
മൂന്ന് സംസ്ഥാന പുരസ്കാരങ്ങളുടെ നിറവിൽ ചിത്രം 'പല്ലൊട്ടി 90's കിഡ്സ്' റിലീസിനെത്തുന്നു. വരുന്ന ഒക്ടോബർ 25ന് സിനിമ തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ ഓഡിയോ, ട്രെയിലർ ലോഞ്ച് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ നേതൃത്വത്തിൽ കൊച്ചിയിൽ നിർവഹിച്ചു.
മികച്ച കുട്ടികളുടെ സിനിമ, മികച്ച ആൺ ബാലതാരം, മികച്ച പിന്നണി ഗായകൻ എന്നീ മൂന്ന് സംസ്ഥാന ചലച്ചിത്ര അവാർഡുകളാണ്, ഇതിനോടകം പല്ലൊട്ടി സ്വന്തമാക്കിയിരിക്കുന്നത്. നവാഗത സംവിധായകൻ ജിതിൻ രാജ് ആണ് ചിത്രത്തിന്റെ ശില്പി. സംവിധായകനും നടനുമായ സാജിദ് യഹിയയുടെ സിനിമ പ്രാന്തൻ പ്രൊഡക്ഷൻസാണ് നിർമാണം. സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന ചിത്രമെന്ന പ്രത്യേകതയും പല്ലൊട്ടിക്കുണ്ട്.
കൊച്ചി ലുലു മാളിൽ വെച്ച് സംഘടിപ്പിച്ച സിനിമയുടെ ഓഡിയോ, ട്രെയിലർ ലോഞ്ചിൽ അഭിനേതാക്കളും അണിയറ പ്രവർത്തകരും പങ്കെടുത്തു. ബാലതാരങ്ങളായ ഡാവിഞ്ചി സന്തോഷ്, നീരജ് കൃഷ്ണ എന്നിവരോടൊപ്പം അർജുൻ അശോകനും ബാലു വർഗീസും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.