കൊച്ചി: ഇന്ത്യൻ സിനിമയെ സംബന്ധിച്ച് മികച്ച വർഷം തന്നെയായിരുന്നു 2025. നല്ല സിനിമകളും പുതിയ താരങ്ങളേയും ലഭിച്ചുവെന്നത് മാത്രമല്ല. സിനിമാ മേഖലയിലുണ്ടായ പലമാറ്റങ്ങൾക്കും സാക്ഷിയായ വർഷം കൂടിയായിരുന്നു ഇത്. ഇപ്പോഴിത വർഷം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ 2025ലെ രാജ്യത്തെ ജനപ്രിയ താരങ്ങളുടേയും സംവിധായകരുടേയും പട്ടിക പുറത്തുവിട്ടിരിക്കുകയാണ് ഇന്റര്‍നെറ്റ് മൂവി ഡാറ്റാബേസ്. ലിസ്റ്റിൽ മലയാളികളും ഉൾപ്പെട്ടിട്ടുണ്ട് എന്നത് അഭിമാനത്തിന് വകനൽകുന്ന കാര്യമാണ്.
പൃഥ്വിരാജ്, ഡൊമനിക് അരുൺ, കല്യാണി പ്രിയദർശൻ എന്നിവരാണ് പട്ടികയിലുള്ള മലയാളികൾ. ജനപ്രിയ സംവിധായകരിൽ അഞ്ചാം സ്ഥാനത്താണ് പൃഥ്വിരാജ്. മോഹൻലാൽ ചിത്രം എൽ 2: എമ്പുരാനിലൂടെയാണ് പൃഥ്വിരാജിന്റെ ഈ നേട്ടം. 'ലോകഃ ചാപ്റ്റര്‍ വണ്‍- ചന്ദ്ര' സംവിധായകന്‍ ഡൊമിനിക് അരുണ്‍ എട്ടാമതുണ്ട്. 'ലോക'യിലെ നായിക കല്യാണി പ്രിയദര്‍ശന്‍ ജനപ്രിയതാരങ്ങളുടെ പട്ടികയില്‍ ഏഴാം സ്ഥാനവും നേടിയിട്ടുണ്ട്.
ബോളിവുഡിലേയും മറ്റ് ഭാഷകളിലേയും മുതിര്‍ന്ന താരങ്ങളെ മറികടന്ന് അഹാന്‍ പാണ്ഡേയും അനീത് പദ്ദയുമാണ് ജനപ്രിയ താരങ്ങളുടെ പട്ടികയില്‍ ആദ്യരണ്ട് സ്ഥാനങ്ങളിലുള്ളത്. ഈ വര്‍ഷം പുറത്തിറങ്ങി വലിയ ചര്‍ച്ചയായി മാറിയ റൊമാന്റിക് കോമഡി ഡ്രാമ 'സയ്യാര'യാണ് ഇരുവരേയും ആരാധകര്‍ക്കിടയില്‍ പ്രശസ്തരാക്കിയത്. ആമിര്‍ ഖാന്‍ ആണ് പട്ടികയില്‍ മൂന്നാംസ്ഥാനത്ത്. സിതാരെ സമീൻ പർ, കൂലി എന്നിവയാണ് താരത്തിൻ്റെ ഈ നേട്ടത്തിന് പിന്നിൽ. ലക്ഷ്യ അഞ്ചാം സ്ഥാനത്തും രശ്മിക മന്ദാന ആറാം സ്ഥാനത്തുമാണ് പട്ടികയിൽ. ത്രിപ്തി ദിമ്രി, രുക്മിണി വസന്ത് എന്നിവര്‍ എട്ടും ഒമ്പതും സ്ഥാനങ്ങളിലുണ്ട്. 'കാന്താര: എ ലെജന്‍ഡ്- ചാപ്റ്റര്‍ വണ്ണി'ലെ നായകനും സംവിധായകനുമായ ഋഷഭ് ഷെട്ടിയാണ് പത്താംസ്ഥാനത്ത്.
'സയ്യാര'യുടെ സംവിധായകന്‍ മോഹിത് സൂരിയാണ് സംവിധായകരുടെ പട്ടികയില്‍ ഒന്നാമതുള്ളത്. 'കൂലി'യുടെ സംവിധായകന്‍ ലോകേഷ് കനകരാജ് പട്ടികയിൽ മൂന്നാമതുണ്ട്. പട്ടികയില്‍ ഉള്‍പ്പെട്ട മൂന്ന് തെന്നിന്ത്യന്‍ സിനിമകള്‍ രണ്ടെണ്ണവും മലയാള ചിത്രങ്ങളാണ്. 'ദ ബാഡ്‌സ് ഓഫ് ബോളിവുഡ്' സംവിധായകനും ഷാരൂഖ് ഖാന്റെ മകനുമായ ആര്യന്‍ ഖാന്‍ ആണ് രണ്ടാമത്. അനുരാഗ് കശ്യപ്, ആര്‍.കെ. പ്രസന്ന, അനുരാഗ് ബസു, ലക്ഷ്മണ്‍ ഉത്തേക്കര്‍, നീരജ് ഗെയ്‌വാന്‍ എന്നിവരാണ് പട്ടികയിലുള്‍പ്പെട്ട മറ്റുള്ളവര്‍.