'ദൃശ്യം' മോഡൽ പിന്തുടരാത്ത ത്രില്ലർ; കാണിയെ കസേരത്തുഞ്ചത്ത് എത്തിക്കുന്ന 'കുറ്റക്കാർ'! PRADHAMA DRISHTYA KUTTAKKAR REVIEW

രണ്ടു മണിക്കൂർ 41 മിനിറ്റുള്ള ഈ ത്രില്ലർ-പ്രൊസീജ്യറൽ ഡ്രാമ ഒരു ഘട്ടത്തിലും എടുത്തുചാടുന്നില്ല
'പ്രഥമദൃഷ്ട്യാ കുറ്റക്കാർ' റിവ്യൂ
'പ്രഥമദൃഷ്ട്യാ കുറ്റക്കാർ' റിവ്യൂ
Published on
Updated on

1989ൽ എം.ടി. വാസുദേവൻ നായർ എഴുതി, പവിത്രൻ സംവിധാനം ചെയ്ത 'ഉത്തരം' മലയാളത്തിലെ ത്രില്ലറുകളിൽ മുൻപന്തിയിൽ നിൽക്കുന്ന ചിത്രമാണ്. ഒരു സ്ത്രീ ജീവനൊടുക്കുന്നു. അതിന്റെ മൊട്ടീവിലേക്കുള്ള ഒരു അന്വേഷകന്റെ യാത്രയായിരുന്നു 'ഉത്തരം'. ചിത്രത്തിന്റെ ക്ലൈമാക്സ് മലയാളത്തിലെ ത്രില്ലർ സിനിമകൾക്ക് മുന്നിൽ വലിയൊരു ബെഞ്ച് മാർക്ക് ആണ്; അന്നും ഇന്നും. വർഷങ്ങൾക്കിപ്പുറം, 2013ൽ ജീത്തു ജോസഫിന്റെ മോഹൻലാൽ ചിത്രം 'ദൃശ്യം' എത്തിയപ്പോൾ, "ക്ലൈമാക്സ് ട്വിസ്റ്റൊന്നൊക്കെ പറഞ്ഞാൽ ഇങ്ങനെയാവണം," എന്നായി മലയാളികൾ. എന്നാൽ, കോവിഡ് കാലം കാണികളുടെ അഭിരുചികളെ വലിയതോതിൽ ബാധിച്ചു. ഒടിടികളിൽ ഴോണറിൽ നിന്ന് ഴോണറിലേക്ക് ആർത്തിയോടെ നീങ്ങിയ മലയാളിയെ തൃപ്തിപ്പെടുത്താൻ പിന്നീടങ്ങോട്ട് വന്ന പല സിനിമകൾക്കും സാധിച്ചില്ല. പ്രത്യേകിച്ച് ത്രില്ലർ സിനിമകൾക്ക്. പലതും ഫസ്റ്റ് കോപ്പികളാണെന്ന് പ്രേക്ഷകർ തിരിച്ചറിഞ്ഞു. ഇപ്പോഴിതാ, 2026ൽ ഒരു ത്രില്ലർ ചിത്രം മലയാളിയുടെ മുഴുവൻ ശ്രദ്ധയും ആകർഷിച്ചിരിക്കുന്നു. പാർവതി തിരുവോത്ത്, വിജയരാഘവൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഷഹദ് സംവിധാനം ചെയ്ത 'പ്രഥമദൃഷ്ട്യാ കുറ്റക്കാർ'.

'പ്രകാശൻ പറക്കട്ടെ', 'അനുരാഗം' എന്നീ മുൻ ചിത്രങ്ങളിൽ നിന്ന് വേറിട്ട സമീപനമാണ് 'പ്രഥമദൃഷ്ട്യാ കുറ്റക്കാരി'ൽ ഷഹദ് സ്വീകരിച്ചിരിക്കുന്നത്. കോട്ടയം നാട്ടകം പൊലീസ് സ്‌റ്റേഷനിൽ നടക്കുന്ന ഒരു കസ്റ്റഡി കൊലപാതകമാണ് ചിത്രത്തിന്റെ പശ്ചാത്തലം. ആശ്രിത നിയമനം വഴി പൊലീസ് ജോലിയിലേക്ക് എത്തുന്ന അലീന അബ്രഹാം എന്ന കഥാപാത്രത്തെയാണ് പാർവതി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഏറ്റെടുത്ത എല്ലാ കേസുകളും തെളിയിച്ച ട്രാക്ക് റെക്കോർഡുള്ള ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി. ഹാരിസ് മീരാൻ എന്ന കഥാപാത്രമായി വിജയരാഘവനും എത്തുന്നു. ഇവരുടെ വഴികൾ കൂട്ടിമുട്ടുന്നിടത്താണ് സിനിമ പുതിയ സംഭവ വികാസങ്ങളിലേക്ക് കടക്കുന്നത്. ഗിമ്മിക്കുകളല്ല, പി.എസ്. സുബ്രഹ്‌മണ്യവും വിജേഷ് തോട്ടിങ്ങലും ചേർന്നെഴുതിയ തിരക്കഥയാണ് ഈ സിനിമയുടെ നട്ടെല്ല്!

