ടോപ് ഗിയറില്‍ പൃഥ്വിരാജ് ; ഹിറ്റ് സംവിധായകര്‍ക്കൊപ്പം പുതിയ മൂന്ന് സിനിമകള്‍

ജയ ജയ ജയ ജയ ഹേ . ഗുരുവായൂരമ്പല നടയില്‍ സിനിമകള്‍ ഒരുക്കിയ വിപിന്‍ ദാസ്, റോഷാക്ക്,കെട്ടിയോളാണെന്‍റെ മാലാഖ എന്നി സിനിമകളിലൂടെ ശ്രദ്ധേയനായ നിസാം ബഷീര്‍, മേപ്പടിയാന്‍ സംവിധായകന്‍ വിഷ്ണു മോഹന്‍ എന്നിവരുടെ സിനിമകളിലാണ് പൃഥ്വിരാജ് അടുത്തായി അഭിനയിക്കുന്നത്.
ടോപ് ഗിയറില്‍ പൃഥ്വിരാജ് ; ഹിറ്റ് സംവിധായകര്‍ക്കൊപ്പം പുതിയ മൂന്ന് സിനിമകള്‍
Published on


ആടുജീവിതത്തിലൂടെ മികച്ച നടനുള്ള മൂന്നാം സംസ്ഥാന പുരസ്കാരം നേടിയ നിറവിലാണ് പൃഥ്വിരാജ് സുകുമാരന്‍. മലയാളത്തിനൊപ്പം മറ്റ് ഭാഷളിലും തന്‍റെ സാന്നിധ്യം നടന്‍ അറിയിക്കുന്നുണ്ട്. സമകാലിക മലയാള സിനിമ നേരിടുന്ന വിഷയങ്ങളില്‍ കൃത്യവും ശക്തവുമായ നിലപാടാണ് പൃഥ്വിരാജ് പങ്കുവെച്ചിരിക്കുന്നത്. നടന്‍ എന്ന നിലയില്‍ മാത്രല്ല നിര്‍മാതാവ് എന്ന നിലയിലും പൃഥ്വിക്ക് നേട്ടം സമ്മാനിച്ച ചിത്രമായിരുന്നു ഗുരുവായൂരമ്പല നടയില്‍. ബേസില്‍ ജോസഫ് , അനശ്വര രാജന്‍ എന്നിവരും പ്രധാന വേഷത്തിലെത്തിയ സിനിമയുടെ വിജയാഘോഷവേദിയില്‍ തന്‍റെ അടുത്ത മൂന്ന് സിനിമകളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ പൃഥ്വി പങ്കുവെച്ചു.

ജയ ജയ ജയ ജയ ഹേ . ഗുരുവായൂരമ്പല നടയില്‍ സിനിമകള്‍ ഒരുക്കിയ വിപിന്‍ ദാസ്, റോഷാക്ക്, കെട്ടിയോളാണെന്‍റെ മാലാഖ എന്നി സിനിമകളിലൂടെ ശ്രദ്ധേയനായ നിസാം ബഷീര്‍, മേപ്പടിയാന്‍ സംവിധായകന്‍ വിഷ്ണു മോഹന്‍ എന്നിവരുടെ സിനിമകളിലാണ് പൃഥ്വിരാജ് അടുത്തായി അഭിനയിക്കുന്നത്. കഴിവുള്ള സംവിധായകര്‍ തന്നെ വെച്ച് സിനിമയെടുക്കുന്നതില്‍ വലിയ സന്തോഷമുണ്ടെന്ന് പൃഥ്വിരാജ് പറഞ്ഞു.

'ഞാന്‍ അടുത്ത സിനിമകള്‍ ചെയ്യാന്‍ പോകുന്ന കുറെ സംവിധായകര്‍ ഇവിടെയുണ്ട്. വിപിന്‍ ദാസിന്റെ അടുത്ത സിനിമ ഞാനാണ് ചെയ്യുന്നത്. നിസാം ബഷീറിന്റെയും വിഷ്ണുവിന്റെയും പുതിയ സിനിമകളില്‍ ഞാനാണ്. മാര്‍ക്കറ്റുള്ള, കഴിവുള്ള സംവിധായകരൊക്കെ എന്നെ വെച്ച് സിനിമയെടുക്കുന്നതില്‍ ഒരുപാട് സന്തോഷമുണ്ട്. എല്ലാവരുടെയും പ്രോജക്ടുകളെ ഞാന്‍ വലിയ ആവേശത്തോടെയാണ് കാണുന്നത്. ആ സിനിമകള്‍ക്കെല്ലാം ഇതുപോലെ ഒരു സായാഹ്നം ഉണ്ടാകട്ടെ,' പൃഥ്വിരാജ് പറഞ്ഞു.

മമ്മൂട്ടി ചിത്രം റോഷാക്കിന് ശേഷം പൃഥ്വിരാജിനെ നായകനാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന 'നോബഡി'സിനിമയുടെ ടൈറ്റില്‍ പോസ്റ്ററും വേദിയില്‍ വെച്ച് പുറത്തുവിട്ടു. ഇ4 എന്റർടെയ്ൻമെൻറ്സും പൃഥ്വിരാജ് പ്രൊഡക്‌ഷൻസും ചേർന്നാണ് നിര്‍മാണം. സമീർ അബ്ദുൾ തിരക്കഥ ഒരുക്കുന്നു.

സന്തോഷ് ട്രോഫി എന്ന പേരില്‍ ഒരു കോമഡി സിനിമ പൃഥ്വിരാജിനൊപ്പം ചെയ്യുന്നുണ്ടെന്ന് സംവിധായകന്‍ വിപിന്‍ ദാസ് ക്യൂസ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.വിഷ്ണു മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. നിലവില്‍ മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍റെ സംവിധാന ജോലികളിലാണ് പൃഥ്വിരാജ്. ഇതിന് ശേഷമാകും പുതിയ സിനിമകളുടെ ജോലികളിലേക്ക് താരം പ്രവേശിക്കുക.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com