പ്രിയങ്ക ചോപ്ര ഇനി രാജമൗലി ചിത്രത്തില്‍? റിലീസ് 2027ല്‍

2019ല്‍ പുറത്തിറങ്ങിയ സ്‌കൈ ഈസ് പിങ്ക് ആണ് അവസാനമായി റിലീസ് ചെയ്ത പ്രിയങ്കയുടെ ബോളിവുഡ് ചിത്രം
പ്രിയങ്ക ചോപ്ര ഇനി രാജമൗലി ചിത്രത്തില്‍? റിലീസ് 2027ല്‍
Published on


ഗ്ലോബല്‍ സ്റ്റാര്‍ പ്രിയങ്ക ചോപ്ര ഇന്ത്യന്‍ സിനിമയിലേക്ക് മടങ്ങി വരാനൊരുങ്ങുകയാണെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഫര്‍ഹാന്‍ അക്തറിന്റെ ജീലേസറാ എന്ന ബോളിവുഡ് ചിത്രത്തിലൂടെയായിരിക്കും പ്രിയങ്ക ഇന്ത്യന്‍ സിനിമയിലേക്ക് തിരിച്ചെത്തുക എന്നായിരുന്നു പുറത്തുവന്ന വാര്‍ത്തകള്‍. എന്നാല്‍ അതിനൊരു മാറ്റം വന്നിരിക്കുകയാണ്. എസ്.എസ് രാജമൗലി സംവിധാനം ചെയ്യുന്ന മഹേഷ് ബാബു ചിത്രത്തിലൂടെയായിരിക്കും പ്രിയങ്കയുടെ മടങ്ങി വരവ് എന്നതാണ് പുതിയതായി വരുന്ന റിപ്പോര്‍ട്ടുകള്‍.

പ്രിയങ്ക ചോപ്രയാണ് രാജമൗലിയുടെ അടുത്ത ചിത്രത്തിലെ നായിക എന്നാണ് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ ഷൂട്ടിംഗ് 2025ല്‍ ആരംഭിക്കും. 'സിനിമ നിലവില്‍ അതിന്റെ അവസാന ഘട്ട എഴുത്തിലാണ്. 2025 ഏപ്രിലില്‍ ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഗ്ലോബല്‍ പ്രെസന്‍സുള്ള ഒരു നായികയെ ആയിരുന്നു രാജമൗലി തന്റെ സിനിമയ്ക്കായി നോക്കിയിരുന്നത്. അതിന് പ്രിയങ്ക ചോപ്രയെക്കാള്‍ മികച്ച ഒരാള്‍ വേറെയില്ല. പ്രിയങ്ക ചോപ്രയുമായി കഴിഞ്ഞ ആറ് മാസമായി നിരവധി മീറ്റിംഗുകള്‍ രാജമൗലി നടത്തിയിരുന്നു', എന്നാണ് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നത്.

'പ്രിയങ്ക ചോപ്ര രാജമൗലിക്കും മഹേഷ് ബാബുവിനും ഒപ്പം ഇതുവരെ കാണത്ത തരത്തിലുള്ള ഒരു സിനിമ നിര്‍മിക്കാന്‍ ആവേശത്തോടെ കാത്തിരിക്കുകയാണ്. കേന്ദ്ര കഥാപാത്രത്തിനൊപ്പം ആക്ഷന് പ്രാധാന്യമുള്ള കഥാപാത്രമായിരിക്കും പ്രിയങ്ക ചോപ്രയുടേത്. നിലവില്‍ പ്രിയങ്ക ചോപ്ര സിനിമയുമായി ബന്ധപ്പെട്ട തയ്യാറെടുപ്പിലാണ്', എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2026ന്റെ അവസാനം വരെ ചിത്രത്തിന്റെ ഷൂട്ട് ഉണ്ടാകും. ചിത്രം 2027ലായിരിക്കും റിലീസ് ചെയ്യുക. ഇന്ത്യ, യുഎസ്, ആഫ്രിക്ക എന്നിവിടങ്ങളിലായിരിക്കും ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുക. റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ പ്രിയങ്ക ചോപ്ര 8 വര്‍ഷത്തിന് ശേഷം വീണ്ടും ഇന്ത്യന്‍ സിനിമയിലേക്ക് തിരിച്ചെത്തും. 2019ല്‍ പുറത്തിറങ്ങിയ സ്‌കൈ ഈസ് പിങ്ക് ആണ് അവസാനമായി റിലീസ് ചെയ്ത പ്രിയങ്കയുടെ ബോളിവുഡ് ചിത്രം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com