെ സംബന്ധിച്ച് വലിയ ആഘോഷം തന്നെയാണ്. അതിന് കാരണം തിയേറ്ററിലും ഒടിടിയിലും ഒരുപോലെ നിറയാന്‍ പോകുന്ന സിനിമകളും സീരീസുകളുമാണ്. പ്രേക്ഷകര്‍ക്ക് ഓണം ആഘോഷമാക്കാനായി തിയേറ്ററിലും ഒടിടിയിലും കണ്ടന്റുകള്‍ എത്തുകയാണ്. ഓഗസ്റ്റ് 28 മുതല്‍ പ്രേക്ഷകര്‍ക്ക് മലയാള സിനിമയ്‌ക്കൊപ്പം ഓണം ആഘോഷിച്ച് തുടങ്ങാം. മോഹന്‍ലാല്‍, ഫഹദ്, കല്യാണി പ്രിയദര്‍ശന്‍, നസ്ലെന്‍ തുടങ്ങി മലയാളത്തിന്റെ പ്രിയ താരങ്ങളാണ് ഈ ഓണത്തിന് പ്രേക്ഷകരിലേക്ക് എത്തുന്നത്. പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഓണം റിലീസുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

ഹൃദയപൂര്‍വം

മോഹന്‍ലാല്‍ നായകനായി എത്തുന്ന ഹൃദയപൂര്‍വം പ്രേക്ഷകര്‍ക്ക് നിരവധി കാരണങ്ങളാല്‍ പ്രിയപ്പെട്ടതാണ്. മോഹന്‍ലാല്‍ എന്ന പ്രിയ താരത്തിന്റെ സിനിമ എന്നതിന് അപ്പുറം മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം എത്തുന്ന ചിത്രം കൂടിയാണ് ഹൃദയപൂര്‍വം. ഓഗസ്റ്റ് 28നാണ് ചിത്രം തിയേറ്ററിലെത്തുന്നത്.

പൂനയുടെ പശ്ചാത്തലത്തില്‍ സന്ദീപ് ബാലകൃഷ്ണന്‍ എന്ന വ്യക്തിയെ കേന്ദ്രീകരിച്ചുകൊണ്ടാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. മാളവിക മോഹനനാണ് ചിത്രത്തിലെ നായിക. സംഗീത, സംഗീത് പ്രതാപ്, ലാലു അലക്സ്, സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ് എന്നിവരും ചിത്രത്തിലുണ്ട്. അഖില്‍ സത്യന്റെ കഥക്ക് ടി.പി. സോനുവാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമെത്തുന്ന സത്യന്‍ അന്തിക്കാട് - മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ ചിത്രമാണിത്. 2015ല്‍ പുറത്തിറങ്ങിയ 'എന്നും എപ്പോഴും' എന്ന ചിത്രമാണ് മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ ഒടുവിലായി പുറത്തിറങ്ങിയത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ഹൃദയപൂര്‍വം നിര്‍മിച്ചിരിക്കുന്നത്.

ലോക ചാപ്റ്റര്‍ 1 : ചന്ദ്ര

ഈ ഓണത്തിന് ഒരു സൂപ്പര്‍ഹീറോ കൂടി പ്രേക്ഷകരിലേക്ക് എത്തുന്നുണ്ട്. മലയാളത്തിലെ ആദ്യ സ്ത്രീ സൂപ്പര്‍ ഹീറോ സിനിമയായ ലോക ചാപ്റ്റര്‍ 1 : ചന്ദ്ര. ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിച്ച ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശനാണ് നായിക. നസ്ലെന്‍, ചന്ദു സലീം കുമാര്‍ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാണ്. ഓഗസ്റ്റ് 28ന് ചിത്രം തിയേറ്ററിലെത്തും.

വമ്പന്‍ ബജറ്റില്‍ ഒരുക്കിയിരിക്കുന്ന ലോക രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുണ്‍ ആണ്. ലോക എന്ന് പേരുള്ള ഒരു സൂപ്പര്‍ ഹീറോ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ചിത്രമാണ് ചന്ദ്ര. ആക്ഷന്‍, ത്രില്‍, വൈകാരിക നിമിഷങ്ങള്‍, ഫണ്‍ എന്നിവ കോര്‍ത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ടീസറും ട്രെയ്‌ലറും നല്‍കുന്ന സൂചന.

