

കൊച്ചി: 'പീക്കി ബ്ലൈൻഡേഴ്സ്' ലോകമെങ്ങും നിരവധി ആരാധകരെ സമ്പാദിച്ചൊരു ബ്രിട്ടീഷ് ടെലിവിഷൻ ക്രൈം സീരീസാണ്. ഇതിലൂടെ ലോകശ്രദ്ധ നേടിയ ബ്രിട്ടീഷുകാരനായ നടൻ കോസ്മോ ജാര്‍വിസ് അടുത്തിടെ മോഹൻലാലിനെ കുറിച്ച് നടത്തിയൊരു പരാമർശമാണ് മലയാളികളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്.
തൻ്റെ ഇഷ്ടനടന്മാരിൽ ഒരാളാണ് മലയാളത്തിൻ്റെ നടനവിസ്മയമായ മോഹൻലാല്‍ എന്നാണ് ജാര്‍വിസ് ഒരു അഭിമുഖത്തിൽ തുറന്നുസമ്മതിച്ചിരിക്കുന്നത്. ലോകമെമ്പാടുമുള്ള സിനിമാ പ്രേമികളെ ആകർഷിച്ച 'ഷോഗൺ' എന്ന ബ്രഹ്മാണ്ഡ സീരീസിലെ നായകനാണ് കോസ്മോ ജാര്‍വിസ്. നിരവധി എമ്മി അവാര്‍ഡുകള്‍ ലഭിച്ച സീരീസാണിത്.
'പീക്കി ബ്ലൈൻഡേഴ്സ്' എന്ന ഹിറ്റ് സീരീസിലെ ബാര്‍ണി തോംസണ്‍ എന്ന കഥാപാത്രത്തെയും അദ്ദേഹം അനശ്വരമാക്കിയിരുന്നു. ഒരു യുദ്ധത്തിൽ മാനസികാസ്വാസ്ഥ്യം ബാധിച്ച ആ കഥാപാത്രത്തെ അതിസൂക്ഷ്മമായി അദ്ദേഹം അവതരിപ്പിച്ചു. അഞ്ചാം സീസണിൽ ടോമി ഷെൽബിയെ (കിലിയൻ മർഫി) ഞെട്ടിക്കുന്നൊരു റോളായിരുന്നു ബാർണി എന്ന കഥാപാത്രത്തിന് ലഭിച്ചത്.
'കോസ്മോ ജാർവിസ്' മോഹൻലാലിൻ്റെ കടുത്ത ആരാധകനാണെന്ന വിഷയം ഇപ്പോൾ സോഷ്യൽ മീഡിയയിലും പ്രധാന ചർച്ചാവിഷയമാണ്. താങ്കളുടെ ഇഷ്ടപ്പെട്ട അഭിനേതാക്കൾ ആരെല്ലാമാണെന്ന ചോദ്യത്തിന് മറുപടിയായി, ഹോളിവുഡ് ഇതിഹാസങ്ങളായ ചാർളി ചാപ്ലിൻ, ബ്രൂണോ ഗാൻസ്, പീറ്റർ സെല്ലേഴ്സ് എന്നിവരുടെ പേരുകൾക്കൊപ്പം ഇന്ത്യയുടെ അഭിമാനമായ മോഹൻലാലിൻ്റേയും പേരും എടുത്തുപറഞ്ഞിട്ടുണ്ട്.
ലോകത്തെ മികച്ച അഭിനേതാക്കളുടെ പട്ടികയിൽ മോഹൻലാൽ ഇടം നേടിയെന്നത്, താരത്തിൻ്റെ അനായാസമുള്ള അഭിനയ പാടവത്തിനും, കഥാപാത്രങ്ങളെ അവിസ്മരണീയമാക്കുന്ന നടന മികവിനും കിട്ടിയ അംഗീകാരം കൂടിയാണ്. ലോകത്തിൻ്റെ വിവിധ കോണുകളിലുള്ള കലാകാരന്മാരെ മോഹൻലാൽ എത്രമാത്രം സ്വാധീനിക്കുന്നു എന്നതിനുള്ള തെളിവാണ് ഈ വെളിപ്പെടുത്തൽ.