
പ്രതിനായക കഥാപാത്രങ്ങൾക്ക് പുത്തൻ രൂപഭാവങ്ങൾ നൽകിയ നടനാണ് മോഹൻ രാജ്. മോഹൻ രാജ് എന്ന് പറഞ്ഞാൽ അധികം ആർക്കും മനസിലാകില്ല അദ്ദേഹത്തെ മനസ്സിലാകണമെങ്കിൽ കീരിക്കാടൻ ജോസ് എന്ന് തന്നെ പറയണം. 1988 ൽ മൂന്നാം മുറ എന്ന ചിത്രത്തിലൂടെയാണ് മോഹൻ രാജ് സിനിമയിലെത്തിയത് . പിന്നീട് കിരീടം എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടി. കിരീടത്തിനു ശേഷവും നിരവധി കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും അദ്ദേഹം മലയാളി പ്രേക്ഷകരുടെ മനസ്സിൽ എന്നും കീരിക്കാടൻ ജോസ് തന്നെയായിരുന്നു.
ALSO READ: നടൻ മോഹൻ രാജ് (കീരിക്കാടൻ ജോസ്) അന്തരിച്ചു
എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥനായി ജോലി ചെയ്യുമ്പോഴായായിരുന്നു അദ്ദേഹത്തെ തേടി കിരീടത്തിലെ വില്ലൻ വേഷം എത്തുന്നത്. കീരിക്കാടൻ ജോസ് ആയി ആദ്യം നിശ്ചയിച്ചിരുന്നത് ഒരു കന്നഡ നടനെയായിരുന്നു . എന്നാൽ പറഞ്ഞുറപ്പിച്ച തീയതിയിൽ അദ്ദേഹത്തിന് വരാൻ സാധിച്ചില്ല. അങ്ങനെയാണ് സംവിധായകൻ കലാധരന്റെ ഒപ്പം നിന്ന മോഹൻ രാജിനെ സിബി മലയിൽ ശ്രദ്ധിക്കുന്നത്. അങ്ങനെയാണ് മോഹൻ രാജ് കിരീടത്തിലെ കീരിക്കാടൻ ജോസ് ആയി വേഷമിടുന്നത്.
സിനിമയും കഥാപാത്രവും വാൻ ഹിറ്റായി മാറിയെങ്കിലും ചില നഷ്ടങ്ങളും കീരിക്കാടൻ ജോസിനെ തേടിയെത്തി. തന്റെ ജോലിയിൽ നിന്നും അദ്ദേഹം സസ്പെൻഷനിലായി. കേന്ദ്ര സർവീസിൽ ജോലി ചെയ്യുമ്പോൾ സിനിമയിൽ അഭിനയിക്കണമെങ്കിൽ സർക്കാരിൽ നിന്നും അനുവാദം വാങ്ങണമായിരുന്നു എന്നാൽ അദ്ദേഹം അത് ചെയ്തിരുന്നില്ല. പിന്നീട് 20 വര്ഷം നിയമ യുദ്ധം നടത്തേണ്ടി വന്നു അദ്ദേഹത്തിന് തിരികെ ജോലിയിൽ പ്രവേശിക്കാൻ. 2010 തിരികെ ജോലിയിൽ പ്രവേശിച്ചെങ്കിലും നഷ്ടപെട്ട സർവീസ് ആയിരുന്നില്ല തിരികെ ലഭിച്ചത്. കൂടെയുള്ള ഉദ്യോഗസ്ഥരുടെ പെരുമാറ്റം കാരണം ജോലി മടുത്ത് സ്വയം രാജി വെച്ചു. തിരികെ സിനിമയിൽ സജീവമാകണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. എന്നാൽ, അപ്പോഴേക്കും മലയാള സിനിമ മാറിയിരുന്നു.
ചെറിയ വില്ലൻ വേഷങ്ങളിലൂടെയാണ് അദ്ദേഹം സിനിമയിൽ എത്തുന്നത്. മലയാളം കൂടാതെ തമിഴ്, തെലുങ്ക് സിനിമകളിലും പ്രതിനായക വേഷം ചെയ്തു. കിരീടം, ചെങ്കോൽ, വ്യൂഹം, അതിരഥൻ, ഒളിയമ്പുകൾ, കനൽക്കാറ്റ്, ഉപ്പുകണ്ടം ബ്രദേഴ്സ്, കാസർഗോഡ് കാദർഭായ്, രജപുത്രൻ, ഹിറ്റ്ലർ, ആറാം തമ്പുരാൻ, ഗുരു, നരസിംഹം, ഷാർജ ടു ഷാർജ, ബെൻ ജോൺസൺ, മായാവി, ഹൈവേ പൊലീസ് തുടങ്ങി ഒട്ടേറെ സിനിമകളിൽ അഭിനയിച്ചു. മമ്മൂട്ടി നായകനായ റൊഷാക് ആണ് അവസാന ചിത്രം. 300 ഓളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.