'പ്രഥമദൃഷ്ട്യാ കുറ്റക്കാർ' റിവ്യൂ
അവർ 'ഷമ്മി' അല്ല! ആർക്കും പിടികൊടുക്കാത്ത 'ആശ'; ഞെട്ടിക്കുന്ന ഉർവശി | AASHA REVIEW

രണ്ടു മണിക്കൂർ 41 മിനിറ്റുള്ള ഈ ത്രില്ലർ-പ്രൊസീജ്യറൽ ഡ്രാമ ഒരു ഘട്ടത്തിലും എടുത്തുചാടുന്നില്ല. പ്രേക്ഷകരെ കസേരത്തുഞ്ചത്തേക്ക് എത്തിക്കാൻ കൃത്രിമയായി തയ്യാറാക്കിയ ഒരു ട്വിസ്റ്റും സിനിമയില്ല. കഥാപാത്രങ്ങളെ കൃത്യമായി അവതരിപ്പിച്ച് ഡീറ്റെയിലിങ്ങിലൂടെ കഥയെ കൂട്ടിക്കെട്ടുകയാണ് സംവിധായകൻ. അതിന് എഴുത്തുപോലെ അഭിനേതാക്കളുടെ പ്രകടനവും സഹായകമായിട്ടുണ്ട്. പ്രത്യേകിച്ച് പാർവതിയുടെ പ്രകടനം. കുട്ടിക്കാലം മുതലുള്ള ട്രോമകൾ കൊണ്ടുനടക്കുന്ന ആളാണ് പാർവതിയുടെ അലീന. ജീവിതത്തിൽ താൻ ഒറ്റയ്ക്കായ പോലെ തന്റെ മകൾ ഒറ്റയ്ക്കാവരുത് എന്ന് അവൾക്ക് വാശിയുണ്ട്. ആ വാശിയാണ് അവളിലെ ധൈര്യമാകുന്നത്. മറുവശത്ത് തോറ്റുകൊടുക്കാൻ മനസില്ലാത്ത വിജയരാഘവന്റെ ഹാരിസ് മീരാൻ കൂടി എത്തുമ്പോൾ ആ സംഘ‍ർ‌ഷം സ്വാഭാവികമായി തന്നെ പ്രേക്ഷകരെ സീറ്റിന്റെ അറ്റത്തേക്ക് എത്തിക്കുന്നു. അവിടെയാണ് ഈ ത്രില്ലറിന്റെ വിജയം.

ഹാരിസ് മീരാൻ എന്ന കഥാപാത്രം വിജയരാഘവൻ എന്ന നടന് വെല്ലുവിളിയായിരുന്നുവെന്ന് തോന്നുന്നില്ല. അനായാസമായിട്ടാണ് ഹാരിസിനെ നടൻ സ്ക്രീനിലെത്തിച്ചത്. ബുദ്ധിശാലിയായ ഒരു അന്വേഷണ ഉദ്യോ​ഗസ്ഥന്റെ ടെംപ്ലേറ്റിന് വിജയരാഘവൻ തന്റേതായ ഒരു ശൈലി കൊടുത്തു എന്നും പറയാം. അതേസമയം, അലീന അതിസങ്കീ‍ർണമായ ഒരു കഥാപാത്രമാണ്. അവരുടെ വിചാരങ്ങൾ വാക്കുകളായല്ല സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. ആ കഥാപാത്രത്തിന്റെ ബോഡി ലാം​ഗ്വേജിലൂടെയാണ്. പാർവതിയത് മനോഹരമായി ഉൾക്കൊണ്ടു, ശരീരഭാഷയിൽ പ്രതിഫലിപ്പിച്ചു. 20 വർഷത്തെ അഭിനയ ജീവിതം സമ്മാനിച്ച പാകത പാർവതിയുടെ അഭിനയത്തിൽ പ്രകടമാണ്. "ഒന്നും ഇല്ല, എല്ലാം കഴിഞ്ഞു" - എന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്തുമ്പോഴും അവർ പേടിക്കുന്നുണ്ട്. അത് അഭിനയിക്കുക എന്ന പറയുന്നത് ഞാണിന്മേൽ കളിയാണ്. സിനിമയിലുടനീളം ആ ഞാണിലൂടെ പാർവതി വൈദഗ്ധ്യത്തോടെ നടന്നുനീങ്ങുന്നു.

