
കാത്തിരിപ്പുകള്‍ക്കൊടുവില്‍ പൃഥ്വിരാജ് നായകനായി എത്തുന്ന 'വിലായത്ത് ബുദ്ധ' ടീസര്‍ പുറത്തിറങ്ങി. തിരുവോണത്തിന് ടീസര്‍ എത്തുമെന്ന് കഴിഞ്ഞ ദിവസം പൃഥ്വിരാജ് അറിയിച്ചിരുന്നു. അയ്യപ്പനും കോശിക്കും ശേഷം സംവിധായകന്‍ സച്ചി ചെയ്യാനായി പ്രഖ്യാപിച്ചിരുന്ന ചിത്രമാണ് വിലായത്ത് ബുദ്ധ.
സച്ചിയുടെ ശിഷ്യന്‍ ജയന്‍ നമ്പ്യാരാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നേരത്തെ, ഓണം റിലീസായി സെപ്റ്റംബറില്‍ വിലായത്ത് ബുദ്ധ എത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല.
ജി.ആര്‍. ഇന്ദുഗോപന്റെ ജനപ്രിയ നോവലായ വിലായത്ത് ബുദ്ധ അതേ പേരിലാണ് സിനിമായാകുന്നത്. നോവലിലെ പ്രധാന കഥാപാത്രമായ ഡബിള്‍ മോഹനനായാണ് പൃഥ്വിരാജ് എത്തുന്നത്. ഭാസ്‌കരന്‍ മാസ്റ്ററായി ഷമി തിലകനുമാണ് എത്തുന്നത്.
ഉര്‍വശി തിയറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് സേനന്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത്. അനുമോഹന്‍, പ്രശസ്ത തമിഴ് നടന്‍ ടി.ജെ അരുണാചലം, രാജശ്രീ നായര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രിയംവദാ കൃഷ്ണനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.
ജേക്‌സ് ബിജോയ് ആണ് സംഗീതം. ഛായാഗ്രഹണം അരവിന്ദ് കശ്യപ് രണ ദേവ്. എഡിറ്റിങ് ശ്രീജിത്ത് ശ്രീരംഗ്. കലാസംവിധാനം ബംഗ്‌ളാന്‍. മേക്കപ്പ് മനുമോഹന്‍. കോസ്റ്റ്യം ഡിസൈന്‍ സുജിത് സുധാകര്‍. ചീഫ്അസ്സോ. ഡയറക്ടര്‍ കിരണ്‍ റാഫേല്‍, അസ്സോ. ഡയറക്ടേര്‍സ് വിനോദ് ഗംഗ, സഞ്ജയന്‍ മാര്‍ക്കോസ്. പ്രൊജക്റ്റ് ഡിസൈനര്‍ മനു ആലുക്കല്‍. ലൈന്‍ പ്രൊഡ്യൂസര്‍ രഘു സുഭാഷ് ചന്ദ്രന്‍. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സംഗീത് സേനന്‍. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ് രാജേഷ് മേനോന്‍ നോബിള്‍ ജേക്കബ്.