
തമിഴ് സിനിമ മേഖലയിലെ തിരക്കേറിയ താരങ്ങളില്‍ ഒരാളാണ് പൂജ ഹെഗ്‌ഡെ. പൂജയുടെതായി റിലീസ് ചെയ്യാനിരിക്കുന്നത് വലിയ രണ്ട് സിനിമകളാണ്. വിജയിയുടെ ജനനായകനും സൂര്യയുടെ റെട്രോയും. എന്നാല്‍ ഇപ്പോള്‍ മറ്റൊരു സൂപ്പര്‍ താരത്തിനൊപ്പവും സ്‌ക്രീന്‍ പങ്കിടാന്‍ ഒരുങ്ങുകയാണ് പൂജ എന്ന തരത്തിലുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് രജനികാന്ത് നായകനാകുന്ന കൂലിയില്‍ ഒരു ഡാന്‍സ് നമ്പര്‍ പൂജ ചെയ്യാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഒന്നും തന്നെ വന്നിട്ടില്ല. എന്നാല്‍ റിപ്പോര്‍ട്ടുകള്‍ സത്യമാണെങ്കില്‍ വിജയിയുടെ ജനനായകന് മുന്നെ പൂജ ഹെഗ്‌ഡെയെ രജനിക്കൊപ്പം സ്‌ക്രീനില്‍ കാണാനാകും.
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കൂലി ഒരു ആക്ഷന്‍ ത്രില്ലറാണ്. ചിത്രത്തില്‍ നാഗാര്‍ജുന, ഉപേന്ദ്ര, സൗബിന്‍ ഷാഹിര്‍, സത്യരാജ്, ശ്രുതി ഹാസന്‍ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാണ്. കഥാപാത്രങ്ങളുടെയെല്ലാം ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ജൂലൈ 2024ലാണ് ചിത്രത്തിന്റെ പ്രാഥമിക പരിപാടികള്‍ ആരംഭിച്ചത്. 2025ല്‍ ചിത്രം റിലീസ് ചെയ്യും. അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീത സംവിധാനം. സണ്‍ പിക്‌ചേഴ്‌സ് നിര്‍മാണവും.
അതേസമയം പൂജ ഹെഗ്‌ഡെ ബീസ്റ്റിന് ശേഷമാണ് വിജയ്‌ക്കൊപ്പം ജനനായകനില്‍ അഭിനയിക്കുന്നത്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബോബി ഡിയോള്‍, പ്രിയാമണി, മമിത ബൈജു, പ്രകാശ് രാജ്, ഗൗതം മേനോന്‍ തുടങ്ങിയവരും കേന്ദ്ര കഥാപാത്രങ്ങളാണ്. കൂലിക്ക് ശേഷമായിരിക്കും ജനനായകന്‍ തിയേറ്ററിലെത്തുക. 2025 പകുതിയോടെയോ 2026ന്റെ തുടക്കത്തിലോ ആയിരിക്കും ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നതെന്നാണ് സൂചന.
അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. കെവിഎന്‍ പ്രൊഡക്ഷന്‍സാണ് നിര്‍മാണം. അടുത്തിടെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ജനങ്ങളുടെ നായകനായാണ് വിജയ് പോസ്റ്ററില്‍ ഉള്ളത്. ചിത്രം പേര് പോലെ തന്നെ രാഷ്ട്രീയ പശ്ചാത്തലത്തിലുള്ള കഥയാണ് പറയുന്നത്. വിജയ് യുടെ 69-ാമത്തെ ചിത്രമാണിത്.