

കൊച്ചി: അക്ഷയ് കുമാറിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന 'ഭൂത് ബംഗ്ല' എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണിത്. 'ഭൂൽ ഭുലയ്യ' എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിൽ ഈ കൂട്ടുകെട്ട് സൃഷ്ടിച്ച നൊസ്റ്റാൾജിയ തിരികെ കൊണ്ടുവരുന്ന രീതിയിലാണ് ടീസർ ഒരുക്കിയിരിക്കുന്നത്.
അക്ഷയ് കുമാറിനൊപ്പം പ്രിയദർശൻ സിനിമകളിലെ സ്ഥിരം സാന്നിധ്യമായ രാജ്പാൽ യാദവ്, പരേഷ് റാവൽ എന്നിവരും ഈ ചിത്രത്തിലുണ്ട്. കൂടാതെ തബു, വാമിഖ ഗബ്ബി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിൽ അന്തരിച്ച മുതിർന്ന ബോളിവുഡ് ഹാസ്യ നടൻ ഗോവർദ്ധൻ അസ്രാനിയെയും ടീസറിൽ കാണാം.
14 വർഷത്തെ ഇടവേളയ്ക്ക് ശേഷം, പ്രിയദർശനും അക്ഷയ് കുമാറും ഒന്നിക്കുന്ന ചിത്രമാണ് 'ഭൂത് ബംഗ്ല'. 2010ൽ ഇറങ്ങിയ 'ഖട്ട മീഠ' ആണ് ഇരുവരും അവസാനം ഒരുമിച്ച ചിത്രം. ഇവരുടെ മുൻകാല ഹിറ്റായ 'ഭൂൽ ഭുലയ്യ' പോലെ 'ഭൂത് ബംഗ്ല'യും ഒരു ഹൊറർ-കോമഡി ചിത്രമാണ്.
"ചിരിയും നിലവിളിയും അത്ഭുതങ്ങളും ഈ ബംഗ്ലയ്ക്കുള്ളിൽ നിങ്ങളെ കാത്തിരിക്കുന്നു. ഉള്ളിലേക്ക് കടക്കാൻ ധൈര്യമുണ്ടോ?" എന്ന അടിക്കുറിപ്പോടെയാണ് അക്ഷയ് കുമാർ സിനിമയുടെ ടീസർ പങ്കുവച്ചത്.
ബാലാജി മോഷൻ പിക്ചേഴ്സും കേപ്പ് ഓഫ് ഗുഡ് ഫിലിംസും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. അക്ഷയ് കുമാർ, ശോഭാ കപൂർ, എക്താ ആർ. കപൂർ എന്നിവർ ചേർന്നാണ് നിർമാണം. 2026 ഏപ്രിൽ 10ന് സിനിമ തിയേറ്ററുകളിൽ എത്തും. ആദ്യം മെയ് 15നായിരുന്നു റിലീസ് നിശ്ചയിച്ചിരുന്നതെങ്കിലും പിന്നീട് തീയതി നേരത്തെയാക്കുകയായിരുന്നു.