"ഡബിൾ മോഹനൻ നീയാണെന്ന് ആദ്യം പറഞ്ഞത് സച്ചി, നീ ചെയ്യില്ലേ എന്ന് ചോദിച്ചു"; 'വിലായത്ത് ബുദ്ധ' ട്രെയ്‌ലർ ലോഞ്ചിൽ പൃഥ്വിരാജ്

പൃഥ്വിരാജ് സുകുമാരനും ഷമ്മി തിലകനും പ്രധാന വേഷങ്ങളിൽ എത്തുന്ന 'വിലായത്ത് ബുദ്ധ'യുടെ ട്രെയ്‌ലർ ലോഞ്ച് നടന്നു
പൃഥ്വിരാജ്, സംവിധായകൻ സച്ചി
പൃഥ്വിരാജ്, സംവിധായകൻ സച്ചി
Published on
Updated on

കൊച്ചി: ജയൻ നമ്പ്യാരുടെ സംവിധാനത്തിൽ പൃഥ്വിരാജ് സുകുമാരനും ഷമ്മി തിലകനും പ്രധാന വേഷങ്ങളിൽ എത്തുന്ന 'വിലായത്ത് ബുദ്ധ'യുടെ ട്രെയ്‌ലർ ലോഞ്ച് നടന്നു. ജി.ആർ. ഇന്ദുഗോപന്റെ ഇതേപേരിലുള്ള പ്രശസ്ത നോവലാണ് സിനിമയ്ക്ക് ആധാരം. പ്രിയംവദ കൃഷ്ണയാണ് ചിത്രത്തിലെ നായിക. സംവിധായകൻ സച്ചിയുടെ ഓർമകൾ കൂടി നിറഞ്ഞതായിരുന്നു ട്രെയ്‌ലർ ലോഞ്ചിങ് ഇവന്റ്. സച്ചി സംവിധാനം ചെയ്യാൻ ആഗ്രഹിച്ച സിനിമയായിരുന്നു വിലായത്ത് ബുദ്ധ. അതിനിടെയിലായിരുന്നു സംവിധായകന്റെ അപ്രതീക്ഷിത വിയോഗം.

ആദ്യമായി വിലായത്ത് ബുദ്ധയുടെ കഥ തന്നോട് പറയുന്നത് സച്ചിയാണെന്ന് പൃഥ്വിരാജ് സുകുമാരൻ പറഞ്ഞു. "ഒരു പാരലൽ റിയാലിറ്റി ഉണ്ടായിരുന്നുവെങ്കില്‍, ഈ സ്റ്റേജിൽ ഇന്ന് സച്ചിയും ഉണ്ടാകേണ്ടതായിരുന്നു. എന്നോട് ആദ്യമായിട്ട് ഈ സിനിമയെ കുറിച്ചും കഥാപാത്രത്തെ കുറിച്ചും പറയുന്നത് സച്ചിയാണ്. സച്ചിയാണ് എന്നോട് അടുത്ത ചെയ്യാന്‍ പോകുന്ന സിനിമ ഇതാണെന്നും മോഹനന്‍ നീ ആണെന്നും പറയുന്നത്. എനിക്ക് ഇന്നും ഓർമയുണ്ട്, എന്നെ ഒന്നുകൂടി വിളിച്ച് 'നീ ചെയ്യില്ലേ' എന്ന് ചോദിച്ചു. ഞാന്‍ ചെയ്യും എന്ന് ഉറപ്പുകൊടുത്തു. എന്നെ കോളിൽ വെയിറ്റിൽ നിർത്തിയാണ് ഇന്ദുഗോപനോട് കഥ തരുമോ എന്ന് ചോദിക്കുന്നത്. ഇന്ദു തീർച്ചയായും എന്ന് പറഞ്ഞുടനെ 'നമ്മള്‍ ഈ സിനിമ ചെയ്യുന്നു' എന്ന് പറഞ്ഞ ആളാണ് പെട്ടെന്ന് ഒരു ദിവസം ഇനി ഇല്ലാ എന്ന അവസ്ഥയിലേക്ക് എത്തിപ്പെട്ടത്," പൃഥ്വിരാജ് പറഞ്ഞു.

പൃഥ്വിരാജ്, സംവിധായകൻ സച്ചി
ഡബിൾ മോഹനും ചൈതന്യവും; വിലായത്ത് ബുദ്ധയിലെ പ്രണയ ജോഡികൾ

പൃഥ്വിരാജ് സുകുമാരൻ ചന്ദന മോഷ്ടാവായ ഡബിൾ മോഹൻ എന്ന കഥാപാത്രമായാണ് സിനിമയിൽ എത്തുന്നത്. ഉർവശി തിയറ്റേഴ്സിൻ്റെ ബാനറിൽ സന്ദീപ്‌ സേനൻ ആണ് നിർമാണം. 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും', 'സത്യം പറഞ്ഞാൽ വിശ്വസിക്കുവോ', 'സൗദി വെള്ളക്ക' തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഉർവശി തിയറ്റേഴ്സിൻ്റെ ബാനറിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ സിനിമയുമാണ് 'വിലായത്ത് ബുദ്ധ'.

സച്ചിയുടെ വിയോഗത്തിന് ശേഷം ഈ സിനിമ സ്വാഭാവികമായും എത്തിപ്പെടേണ്ടിടത്ത് ജയൻ നമ്പ്യാരുടെ കയ്യില്‍ തന്നെയായിരുന്നു എന്നും പൃഥ്വിരാജ് ചടങ്ങിൽ പറഞ്ഞു. സച്ചിയുടെ എല്ലാമെല്ലാം ആയിരുന്നു ജയൻ. അദ്ദേഹത്തിന്റെ വിഷൻ കൃത്യമായി മനസിലാക്കിയ ആളാണ് ജയൻ നമ്പ്യാർ എന്നും പൃഥ്വിരാജ് കൂട്ടിച്ചേർത്തു.

കാടും നാടും വിറപ്പിച്ച ഡബിൾ മോഹനന്‍റെ കഥ ഒരു ഗംഭീര ദൃശ്യ വിസ്മയം തന്നെയാകുമെന്നാണ് ട്രെയ്‌ലർ സൂചന നൽകിയിരിക്കുന്നത്. ചിത്രം നവംബർ 21നാണ് വേൾഡ് വൈഡ് റിലീസ്. ജി.ആർ. ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്നാണ് 'വിലായത്ത് ബുദ്ധ'യുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പകയും പ്രതികാരവും പ്രണയവും പശ്ചാത്തലമാകുന്ന ഒരു ത്രില്ലർ ചിത്രമായെത്തുന്ന 'വിലായത്ത് ബുദ്ധ'യിൽ പൃഥ്വിയെ കൂടാതെ ഷമ്മി തിലകൻ, അനു മോഹൻ, രാജശ്രീ നായർ, ടി.ജെ. അരുണാചലം തുടങ്ങി നിരവധി താരങ്ങളുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com