
കേരളത്തിന്‍റെ പ്രഥമ ഫുട്ബോള്‍ ലീഗായ സൂപ്പര്‍ ലീഗ് കേരളയുടെ മുഖ്യ ഫ്രാഞ്ചൈസിയായ കൊച്ചി എഫ്.സിയുടെ ഉടമയായി നടന്‍ പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും. കേരളത്തിലെ ഫുട്ബോളിനെ പ്രൊഫഷണല്‍ തലത്തില്‍ ഉയര്‍ത്താനും താഴെക്കിടയില്‍ ഫുട്ബോളിനെ വളര്‍ത്താനും സൂപ്പര്‍ ലീഗ് കേരളയ്ക്ക് കഴിയുമെന്ന് പൃഥ്വിരാജ് പറഞ്ഞു. നമ്മുടെ നാട്ടിലെ മികച്ച കളിക്കാര്‍ക്ക് നിരവധി അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനൊപ്പം സംസ്ഥാനത്തിന്‍റെ കായിക സമ്പത്തിനെ മെച്ചപ്പെടുത്താന്‍ ഇത്തരമൊരു അന്താരാഷ്ട്ര ടൂര്‍ണമെന്‍റിനാവുമെന്നും പൃഥ്വി കൂട്ടിച്ചേര്‍ത്തു. നസ്ലി മുഹമ്മദ്, പ്രവീഷ് കുഴിപ്പള്ളി, ഷമീം ബക്കര്‍, മുഹമ്മദ് ഷൈജല്‍ എന്നിവരാണ് കൊച്ചി എഫ്സി ടീമിന്‍റെ സഹ ഉടമകള്‍.
പൃഥ്വിരാജിന്‍റെ ലീഗിലെ പങ്കാളിത്തം യുവാക്കള്‍ക്കിടയില്‍ ടൂര്‍ണമെന്‍റിന് വലിയ പ്രചോദനവും ഊര്‍ജവും പകരുമെന്ന് സൂപ്പര്‍ ലീഗ് കേരളയുടെ സിഇഒ മാത്യു ജോസഫ് പറഞ്ഞു. ഈ വര്‍ഷം ഓഗസ്റ്റ് അവസാനം മുതല്‍ ആരംഭിക്കുന്ന 60 ദിവസം നീണ്ടുനില്‍ക്കുന്ന സൂപ്പര്‍ ലീഗ് കായിക കേരളത്തിന് ആവേശമാകുമെന്നും അദ്ദേഹം പറഞ്ഞു.
ആഗോള ഫുട്ബോള്‍ ടൂര്‍ണമെന്‍റുകള്‍ക്ക് സമാനമായി കേരളത്തിലും വരുന്ന സൂപ്പര്‍ ലീഗ് കേരളയെ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് സുപ്രിയ മേനോന്‍ പറഞ്ഞു. ലോകം തന്നെ അത്ഭുത്തത്തോടെ നോക്കുന്ന ഫുട്ബോള്‍ ആരാധകരുള്ള സ്ഥലമാണ് കേരളം, അവിടെ നടക്കുന്ന ആദ്യ ഫുട്ബോള്‍ ലീഗില്‍ കൂടുതല്‍ വനിതാ കായിക പ്രേമികളുടെ പ്രാതിനിധ്യം ഉറപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തന്‍റെ പിന്തുണയുണ്ടാകുമെന്നും സുപ്രിയ പറഞ്ഞു.
പൃഥ്വിരാജിന്‍റെ സാന്നിധ്യം ലീഗിനെ കൂടുതല്‍ ആകര്‍ഷണീയമാക്കുമെന്നും ലോകമെമ്പാടുമുള്ള മലയാളികള്‍ ലീഗിന്‍റെ ഭാഗമാകാന്‍ ഇത് പ്രചോദനമാകുമെന്നും സൂപ്പര്‍ ലീഗ് കേരള മാനേജിംഗ് ഡയറക്ടര്‍ ഫിറോസ് മീരാന്‍ പറഞ്ഞു. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, തൃശൂര്‍, കണ്ണൂര്‍, മലപ്പുറം എന്നിവിടങ്ങളിലെ ആറ് ടീമുകളാണ് ആദ്യ സീസണില്‍ സൂപ്പര്‍ ലീഗില്‍ മാറ്റുരയ്ക്കുക.
ഇത്തരം നിക്ഷേപങ്ങള്‍ കേരള ഫുട്ബോളിനും സംസ്ഥാനത്തിന്‍റെ കായിക സമ്പദ് വ്യവസ്ഥയ്ക്കും ഉത്തേജനമാണ്. മറ്റ് വ്യവസായങ്ങളില്‍ നിന്നുള്ള കൂടുതല്‍ പങ്കാളിത്തം കായിക രംഗത്തെ അടുത്ത തലത്തിലേക്ക് വളരാന്‍ സഹായിക്കുമെന്ന് കെഎഫ്എ പ്രസിഡന്‍റ് നവാസ് മീരാന്‍ അഭിപ്രായപ്പെട്ടു.