തൈക്കുടം ബ്രിഡ്ജ് എന്ന പ്രമുഖ സംഗീത ബാൻഡിലൂടെ ആരാധകർക്ക് സുപരിചിതനായ ഗായകനാണ് സിദ്ധാർഥ് മേനോൻ. സിനിമകളിലൂടെയും ശ്രദ്ധ നേടിയിട്ടുണ്ട് താരം. കുറച്ചുകാലമായി സ്റ്റേജ് ഷോകളിൽ നിന്നും മറ്റും താരം വിട്ടുനിന്നിരുന്നു. ഇപ്പോഴിതാ ആ വിട്ടുനിൽക്കലിന് പിന്നിലുള്ള കാരണം വ്യക്തമാക്കിയിരിക്കുകയാണ് സിദ്ധാർഥ്. ആരോഗ്യ പ്രശ്നങ്ങളാൽ ചികിത്സയിലായിരുന്നു എന്നാണ് താരം പറയുന്നത്. ശസ്ത്രക്രിയക്ക് ശേഷം ആശുപത്രിയില്‍ നിന്നുള്ള ചിത്രങ്ങളും സിദ്ധാർഥ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. ഒരു ശസ്ത്രക്രിയയ്ക്ക് താന്‍ വിധേയനായെന്നും കഠിനമായ ഈ ഘട്ടം താണ്ടി എത്രയും പെട്ടെന്ന് താന്‍ തിരികെ വരുമെന്നും കുറിച്ചു കൊണ്ടാണ് സിദ്ധാര്‍ഥ് ചിത്രങ്ങൾ സോഷ്യല്‍ മീഡിയ പോസ്റ്റ് ചെയ്തിരിക്കുന്നത്.
”എന്താണ് സംഭവിച്ചതെന്ന് ചോദിച്ച എല്ലാവർക്കും... എനിക്ക് ഒരു ഡിസ്റ്റൽ ബൈസെപ് ടെൻഡോൺ റപ്ചര്‍ സംഭവിച്ചു. അതുകൊണ്ടാണ് ഞാന്‍ കരിയറില്‍ നിന്നും വേദിയിൽ നിന്നും വിട്ടുനിന്നത്. നിങ്ങളുടെ എല്ലാവരുടെയും സ്‌നേഹവും പ്രാര്‍ത്ഥനകളും കൊണ്ട്, എന്റെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി. എനിക്ക് ലഭിച്ച എല്ലാ സന്ദേശങ്ങള്‍ക്കും, കോളുകള്‍ക്കും, എല്ലാവരുടെയും അനുഗ്രഹങ്ങള്‍ക്കും ഞാന്‍ അങ്ങേയറ്റം നന്ദിയുള്ളവനാണ്”.
”ഈ ഘട്ടം കഠിനമാണ്, ഞാൻ കൂടുതൽ ശക്തനാണ്, നിങ്ങളുടെ എല്ലാ പിന്തുണയും ഉണ്ടെങ്കിൽ, ഞാൻ വളരെ വേഗം തിരിച്ചുവരുമെന്ന് എനിക്കറിയാം.. കൂടുതല്‍ ശക്തനായും ആരോഗ്യവാനായും, കൂടുതല്‍ സ്‌നേഹത്തോടെയും. എന്നെ നിങ്ങളുടെ പ്രാര്‍ത്ഥനകളില്‍ ഓര്‍ക്കണം. നിങ്ങളെ എല്ലാവരെയും ഞാൻ സ്‌നേഹിക്കുന്നു”. എന്നാണ് ശസ്ത്രക്രിയക്ക് ശേഷമുള്ള ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ട് സിദ്ധാര്‍ഥ് കുറിച്ചത്.
നോര്‍ത്ത് 24 കാതം ചിത്രത്തിലെ ‘താരങ്ങള്‍’ എന്ന ഗാനം പാടിയാണ് സിദ്ധാര്‍ഥ് സിനിമാ പിന്നണി ഗായകന്‍ ആവുന്നത്. ഗായകനെന്നതിലുപരി മികച്ച നടനെന്ന നിലയിലും സിദ്ധാർഥ് തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. വി.കെ. പ്രകാശ് സംവിധാനം ചെയ്ത റോക്ക് സ്റ്റാർ എന്ന ചിത്രത്തിലൂടെയാണ് സിദ്ധാർഥ് അഭിനയത്തിലേക്ക് എത്തുന്നത്. പിന്നീട് ചെറുതും വലുതുമായ കഥാപാത്രങ്ങളായി പത്തോളം സിനിമകളിലും താരം വേഷമിട്ടു. തൃശ്ശൂർ സ്വദേശിയായ സിദ്ധാർഥ് ജനിച്ചതും വളർന്നതുമെല്ലാം മുംബൈയിലാണ്. മറാത്തി നടി തന്‍വി പലവ് ആണ് നടന്റെ ഭാര്യ.