മഹേഷ് ബാബുവിനൊപ്പം പ്രിയങ്ക ചോപ്ര; സംവിധാനം രാജമൗലി?

2026ന്റെ അവസാനം വരെ ചിത്രത്തിന്റെ ഷൂട്ട് ഉണ്ടാകും. ചിത്രം 2027ലായിരിക്കും റിലീസ് ചെയ്യുക
മഹേഷ് ബാബുവിനൊപ്പം പ്രിയങ്ക ചോപ്ര; സംവിധാനം രാജമൗലി?
Published on


ഗ്ലോബല്‍ സ്റ്റാര്‍ പ്രിയങ്ക ചോപ്ര അടുത്തതായി അഭിനയിക്കാന്‍ പോകുന്ന ഇന്ത്യന്‍ സിനിമ എസ്.എസ് രാജമൗലിയുടെ എസ്എസ്എംബി 29 ആണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ അതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഒന്നും തന്നെ വന്നിട്ടില്ല. ഈ വാര്‍ത്ത പ്രിയങ്ക ചോപ്ര സ്ഥിരീകരിച്ചുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. അതിന് കാരണം മറ്റൊന്നുമല്ല, പ്രിയങ്ക ചോപ്ര ഹൈദരാബാദില്‍ എത്തിയിട്ടുണ്ട് എന്നതാണ്. ഇന്‍സ്റ്റഗ്രാമിലൂടെ താരം തന്നെയാണ് യാത്രയുടെ വിവരം പങ്കുവെച്ചത്. ഇതോടെ ആരാധകര്‍ രാജമൗലി സിനിമയുടെ കാര്യം ഏകദേശം ഉറപ്പിച്ചിരിക്കുകയാണ്.

പ്രിയങ്ക ചോപ്ര ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച റീലിലാണ് ടൊറണ്ടോയില്‍ നിന്ന് ദുബായിലേക്കും ദുബായില്‍ നിന്ന് ഹൈദരാബാദിലേക്കുമുള്ള യാത്രയെ കുറിച്ച് പറഞ്ഞിരിക്കുന്നത്. റീലിന് ആര്‍ആര്‍ആര്‍ സിനിമയിലെ റോര്‍ എന്ന ഗാനമാണ് നല്‍കിയിരിക്കുന്നത്. ഇതോടെ ആരാധകരുടെ സംശയം കൂടുകയായിരുന്നു. അങ്ങനെ സമൂഹമാധ്യമത്തില്‍ പ്രിയങ്ക ചോപ്ര രാജമൗലി ചിത്രത്തിന്റെ ഭാഗമാകുന്നുവെന്ന വാര്‍ത്തകള്‍ പ്രചരിച്ചു തുടങ്ങി.

മഹേഷ് ബാബുവാണ് രാജമൗലി ചിത്രത്തിലെ നായകന്‍. രാജമൗലിയുടെ അച്ഛന്‍ വിജയേന്ദ്ര പ്രസാദാണ് കഥ രചിച്ചിരിക്കുന്നത്. ഇന്തിയാനാ ജോണ്‍സ് പോലെ ഒരു ആക്ഷന്‍ അഡ്വഞ്ചര്‍ സിനിമയായിരിക്കും എസ്എസ്എംബി 29 എന്നാണ് സൂചന. ജനുവരി തുടക്കത്തില്‍ ചിത്രത്തിന്റെ പൂജ ചടങ്ങുകള്‍ ഹൈദരാബാദില്‍ വെച്ച് നടന്നിരുന്നു. എന്നാല്‍ ചടങ്ങിന്റെ ചിത്രങ്ങളൊന്നും തന്നെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നില്ല.

ചിത്രത്തിന്റെ ഷൂട്ടിംഗ് 2024 പകുതിയോടെ ആരംഭിക്കാനായിരുന്നു തീരുമാനം. എന്നാല്‍ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ നീണ്ടു പോവുകയായിരുന്നു. 2026ന്റെ അവസാനം വരെ ചിത്രത്തിന്റെ ഷൂട്ട് ഉണ്ടാകും. ചിത്രം 2027ലായിരിക്കും റിലീസ് ചെയ്യുക. ഇന്ത്യ, യുഎസ്, ആഫ്രിക്ക എന്നിവിടങ്ങളിലായിരിക്കും ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുക. റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ പ്രിയങ്ക ചോപ്ര 8 വര്‍ഷത്തിന് ശേഷം വീണ്ടും ഇന്ത്യന്‍ സിനിമയിലേക്ക് തിരിച്ചെത്തും. 2019ല്‍ പുറത്തിറങ്ങിയ സ്‌കൈ ഈസ് പിങ്ക് ആണ് അവസാനമായി റിലീസ് ചെയ്ത പ്രിയങ്കയുടെ ബോളിവുഡ് ചിത്രം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com