Thalapathy 69 | അവസാന സിനിമയില്‍ വിജയ്ക്ക് വില്ലന്‍ പ്രകാശ് രാജ് ?

കെവിഎന്‍ പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രം എച്ച്.വിനോദ് ആയിരിക്കും സംവിധാനം ചെയ്യുക
Thalapathy 69 | അവസാന സിനിമയില്‍ വിജയ്ക്ക് വില്ലന്‍ പ്രകാശ് രാജ് ?
Published on

സിനിമയോട് വിടപറയാന്‍ ഒരുങ്ങുന്ന വിജയ്‌യുടെ അവസാന ചിത്രമായ ദളപതി 69-നെ കുറിച്ചുള്ള ഓരോ അപ്ഡേറ്റും അതീവ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിക്കുന്നത്. കെവിഎന്‍ പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രം എച്ച്.വിനോദ് ആയിരിക്കും സംവിധാനം ചെയ്യുക. ലിയോയ്ക്ക് ശേഷം അനിരുദ്ധ് വിജയ്ക്ക് വേണ്ടി വീണ്ടും പാട്ടൊരുക്കുന്നു എന്ന പ്രത്യേകതയും ദളപതി 69നുണ്ട്.

ജനാധിപത്യത്തിന്‍റെ കാവല്‍വിളക്കുമായി വരുന്ന നായകന്‍റെ കൈകളാണ് അനൗണ്‍സ്മെന്‍റ് പോസ്റ്ററില്‍ നല്‍കിയിരുന്നത്. വിജയ്‌യുടെ അവസാന ചിത്രമെന്ന നിലയില്‍ രാഷ്ട്രീയം സംസാരിക്കുന്ന വിഷയമാകും ദളപതി 69 എന്ന് ഉറപ്പായി കഴിഞ്ഞു. ചിത്രത്തിലെ മറ്റ് അഭിനേതാക്കളെ ചുറ്റിപ്പറ്റിയാണ് ഇപ്പോള്‍ സിനിമഗ്രൂപ്പുകളില്‍ ചര്‍ച്ച ചെയ്യുന്നത്. ഏറ്റവും ഒടുവില്‍ പുറത്തുവന്ന റിപ്പോര്‍ട്ട് അനുസരിച്ച് പ്രകാശ് രാജ് ചിത്രത്തില്‍ വിജയുടെ വില്ലനായി എത്തിയേക്കും.

ഗില്ലി, ശിവകാശി,പോക്കിരി, വില്ല്, വാരിസ് തുടങ്ങിയ സിനിമകള്‍ക്ക് ശേഷം വിജയ്- പ്രകാശ് രാജ് കോംബോ വീണ്ടും ഒന്നിക്കുന്ന എന്ന വാര്‍ത്ത ആരാധകരെ ആവേശത്തിലാക്കി കഴിഞ്ഞു. ബോളിവുഡ് താരം ബോബി ഡിയോളിന്‍റെ പേരും വില്ലന്‍ കഥാപാത്രത്തിനായി പറഞ്ഞു കേള്‍ക്കുന്നുണ്ട്. സൂര്യ ചിത്രം കങ്കുവയില്‍ ബോബി ഡിയോളാണ് വില്ലനായെത്തുന്നത്. എന്തായാലും ഇക്കാര്യത്തില്‍ നിര്‍മാതാക്കളുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രതികരണങ്ങളൊന്നും വന്നിട്ടില്ല.

സിനിമയില്‍ നായികയായി സമാന്ത, സിമ്രാന്‍, പൂജ ഹെഗ്ഡെ എന്നിവരുടെ പേരുകള്‍ ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. മലയാളത്തില്‍ നിന്ന് മോഹന്‍ലാലിന്‍റെയും മമിത ബൈജുവിനെയും അണിയറക്കാര്‍ സമീപിച്ചതായി അനൗദ്യോഗിക വിവരങ്ങള്‍ പ്രചരിക്കുന്നു. ഈ വര്‍ഷം ഒക്ടോബറില്‍ ചിത്രീകരണം ആരംഭിച്ച് 2025 ഒക്ടോബറില്‍ ചിത്രം റിലീസ് ചെയ്യാനാണ് പദ്ധതി.

അതേസമയം, സജീവരാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച വിജയ് തന്‍റെ രാഷ്ട്രീയ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്‍റെ ആദ്യ സംസ്ഥാന സമ്മേളനം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഒക്ടോബര്‍ 27ന് വിഴപ്പുറം ജില്ലയിലെ വിക്രവാണ്ടിയിലാണ് സമ്മേളനം നടക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com