
തമിഴ് നടന്‍ കതിര്‍ നായകനായി എത്തുന്ന മലയാള ചിത്രം മീശ ഓഗസ്റ്റ് ഒന്നിനാണ് തിയേറ്ററിലെത്തുന്നത്. കതിര്‍ കേന്ദ്ര കഥാപാത്രമായി എത്തിയ തമിഴ് ചിത്രം പരിയേറും പെരുമാളിന്റെ ഹിന്ദി റീമേക്കായ ധടക് 2വും അതേ ദിവസം തിയേറ്ററിലെത്തുകയാണ്. നിരൂപക പ്രശംസ ലഭിച്ച പരിയേറും പെരുമാള്‍ പോലൊരു ചിത്രം റീമേക്ക് ചെയ്യുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് കതിര്‍ ഒടിടി പ്ലേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിച്ചു.
"എല്ലാ സിനിമകള്‍ക്കും റീമേക്കുകള്‍ക്കും അതിന്റേതായ ഒരു യാത്രയുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. ധടക് 2നെ കുറിച്ച് നിരവധി ട്രോളുകള്‍ ഞാന്‍ സമൂഹമാധ്യമത്തില്‍ കണ്ടു. അവരുടെ ജീവിതം വ്യത്യസ്തമാണ്. അതുപോലെ തന്നെ അടിച്ചമര്‍ത്തലിനെ കുറിച്ച് അവര്‍ക്ക് തികച്ചു വ്യത്യസ്തമായ ആശയങ്ങള്‍ ഉണ്ടായേക്കാം. അവര്‍ക്ക് ആ യാഥാര്‍ത്ഥ്യവുമായി സാമ്യമുള്ള എന്തെങ്കിലും ചെയ്യാന്‍ സാധിക്കുകയാണെങ്കില്‍ അത് അതിശയമായിരിക്കുമെന്ന് ഞാന്‍ കരുതുന്നു", കതിര്‍ പറഞ്ഞു.
ഒരു നടന്‍ തന്റെ വേഷം എങ്ങനെ വ്യാഖ്യാനിച്ച് അവതരിപ്പിക്കുന്നു എന്നതാണ് പ്രധാനം. അല്ലാതെ ഒറിജിനല്‍ കഥാപാത്രത്തെ അനുകരിക്കാന്‍ ശ്രമിക്കുകയല്ല വേണ്ടതെന്നും കതിര്‍ വ്യക്തമാക്കി.
2018ല്‍ പുറത്തിറങ്ങിയ മാരി സെല്‍വരാജ് ചിത്രം 'പരിയേറും പെരുമാളിന്റെ' ഹിന്ദി റീമേക്കാണ് 'ധടക് 2'. സിദ്ധാന്ത് ചദുര്‍വേദിയും തൃപ്തി ദിമ്രിയുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. ഷായിസ ഇഖ്ബാലാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കരണ്‍ ജോഹറിന്റെ ധര്‍മ പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
ധടക് 2' 2024 മെയിലാണ് പ്രഖ്യാപിച്ചത്. 2024 നവംബറില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ച ചിത്രം പിന്നീട് 2025 മാര്‍ച്ചിലേക്ക് മാറ്റി. എന്നാല്‍ സിനിമയിലെ ജാതി വിവേചനത്തെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ സെന്‍സര്‍ ബോര്‍ഡ് പ്രശ്നമാക്കിയതിനെ തുടര്‍ന്ന് റിലീസ് വൈകുകയായിരുന്നു. നിലവില്‍ ചിത്രം ഓഗസ്റ്റ് ഒന്നിന് റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.