
ലഹരി ഉപയോഗത്തിനെതിരെ സിനിമാ പ്രവര്‍ത്തകരില്‍ നിന്ന് സത്യവാങ്മൂലം എഴുതി വാങ്ങാന്‍ നിര്‍മാതാക്കളുടെ സംഘടന. സിനിമാ ചിത്രീകരണ സമയത്തോ അതുമായി ബന്ധപ്പെട്ട് താമസിക്കുന്ന സ്ഥലങ്ങളിലോ ലഹരി ഉപയോഗിക്കില്ലെന്നാണ് എഴുതി നല്‍കേണ്ടത്. നടീ നടന്മാര്‍ അടക്കം എല്ലാവര്‍ക്കും ഇത് ബാധകമാണെന്നും അസോസിയേഷന്‍ പറഞ്ഞു.
A.M.M.A, ഫെഫ്ക എന്നീ സംഘടനകളോടാണ് സത്യവാങ്മൂലം ആവശ്യപ്പെട്ടിരിക്കുന്നത്. ഫെഫ്ക വിഷയത്തില്‍ അനുകൂലമായി പ്രതികരിച്ചതായി റിപ്പോർട്ടുണ്ട്. അതേസമയം A.M.M.A ജനറൽ ബോഡി യോഗത്തിൽ ഈ നിർദ്ദേശം ചർച്ച ചെയ്ത് അന്തിമ നിലപാട് സ്വീകരിക്കും. ജൂൺ 24 നകം A.M.M.Aയോട് അഭിപ്രായം അറിയിക്കണമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ അഭ്യർത്ഥിച്ചു.
വേതന കരാറിനൊപ്പം ഈ സത്യവാങ്മൂലം കൂടി നിര്‍ബന്ധമാക്കിയേക്കും. ലഹരി വിരുദ്ധ ദിനമായ ജൂണ്‍ 26 മുതല്‍ നിബന്ധന നടപ്പില്‍ വരുത്തുമെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു.
മലയാള സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം വലിയ തരത്തില്‍ വിവാദമായിരുന്നു. അതിന് പിന്നാലെയാണ് ഇത് തടയാനുള്ള നീക്കവുമായി നിര്‍മാതാക്കളുടെ സംഘടന രംഗത്തെത്തിയത്.