
നടി പ്രിയങ്ക ചോപ്ര നിലവില്‍ രണ്ട് ഹോളിവുഡ് പ്രൊജക്റ്റുകളുടെ പണിപ്പുരയിലാണ്. ഹെഡ്‌സ് ഓഫ് സ്റ്റേറ്റ്, ബ്ലഫ് എന്നീ അമേരിക്കന്‍ സിനിമകളാണ് പ്രിയങ്ക ചോപ്രയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്. ആറ് വര്‍ഷത്തിന് ശേഷം ഗ്ലോബല്‍ സ്റ്റാര്‍ പ്രിയങ്ക ചോപ്ര വീണ്ടും ബോളിവുഡിലേക്ക് മടങ്ങിയെത്താന്‍ ഒരുങ്ങുകയാണെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഒരു ഹിന്ദി സിനിമ ചെയ്യാനുള്ള തീരുമാനത്തിലാണെന്ന് പ്രിയങ്ക ചോപ്ര അടുത്തിടെ അറിയിച്ചു.
'തമാശ പറയുകയല്ല. ഞാന്‍ നിരവധി സംവിധായകരെ കാണാറുണ്ട്. തിരക്കഥകളും വായിക്കാറുണ്ട്. ഹിന്ദിയില്‍ ഒരു സിനിമ ചെയ്യാന്‍ ആയി ഞാന്‍ നിരന്തരം നോക്കിക്കൊണ്ടിരിക്കുകയാണ്. ഈ വര്‍ഷം എനിക്ക് വളരെ തിരക്കേറിയതായിരുന്നു. പക്ഷെ ഒരു ഹിന്ദി സിനിമ ശരിയായി വന്നിട്ടുണ്ട്. അത്ര മാത്രമെ ഞാന്‍ ഇപ്പോള്‍ പറയുന്നുള്ളൂ', എന്നാണ് എച്ച്ടി സിറ്റിക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രിയങ്ക പറഞ്ഞത്.
സ്വാഭാവികമായും അടുത്ത ചോദ്യം ആ സിനിമ ഫര്‍ഹാന്‍ അക്തറിന്റെ ജീ ലേ സറയായിരിക്കുമോ എന്നതാണ്. അതിനായി ഫര്‍ഹാന്റെ നിര്‍മാണ കമ്പനിയായ എക്‌സല്‍ എന്റര്‍ട്ടെയിന്‍മെന്റിനോട് സംസാരിക്കേണ്ടിയിരിക്കുന്നു എന്നും പ്രിയങ്ക ചോപ്ര പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളൊന്നും തന്നെ താരം പുറത്തുവിട്ടിട്ടില്ല.
2021ലെ പ്രഖ്യാപന സമയം തൊട്ടെ റോഡ് മൂവിയായ ജീ ലേ സറാ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചാ വിഷയമാണ്. പ്രിയങ്ക ചോപ്ര, കത്രീന കൈഫ്, ആലിയ ഭട്ട് എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. സോയ അക്തര്‍, ഫര്‍ഹാന്‍ അക്തര്‍, റീമ കാഗ്ടി എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്. ഫര്‍ഹാന്‍ അക്തറാണ് സിനിമയുടെ സംവിധായകന്‍.