പ്രഭാസിന്‍റെ പുതിയ നായിക; ഇമാന്‍വിയെ തിരഞ്ഞ് സോഷ്യല്‍ മീഡിയ

സീതാരാമം സിനിമയിലൂടെ ശ്രദ്ധേയനായ ഹനു രാഘവപുടി സംവിധാനം ചെയ്യുന്ന ചിത്രത്തിന് 'ഫൗജി'എന്നാണ് പേര് നല്‍കിയിരക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍
പ്രഭാസിന്‍റെ പുതിയ നായിക; ഇമാന്‍വിയെ തിരഞ്ഞ് സോഷ്യല്‍ മീഡിയ
Published on


കല്‍ക്കിയുടെ വന്‍ വിജയത്തിന് പിന്നാലെ പ്രഭാസ് നായകനാകുന്ന പുതിയ ചിത്രത്തിന്‍റെ പൂജ കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ നടന്നു. സീതാരാമം സിനിമയിലൂടെ ശ്രദ്ധേയനായ ഹനു രാഘവപുടി സംവിധാനം ചെയ്യുന്ന ചിത്രത്തിന് 'ഫൗജി'എന്നാണ് പേര് നല്‍കിയിരക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ മാസം 24ന് ഹൈദരാബാദില്‍ ചിത്രീകരണം ആരംഭിക്കുന്ന സിനിമ 1940 കാലഘട്ടത്തില്‍ നടക്കുന്ന ഒരു ഹിസ്റ്റോറിക്കല്‍ ഡ്രാമയായാണ് ഒരുക്കുന്നത്.

വലിയ മുതല്‍മുടക്കില്‍ മൈത്രി മൂവീമേക്കേഴ്സ് ആണ് സിനിമ നിര്‍മിക്കുന്നത്. പൂജ ചടങ്ങുകളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടതോടെ പ്രഭാസിനൊപ്പമുള്ള സിനിമയിലെ നായിക ആരാണെന്നാണ് ആരാധകര്‍ തിരഞ്ഞത്. ഇമാന്‍ ഇസ്മയില്‍ എന്ന പുതുമുഖം ഇമാന്‍വിയാണ് ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിനിമയിലെത്തും മുന്‍പ് തന്നെ നിരവധി ഫോളോവേഴ്സുള്ള സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറാണ് ഇമാന്‍വി. 600,000-ലധികം ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സും 450,000-ലധികം യൂട്യൂബ് സബ്‌സ്‌ക്രൈബേർസും ഇമാന്‍വിയെ പിന്തുടരുന്നുണ്ട്. ഡല്‍ഹി സ്വദേശിയായ ഇമാന്‍വി അഭിനയത്തിന് പുറമെ നര്‍ത്തകി, കൊറിയോഗ്രാഫര്‍ എന്നീ നിലകളിലും തിളങ്ങിയിട്ടുണ്ട്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം ബ്രിട്ടീഷ് ഇന്ത്യന്‍ ആര്‍മിയിലെ സൈനികന്‍റെ വേഷത്തിലാകും പ്രഭാസ് എത്തുക. മിഥുന്‍ ചക്രവര്‍ത്തി, ജയപ്രദ എന്നിവരും സിനിമയുടെ ഭാഗമാണ്. വിശാൽ ചന്ദ്രശേഖറാണ് ചിത്രത്തിന് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത്. ചിത്രത്തിനായി വിശാൽ ഇതിനകം മൂന്ന് ഗാനങ്ങൾ ഒരുക്കിയിട്ടുണ്ട്. അടുത്ത വര്‍ഷം അവസാനത്തോടെ സിനിമ പുറത്തിറങ്ങും. 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com