
ജൂനിയർ എന്‍ടിആർ ചിത്രം 'ദേവര'യ്ക്ക് രണ്ടാം ഭാഗം എത്തുന്നു. സിനിമ റിലീസ് ആയി ഒരു വർഷം പൂർത്തിയാക്കിയ വേളയിലാണ് ആരാധകരെ ഞെട്ടിച്ചുകൊണ്ട് നിർമാതാക്കള്‍ അടുത്ത ഭാഗം പ്രഖ്യാപിച്ചത്.
സമൂഹമാധ്യമത്തിലൂടെയാണ് ദേവരയുടെ നിർമാതാക്കളായ യുവസുധാ ആർട്സ് ചിത്രത്തിന്റെ രണ്ടാം ഭാഗം ഔഗ്യോഗികമായി പ്രഖ്യാപിച്ചത്. "എല്ലാ തീരങ്ങളെയും വിറപ്പിച്ച് സംഹാരത്തിന്റെ ആ തിര ആഞ്ഞടിച്ചിട്ട് ഒരു വർഷം തികയുന്നു....ലോകം ദേവര എന്ന പേര് ഓർക്കുന്നു. അത് അഴിച്ചുവിട്ട ഭയവും നേടിയെടുത്ത സ്നേഹവും തെരുവുകള്‍ ഒരിക്കലും മറക്കില്ല. ഇനി ദേവര 2നായി ഒരുങ്ങുക," നിർമാതാക്കള്‍ എക്സില്‍ കുറിച്ചു.
രണ്ടാം ഭാഗത്തിലും ജൂനിയർ എന്‍ടിആർ 'ദേവര' ആയി എത്തും. കൊരട്ടാല ശിവ തന്നെയാകും സിനിമയുടെ സംവിധാനം. അനിരുദ്ധ് രവിചന്ദർ ആയിരിക്കും രണ്ടാം ഭാഗത്തിന് സംഗീതം ഒരുക്കുക. മറ്റ് അഭിനേതാക്കളെക്കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
'ദേവര പാർട്ട് വണ്ണി'ന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചതെങ്കിലും ചിത്രം ആഗോള തലത്തില്‍ 400 കോടി രൂപ കളക്ട് ചെയ്തിരുന്നു. ജൂനിയര്‍ എന്‍ടിആറിനൊപ്പം ജാന്‍വി കപൂറും സെയ്ഫ് അലി ഖാനുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പ്രകാശ് രാജ്, ശ്രീകാന്ത് മേക്ക, ഷൈന്‍ ടോം ചാക്കോ, നരേന്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എന്‍ടിആര്‍ ആര്‍ട്സും യുവസുധ ആര്‍ട്സും ചേര്‍ന്ന് നിർമിച്ച ചിത്രം ദുല്‍ഖർ സല്‍മാന്റെ വെഫെറര്‍ ഫിലിംസാണ് കേരളത്തില്‍ വിതരണം ചെയ്തത്.