ചിത്രം ഒന്നുകൂടി ആവേശഭരിതമാക്കാന്‍ കാമിയോ റോളുകളും ചിത്രത്തിലുണ്ടെന്നാണ് സൂചന. ദുല്‍ഖര്‍ സല്‍മാന്‍, ടൊവിനോ തോമസ്, സണ്ണി വെയിന്‍ എന്നിവര്‍ ലോകയില്‍ കാമിയോ റോളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിമിഷ് രവി ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ശാന്തി ബാലചന്ദ്രനാണ്.

ഓടും കുതിര ചാടും കുതിര

ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിന് ശേഷം അല്‍ത്താഫ് സലീം സംവിധാനം ചെയ്ത സിനിമയാണ് ഓടും കുതിര ചാടും കുതിര. ഫഹദ് ഫാസില്‍ നായകനായ ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശനാണ് നായിക. ഒരു ഫണ്‍ ഫാമിലി ചിത്രമായ ഓടും കുതിര ചാടും കുതിര ഓഗസ്റ്റ് 29നാണ് തിയേറ്ററിലെത്തുന്നത്.

ലാല്‍, സുരേഷ് കൃഷ്ണ, വിനയ് ഫോര്‍ട്ട് തുടങ്ങിയവരാണ് മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളത്തിന് നിരവധി ഹിറ്റുകള്‍ സമ്മാനിച്ച ആഷിക് ഉസ്മാനാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ജസ്റ്റിന്‍ വര്‍ഗീസ് സംഗീതം ഒരുക്കുന്ന ചിത്രത്തിന് ജിന്റോ ജോര്‍ജ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു.

സംഭവ വിവരണം നാലര സംഘം

ഓണത്തിന് ഒരു ഡാര്‍ക്ക് കോമഡി ജോണറിലുള്ള സീരീസും പ്രേക്ഷകരിലേക്ക് എത്തുകയാണ്. കൃഷാന്ദ് സംവിധാനം ചെയ്ത സംഭവ വിവരണം നാലര സംഘം ഓഗസ്റ്റ് 29ന് റിലീസ് ചെയ്യും. പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ സോണി ലിവ്വിലാണ് സീരീസ് സ്ട്രീം ചെയ്യുക.

ജഗദീഷ്, ഇന്ദ്രന്‍സ്, വിജയരാഘവന്‍, ഹക്കീം ഷാ, ദര്‍ശന രാജേന്ദ്രന്‍ എന്നിവരാണ് സീരീസിലെ പ്രധാന കഥാപാത്രങ്ങള്‍. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലും സീരീസ് ലഭ്യമാകും. തിരുവനന്തപുരം പശ്ചാത്തലമാക്കിയുള്ള സീരീസ് പറയുന്നത് ചേരിയില്‍ ജീവിക്കുന്ന നാല് യുവാക്കളുടെ കഥയാണ്. യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന സീരീസിന്റെ തിരക്കഥയും കൃഷാന്ദിന്റേതാണ്.

കമ്മട്ടം

സുദേവ് നായര്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന ക്രൈം ത്രില്ലര്‍ സീരീസാണ് കമ്മട്ടം. സെപ്റ്റംബര്‍ അഞ്ചിന് സീരീസ് സീ5ല്‍ സ്ട്രീമിംഗ് ആരംഭിക്കും. ഷാന്‍ തുളസീധരനാണ് കമ്മട്ടത്തിന്റെ സംവിധായകന്‍. 23 ഫീറ്റ് പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് സീരീസ് പ്രേക്ഷകരിലേക്ക് എത്തുന്നത്. തൃശൂരിലുണ്ടായ ഒരു വിവാദ സംഭവത്തെ ആധാരമാക്കിയാണ് 'കമ്മട്ടം' ഒരുക്കിയിരിക്കുന്നത്.

ആറ് എപ്പിസോഡുകളുള്ള ഒരു നാടിനെ നടുക്കിയ ഒരു കൊലപാതക പരമ്പരയുടെ കഥ പറയുന്ന വെബ് സീരീസില്‍ നിരവധി കഥാപാത്രങ്ങള്‍ അണിനിരക്കുന്നു. സുദേവ് നായര്‍, ജിന്‍സ്, ജിയോ ബേബി, അജയ് വാസുദേവ്, അഖില്‍ കാവളയൂര്‍, അരുണ്‍ സോള്‍, ശ്രീരേഖ, ജോര്‍ഡി പൂഞ്ച എന്നിവരാണ് സീരീസിലെ അഭിനേതാക്കള്‍.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com