ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത കാന്താര ചാപ്റ്റര്‍ 1 കേരളത്തില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് ഫിയോക്ക്. ചിത്രത്തിന്റെ തിയേറ്റര്‍ ഷെയറിനെ ചൊല്ലി തര്‍ക്കം നടന്നതിന് പിന്നാലെയാണ് തീരുമാനം. കാന്താര 2ന്റെ കേരളത്തിലെ വിതരണാവകാശം പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് നടത്തുന്നത്. ചിത്രത്തിന് 55 ശതമാനം തിയേറ്റര്‍ ഷെയര്‍ നല്‍കണമെന്നാണ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ഫിയോക്കിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ അത് അംഗീകരിക്കാനാകില്ലെന്ന് ഫിയോക്ക് അറിയിക്കുകയായിരുന്നു.
നിലവില്‍ 50 ശതമാനമാണ് ഇതര ഭാഷാ ചിത്രങ്ങള്‍ക്ക് നല്‍കുന്ന തിയേറ്റര്‍ ഷെയര്‍. ബിഗ് ബജറ്റ് സിനിമകള്‍ക്ക് 55 ശതമാനം ഒരാഴ്ചത്തേക്ക് നല്‍കാറുണ്ട്. ഇത് രണ്ടാഴ്ചത്തേക്ക് നല്‍കണം എന്നാണ് വിതരണക്കാരുടെ ആവശ്യം. അതിനെതിരെയാണ് ഫിയോക്കുമായി തര്‍ക്കം നടന്നത്.
ചിത്രത്തിന്റെ ആദ്യ ഭാഗമായ കാന്തരയും കേരളത്തില്‍ വിതരണം ചെയ്തത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആയിരുന്നു. അതിന് പുറമെ കെജിഎഫ് ചാപ്റ്റര്‍ 2, 777 ചാര്‍ളി, സലാര്‍ : പാര്‍ട്ട് 1 എന്നീ ചിത്രങ്ങളുടെ വിതരണാവകാശവും പൃഥ്വിരാജിന്റെ നിര്‍മാണ കമ്പനിക്കായിരുന്നു.
കെജിഎഫ്, കാന്താര, സലാര്‍ തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകള്‍ നിര്‍മിച്ച ഇന്ത്യയിലെ മുന്‍നിര പാന്‍-ഇന്ത്യ പ്രൊഡക്ഷന്‍ ഹൗസായ ഹോംബാലെ ഫിലിംസാണ് 'ചാപ്റ്റര്‍ 1'ന്റെയും നിര്‍മാതാക്കള്‍. ഏറെ പ്രതീക്ഷയോടെയാണ് 'കാന്താര: ചാപ്റ്റര്‍ 1'നായി പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ആദ്യ ഭാഗത്തില്‍ പ്രേക്ഷകര്‍ കണ്ട കഥയുടെ മുന്‍പ് നടന്ന സംഭവങ്ങളാകും കാന്താരയുടെ തുടര്‍ച്ചയില്‍ കാണാന്‍ കഴിയുക. 'കാന്താര: എ ലെജന്‍ഡ് ചാപ്റ്റര്‍ വണ്‍' എന്നാണ് പ്രീക്വലിന് നല്‍കിയിരിക്കുന്ന പേര്.
കാന്താര ചാപ്റ്റര്‍ 1, ഒക്ടോബര്‍ 2, 2025-ന് ലോകമെമ്പാടുമുള്ള തീയേറ്ററുകളില്‍ റിലീസ് ചെയ്യും. കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ബംഗാളി, ഇംഗ്ലീഷ് തുടങ്ങി ഏഴ് ഭാഷകളില്‍ ചിത്രം ഒരുമിച്ച് പ്രദര്‍ശനത്തിന് എത്തും.