
കാർത്തിയും അരവിന്ദ് സ്വാമിയും പ്രധാന കഥാപാത്രങ്ങളിലെത്തിയ ചിത്രം മെയ്യഴകനിൽ 18 മിനിറ്റ് ദൈര്‍ഘ്യമുള്ള രംഗങ്ങൾ നീക്കം ചെയ്ത് അണിയറ പ്രവർത്തകർ. വിജയ് സേതുപതിയും തൃഷയും ഒന്നിച്ച '96 ' സംവിധാനം ചെയ്ത സി പ്രേംകുമാറാണ് ഈ ചിത്രവും സംവിധാനം ചെയ്തിരിക്കുന്നത്. 96 പോലെ തന്നെ മികച്ച അനുഭവം നൽകുന്ന ചിത്രമാണെങ്കിലും ഇതിലെ വലിയ ദൈര്‍ഘ്യം ഒരു പ്രശ്നമായി പ്രേക്ഷകർ ചൂണ്ടിക്കാട്ടിയിരുന്നു. ചിത്രത്തിന്റെ ദൈര്‍ഘ്യത്തെ കുറിച്ച് നിരവധി പോസ്റ്റുകളും സമൂഹ മാധ്യമങ്ങളിലെത്തി. ഇതിനെ തുടർന്ന് നിർമാതാക്കൾ 18 മിനിട്ടുള്ള രംഗങ്ങൾ നീക്കം ചെയുകയായിരുന്നു.
നേരത്തെ 2 മണിക്കൂര്‍ 57 മിനിറ്റ് ദൈര്‍ഘ്യമുണ്ടായിരുന്ന ചിത്രം ഇപ്പോള്‍ 2 മണിക്കൂർ 39 മിനിറ്റ് ആയി. ട്രിം ചെയ്ത പതിപ്പ് ഇന്നലെ തന്നെ (സെപ്റ്റംബര്‍ 30) തീയേറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ചു. ഗ്രാമീണ പശ്ചാത്തലത്തിലൊരുക്കിയ ഒരു ഇമോഷണല്‍- ഫീല്‍ഗുഡ് പടമാണ് മെയ്യഴകൻ.
സി പ്രേംകുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ സംഗീതമൊരുക്കിയത് ഗോവിന്ദ് വസന്തയാണ്. കമല്‍ഹാസന്‍ സിനിമക്കായി ഒരു ഗാനം ആലപിച്ചിട്ടുമുണ്ട്. മഹേന്ദ്രന്‍ രാജു ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിനായി ആര്‍. ഗോവിന്ദ രാജാണ് എഡിറ്റിങ് കൈകാര്യം ചെയ്യുന്നത്.
രാജ് കിരണ്‍, ശ്രീദിവ്യ, സ്വാതി കൊണ്ടേ, ദേവദര്‍ശിനി, ജയപ്രകാശ്, ശ്രീരഞ്ജിനി, ഇളവരസ്, കരുണാകരന്‍, ശരണ്‍ ശക്തി, റൈച്ചല്‍ റെബേക്ക, മെര്‍ക്ക് തൊടര്‍ച്ചി മലൈ ആന്റണി, രാജ്കുമാര്‍, ഇന്ദുമതി മണികണ്ഠന്‍, റാണി സംയുക്ത, കായല്‍ സുബ്രമണി, അശോക് പാണ്ഡ്യന്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കാര്‍ത്തിയുടെ കരിയറിലെ 27-ാമത്തെ ചിത്രമാണ് മെയ്യഴകന്‍.