ഈ സിനിമയിൽ എടുത്തുപറയേണ്ട മറ്റ് ചില പേരുകൾ കൂടിയുണ്ട് - മാത്യു തോമസ്, സിദ്ധാർഥ് ഭരതൻ, ഉണ്ണിമായ പ്രസാദ്, വിനയ് ഫോർട്ട്, അസീസ് നെടുമങ്ങാട്. തങ്ങളുടെ ഭാഗമെന്തെന്ന് ഇവർക്ക് കൃത്യമായ ബോധ്യമുണ്ട്. സാധാരണ ത്രില്ലർ ചിത്രങ്ങളിൽ ഇടയ്ക്ക് തമാശ കയറിവരുന്നത് കല്ലുകടിയാണ്. എന്നാൽ, വിനയ് ഫോർട്ട്, സിദ്ധാർഥ് ഭരതൻ എന്നീ നടന്മാർ ഇത്തരം സന്ദർഭങ്ങളിൽ ആ കുഴിയിൽ വീഴാതെ സിനിമയെ രക്ഷിക്കുന്നു. കടന്നഭിനയിക്കാതെ, കഥാപാത്രത്തിന്റെ മീറ്റ‍ർ വിടാതെയാണ് ഇവരുടെ പ്രകടനം. മറ്റുള്ളവരും അങ്ങനെ തന്നെ. കഥയിൽ അടുത്തത് എന്ത് നടക്കും എന്നതിനൊപ്പം കാണികളെ കഥാപാത്രങ്ങളോട് അടുപ്പിക്കാൻ എഴുത്തിനൊപ്പം ഇവരുടെ പ്രകടനങ്ങൾക്കും സാധിക്കുന്നുണ്ട്.

സാങ്കേതികപരമായും മികച്ച് നിൽക്കുന്ന ചിത്രമാണ് 'പ്രഥമദൃഷ്ട്യാ കുറ്റക്കാർ'. ട്വിസ്റ്റിനെ ബൂസ്റ്റ് ചെയ്യാനായിട്ടല്ല ഇവിടെ മുജീബ് മജീദ് പശ്ചാത്തല സം​ഗീതം ഒരുക്കിയിരിക്കുന്നത്. കഥാപാത്രങ്ങളെ പൊലിപ്പിക്കാനല്ല റോബി വർഗീസ് രാജ് ഛായാ​ഗ്രഹണം നി‍ർവഹിച്ചിരിക്കുന്നതും. തിരക്കഥയ്ക്ക് വിധേയപ്പെട്ടാണ് അവർ പ്രവ‍ർത്തിച്ചത്. അതു തന്നെയാണ് ‌സിനിമയുടെ വിജയവും. പുതിയ പ്രേക്ഷകർക്ക് വേണ്ട വേ​ഗതയും എന്നാൽ കഥ ആവശ്യപ്പെടുന്ന സമയവും എടുത്താണ് ഷഹദ് ഈ ചിത്രം സാധ്യമാക്കിയിരിക്കുന്നത്. അതുകൊണ്ടാകണം, എല്ലാത്തരം പ്രേക്ഷകരേയും ഈ സിനിമ രസിപ്പിക്കുന്നത്. 'ദൃശ്യം' മോഡലിൽ തന്നിപ്പോഴും കറങ്ങിത്തിരിയുന്ന മലയാളത്തിലെ ത്രില്ലർ ഴോണറിന് പ്രഥമദൃഷ്ട്യാ ഈ ചിത്രം ട്രാക്ക് മാറ്റാനുള്ള അറിയിപ്പ് കൂടിയാണ്; ശ്വാസം അടക്കിപ്പിടിച്ച് ഈ ചിത്രത്തിലെ 'കുറ്റക്കാരെ' പിന്തുടരുന്ന കാണികളുടെ മുന്നറിയിപ്പ്.

News Malayalam 24x7
newsmalayalam.com