അക്ഷയ് കുമാറും സെയ്ഫ് അലി ഖാനും പ്രധാന വേഷങ്ങളിലെത്തുന്ന പ്രിയദര്‍ശന്റെ ഹിന്ദി ചിത്രം ഹൈവാന്റെ ചിത്രീകരണം ശനിയാഴ്ച്ച കൊച്ചിയില്‍ ആരംഭിച്ചു. 2016ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം ഒപ്പത്തിന്റെ റീമേക്കാണിത്. ഹൈവാനില്‍ മോഹന്‍ലാലും കാമിയോ റോളിലെത്തുമെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍ ഓണ്‍ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.
ഹൈവാന്‍ ഒപ്പത്തിന്റെ റീമേക്കാണെന്നും എന്നാല്‍ തിരക്കഥയിലും സംഭാഷണങ്ങളിലും നിരവധി മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നും പ്രിയദര്‍ശന്‍ വ്യക്തമാക്കി. അതോടൊപ്പം മോഹന്‍ലാലിന്റെ കാമിയോ വേഷം തീര്‍ച്ചയായും പ്രേക്ഷകര്‍ക്ക് അത്ഭുതമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അക്ഷയ് കുമാറിനൊപ്പം വീണ്ടും പ്രവര്‍ത്തിക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍, "അത് കംഫര്‍ട്ടിന്റെ പുറത്താണ് ചെയ്യുന്നത്. അദ്ദേഹം ബോളിവുഡിന്റെ മോഹന്‍ലാലാണ്", എന്നാണ് പ്രിയദര്‍ശന്‍ പറഞ്ഞത്.
അതേസമയം കൊച്ചി പനമ്പള്ളി നഗറിലാണ് ഹൈവാന്റെ ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്. കെവിഎന്‍ പ്രൊഡക്ഷന്‍സ്, തേസ്പിയന്‍ ഫിലിംസ് എന്നീ ബാനറുകള്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സാബു സിറിലാണ് ഹയ്‌വാന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍, ദിവാകര്‍ മണിയാണ് ഛായാഗ്രാഹകന്‍, എം.എസ് അയ്യപ്പന്‍ നായരാണ് എഡിറ്റര്‍, അരോമ മോഹനാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍.
സെയ്ഫ് അലി ഖാനും അക്ഷയ് കുമാറും 17 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും സ്‌ക്രീനില്‍ ഒന്നിക്കുന്നത്. ഇരുവരും വിജയ് കൃഷ്ണ ആചാരി സംവിധാനം ചെയ്ത 'തഷാനി'ലാണ് അവസാനമായി ഒന്നിച്ച് അഭിനയിച്ചത്.