രാജമൗലി ചിത്രത്തില്‍ വന്‍ പ്രതിഫലം വാങ്ങി പ്രിയങ്ക? ദീപിക പദുകോണിനെ പിന്നിലാക്കിയെന്ന് റിപ്പോര്‍ട്ട്

രാജമൗലി ചിത്രത്തിന്റെ ജോലികളിലാണെന്നാണ് സൂചന. 2027ലായിരിക്കും ചിത്രം തിയേറ്ററിലെത്തുക
രാജമൗലി ചിത്രത്തില്‍ വന്‍ പ്രതിഫലം വാങ്ങി പ്രിയങ്ക? ദീപിക പദുകോണിനെ പിന്നിലാക്കിയെന്ന് റിപ്പോര്‍ട്ട്
Published on


എസ്.എസ് രാജമൗലിയുടെ എസ്എസ്എംബി29 എന്ന ചിത്രം സിനിമ മേഖലയില്‍ വലിയ ചര്‍ച്ച വിഷയമായിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തില്‍ ഗ്ലോബല്‍ സ്റ്റാര്‍ പ്രിയങ്ക ചോപ്രയും മഹേഷ് ബാബുവുമാണ് കേന്ദ്ര കഥാപാത്രങ്ങള്‍. ആര്‍ആര്‍ആറിന്റെ ആഗോള വിജയത്തിന് ശേഷം അടുത്ത ഹിറ്റടിക്കാന്‍ ഒരുങ്ങുകയാണ് രാജമൗലി.

പ്രിയങ്ക ചോപ്ര ചിത്രത്തിന്റെ ഭാഗമാകുന്നു എന്ന വാര്‍ത്തകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഒന്നും തന്നെ വന്നിട്ടില്ല. പക്ഷെ അടുത്തിടെ രാജമൗലി പങ്കുവെച്ച ഒരു സോഷ്യല്‍ മീഡിയ പോസ്റ്റിന് താഴെ പ്രിയങ്ക കമന്റ് ചെയ്തിരുന്നു. അതുമാത്രമല്ല താരം ഹൈദരാബാദില്‍ എത്തിയെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു. ഇതെല്ലാം സൂചിപ്പിക്കുന്നത് പ്രിയങ്ക ചോപ്ര തീര്‍ച്ചയായും രാജമൗലി ചിത്രത്തിന്റെ ഭാഗമാകും എന്ന് തന്നെയാണ്.

അതിനിടയിലാണ് പ്രിയങ്ക ചോപ്രയുമായി ബന്ധപ്പെട്ട പുതിയൊരു വാര്‍ത്ത പുറത്തുവന്നത്. ചിത്രത്തിനായി പ്രിയങ്ക വാങ്ങിച്ച പ്രതിഫലത്തിന്റെ കണക്കുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 30 കോടിയാണ് താരം പ്രതിഫലമായി വാങ്ങിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതോടെ പ്രിയങ്ക ചോപ്ര ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന നടിയായി മാറി. ദീപിക പദുകോണിനെ പിന്നിലാക്കിക്കൊണ്ടാണ് താരം ഈ നേട്ടം കൈവരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പ്രിയങ്ക ആദ്യം 30 കോടിക്ക് മുകളില്‍ പ്രതിഫലം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ 30 കോടി നല്‍കാമെന്ന് നിര്‍മാതാക്കള്‍ സമ്മതിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

1000 കോടി ബജറ്റില്‍ ഒരുങ്ങുന്ന അഡ്വെഞ്ചര്‍ എന്റര്‍ട്ടെയിനര്‍ ആണ് ചിത്രം. ആഗോള തലത്തിലും ഇന്ത്യയിലെയും ബോക്‌സ് ഓഫീസ് തകര്‍ക്കാന്‍ പോന്ന സിനിമയായിരിക്കും എസ്എസ്എംബി29 എന്നാണ് ആരാധകര്‍ കരുതുന്നത്. ചിത്രത്തില്‍ ജോണ്‍ എബ്രഹാമും പ്രധാന കഥാപാത്രമാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. നിലവില്‍ ചിത്രത്തിന്റെ പൂജ ചടങ്ങ് പൂര്‍ത്തിയായിട്ടുണ്ട്. രാജമൗലി ചിത്രത്തിന്റെ ജോലികളിലാണെന്നാണ് സൂചന. 2027ലായിരിക്കും ചിത്രം തിയേറ്ററിലെത്തുക.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com