
സിനിമയിലും ഒടിടിയിലും ഒരുപോലെ മികച്ച പ്രകടനം കാഴ്ച്ച വെക്കുന്ന അഭിനേത്രിയാണ് പ്രിയങ്ക ചോപ്ര. ഗ്ലോബല്‍ സ്റ്റാര്‍ ആയ പ്രിയങ്ക ചോപ്ര നിരവധി സിനിമകളുടെയും ഹിറ്റ് വെബ് സീരീസിന്റെയും ഭാഗമായിട്ടുണ്ട്. അടുത്തിടെ ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പ്രിയങ്ക സിനിമ vs ഒടിടി എന്ന സംവാദത്തെ കുറിച്ച് സംസാരിച്ചു. രണ്ട് മീഡിയങ്ങളും മികച്ചതാണെന്ന അഭിപ്രായമാണ് പ്രിയങ്ക ചോപ്രയ്ക്കുള്ളത്. എന്നിരുന്നാലും തിയേറ്ററില്‍ പോയി സിനിമ കാണുന്നത് എപ്പോഴും സ്‌പെഷ്യല്‍ ആണെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.
'ഇരുട്ട് നിറഞ്ഞ തിയേറ്ററില്‍, കൂട്ടുകാര്‍ക്കും കുടുംബത്തിനും ഒപ്പം മാത്രമല്ല പരിചയമില്ലാത്ത ഒരു കൂട്ടം ആളുകള്‍ക്കൊപ്പം ഇരുന്ന് സിനിമ കാണുന്നത് വല്ലാത്തൊരു അനുഭവം തന്നെയാണ്. ശബ്ദവും, ബിഗ് സ്്ക്രീന്‍ അനുഭവവും എല്ലാം അത് മികച്ചൊരു അനുഭവമാക്കുന്നു. തിയേറ്ററുകളുടെ മാജിക് ഒരിക്കലും ഇല്ലാതാകുമെന്ന് എനിക്ക് തോന്നുന്നില്ല', എന്നാണ് പ്രിയങ്ക അഭിമുഖത്തില്‍ പറഞ്ഞത്.
ടെക്‌നോളജിയുടെ വളര്‍ച്ചയും സിനിമ ആസ്വാദനത്തെ നല്ല രീതിയില്‍ സ്വാധീനിച്ചിട്ടുണ്ടെന്ന് പ്രിയങ്ക അഭിപ്രായപ്പെട്ടു. തിയേറ്ററില്‍ ടെക്‌നോളജി മൂലം ഉണ്ടാകുന്ന മാറ്റങ്ങള്‍ തീര്‍ച്ചയായും കൂടുതല്‍ പ്രേക്ഷകരെ കൊണ്ടുവരുമെന്നും പ്രിയങ്ക വ്യക്തമാക്കി.
നിലവില്‍ പ്രിയങ്ക ചോപ്ര ബോളിവുഡിലേക്കുള്ള തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ഉടനെ തന്നെ ഒരു ബോളിവുഡ് സിനിമയുമായി പ്രിയങ്ക പ്രേക്ഷകരിലേക്ക് എത്തും. അതിനിടെ എസ്.എസ് രാജമൗലി-മഹേഷ് ബാബു ചിത്രത്തില്‍ പ്രിയങ്കയാണ് നായിക എന്ന വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഒന്നും തന്നെ വന്നിട്ടില്ല.