പ്രിയദര്‍ശന്റെ 'ഹൈവാന്' തുടക്കം; 18 വര്‍ഷത്തിന് ശേഷം അക്ഷയ് കുമാറും സെയ്ഫ് അലി ഖാനും ഒന്നിക്കുന്നു, ചിത്രീകരണം കൊച്ചിയിൽ

മോഹന്‍ലാല്‍ - പ്രിയദര്‍ശന്‍ ചിത്രമായ ഒപ്പത്തിന്റെ ഹിന്ദി റീമേക്കാണ് ഹൈവാന്‍.
priyadarshan, akshay and saif
പ്രിയദർശന്‍, അക്ഷയ് കുമാർ, സെയ്ഫ് അലി ഖാന്‍Source : Facebook
Published on

ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാറും സെയ്ഫ് അലി ഖാനും വിജയ് കൃഷ്ണ ആചാരി സംവിധാനം ചെയ്ത 'തഷാനി'ലാണ് അവസാനമായി ഒന്നിച്ച് അഭിനയിച്ചത്. 18 വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും പ്രിയദര്‍ശന്‍ ചിത്രമായ ഹൈവാനിലൂടെ സ്‌ക്രീനില്‍ ഒന്നിക്കാന്‍ ഒരുങ്ങുകയാണ്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഹിന്ദി ചിത്രം ഹൈവാന്റെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചിരിക്കുകയാണ്. പ്രിയദര്‍ശന്‍, അക്ഷയ് കുമാര്‍ എന്നിവരാണ് ഈ വിവരം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്.

"ഹൈവാനൊപ്പം എന്റെ അടുത്ത യാത്ര ആരംഭിക്കുകയാണ്. അക്ഷയ് കുമാര്‍, സെയ്ഫ് അലി ഖാന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രം നിര്‍മിക്കുന്നത് കെവിഎന്നും തെസ്പിയന്‍ ഫിലിംസും ചേര്‍ന്നാണ്", എന്നാണ് പ്രിയദര്‍ശന്‍ കുറിച്ചത്. "എന്റെ പ്രിയപ്പെട്ട ക്യാപ്റ്റന്‍ പ്രിയദര്‍ശന്‍ സാറിനൊപ്പം ഹൈവാന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുകയാണ്. 18 വര്‍ഷങ്ങള്‍ക്ക് ശേഷം സെയ്ഫിനൊപ്പം സിനിമ ചെയ്യുന്നതും സന്തോഷമുള്ള കാര്യമാണ്", എന്ന് അക്ഷയ് കുമാറും കുറിച്ചു.

ഹൈവാനില്‍ സെയ്ഫ് അലി ഖാനാണ് നായകനാവുന്നത്. അക്ഷയ് കുമാര്‍ വില്ലനാണെന്നാണ് സൂചന. മോഹന്‍ലാല്‍ - പ്രിയദര്‍ശന്‍ ചിത്രമായ ഒപ്പത്തിന്റെ ഹിന്ദി റീമേക്കാണ് ഹൈവാന്‍. 2016ലാണ് മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായ ഒപ്പം തിയേറ്ററിലെത്തിയത്. പ്രിയദര്‍ശന്‍ തന്നെയായിരുന്നു ചിത്രത്തിന്റെ സംവിധാനവും രചനയും. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിച്ചത്. ജയരാമന്‍ എന്ന അന്ധനായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അഭിനയിച്ചത്.

കെവിഎന്‍ പ്രൊഡക്ഷന്‍സും തെസ്പിയന്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. 2026ല്‍ ചിത്രം തിയേറ്ററിലെത്തും. ഹൈവാന്‍ ഒരു ത്രില്ലറായിരിക്കുമെന്ന് പ്രിയദര്‍ശന്‍ നേരത്തെ അറിയിച്ചിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com