മോദി ഇല്ലായിരുന്നെങ്കിലോ? പ്രൊപ്പഗാണ്ട ഫ്ലേവറിൽ ഒരു റിവഞ്ച് സ്റ്റോറി | DHURANDHAR 2 REVIEW

മോദി ഇന്ത്യയിലാണ് ഇത്തവണ കഥ നടക്കുന്നത്. ഇത് കേവലം സമയം അടയാളപ്പെടുത്താനുള്ള സൂചകം മാത്രമല്ല.
മോദി ഇല്ലായിരുന്നെങ്കിലോ? പ്രൊപ്പഗാണ്ട ഫ്ലേവറിൽ ഒരു റിവഞ്ച് സ്റ്റോറി | DHURANDHAR 2 REVIEW
Published on
Updated on

ഇന്ത്യൻ സിനിമയുടെ ഭാവി 'ധുരന്ധർ ദ റിവഞ്ച്' നിശ്ചയിക്കും! ഇതെന്റെ വാക്കല്ല. 'ധുരന്ധർ 2' റിലീസിന് മുൻപ് നായകൻ രൺവീർ സിംഗ് പറഞ്ഞതാണ്. രൺവീർ മാത്രമല്ല, 'ധുരന്ധർ' സിനിമകളെ ഐതിഹാസികമായി കാണുന്നവർ സിനിമയ്ക്ക് അകത്തും പുറത്തുമുണ്ട്. പ്രശസ്ത ബോളിവുഡ് സംവിധായകൻ രാം ​ഗോപാൽ വർമയുടെ അഭിപ്രായത്തിൽ ക്രിസ്റ്റഫർ നോളനും സ്റ്റീവൻ സ്പിൽബർ​ഗും ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന പരിപാടി നിർത്തിവച്ച് 'ധുരന്ധർ 2' കാണണം. ആർജിവിയെ കുറ്റം പറയാൻ പറ്റില്ല. ക്രാഫ്റ്റുകൊണ്ട് ഏതൊരാളുടെയും യുക്തിയുടെ കണ്ണു കെട്ടാൻ സംവിധായകൻ ആദിത്യ ധറിന് സാധിക്കുന്നുണ്ട്; ആദ്യ ഭാഗത്തിലെന്നപോലെ രണ്ടാം ഭാഗത്തിലും.

ആക്ഷനും വയലൻസും തന്നെയാണ് 'ധുരന്ധർ ദ റിവഞ്ചി'ന്റെയും ഹൈലൈറ്റ്. വയലൻസ് അൽപ്പം കൂടിയിട്ടുണ്ടെങ്കിലേയുള്ളൂ. ജസ്കീരത് സിം​ഗ് രാം​ഗി എന്ന പഞ്ചാബി യുവാവ് എങ്ങനെ ഹംസ അലി മസാരി ആയി? പാകിസ്ഥാൻ അധോലോകത്തിലേക്കും അതുവഴി തീവ്രവാദ ശൃംഖലയിലേക്കും നടന്നുകയറാൻ, അല്ല നുഴഞ്ഞുകയറാൻ അയാളെ പ്രേരിപ്പിച്ചത് എന്താണ്? ഇതാണ് 'ധുരന്ധ‍ർ 2' പറയുന്നത്. സിനിമയുടെ ടൈറ്റിലിൽ തന്നെ ഈ രണ്ട് ചോദ്യങ്ങൾക്കുമുള്ള ഉത്തരമുണ്ട്. പ്രതികാരം. സ്വന്തം വീടിനും നാടിനും വേണ്ടിയുള്ള റിവഞ്ച്.

സിനിമ തുടങ്ങി ആദ്യ അഞ്ച് മിനുട്ടിൽ തന്നെ ഗ്യാങ്സ്റ്ററും യുപിയിൽ നിന്നുള്ള മുൻ എംപിയുമായ ആതിഖ് അഹമ്മദിൽ നിന്ന് പേരിലും രൂപത്തിലും മില്ലീ വ്യത്യാസം മാത്രമുള്ള ഒരു വ്യക്തിയെ കാണിക്കുന്നു. അടുത്ത സീനിൽ ജസ്കീരതിനെ ​ഹംസ ആക്കിയ സംഭവവും. ഇത്രയും പറഞ്ഞുവച്ചതിന് ശേഷമാണ് കഥ കൂടുതൽ സംഭവപരമ്പരകളിലേക്ക് നീങ്ങുന്നത്.

മോദി ഇല്ലായിരുന്നെങ്കിലോ? പ്രൊപ്പഗാണ്ട ഫ്ലേവറിൽ ഒരു റിവഞ്ച് സ്റ്റോറി | DHURANDHAR 2 REVIEW
അത്ര വയലൻസ് വേണ്ട! 'ധുരന്ധർ 2'വിനും സെൻസർ കട്ട്

മോദി ഇന്ത്യയിലാണ് ഇത്തവണ കഥ നടക്കുന്നത്. ഇത് കേവലം സമയം അടയാളപ്പെടുത്താനുള്ള സൂചകം മാത്രമല്ല. നരേന്ദ്ര മോദി ഇല്ലെങ്കിൽ ഈ സിനിമ ഉണ്ടാകില്ല. അതെ, പ്രധാനമന്ത്രിയായുള്ള മോദിയുടെ സത്യപ്രതിജ്ഞ, നോട്ട് നിരോധിക്കാനുള്ള തീരുമാനം എന്നിവ കഥയുടെ സുപ്രധാന വഴിത്തിരിവാണ്. ഇതാണ് ഹംസയ്ക്ക്, ഇന്ത്യക്ക് പ്രതികാരം ചെയ്യാനുള്ള സുവർണാവസരം ഒരുക്കുന്നത് എന്നാണ് സിനിമ പറഞ്ഞുവയ്ക്കുന്നത്. മോദി ഈ സിനിമയിൽ അവതാര പുരുഷനാണ്. പുതിയ ഇന്ത്യയുടെ സ്ഥാപകനാണ്.

ഗംഭീര ആക്ഷനും, ഫ്രെയിമുകൾക്കും, പാട്ടുകൾക്കും ഇടയിൽ ചെറുതായി മോദി, യോ​ഗി, എന്നൊക്കെ പറയുന്നത് കാര്യമാക്കേണ്ടതുണ്ടോ? സിനിമ ഫിക്ഷനല്ലേ? അല്ല. മോദിയെ വ്യക്തമായി സ്ക്രീനിൽ കാണിക്കുകയും രാജ്യത്ത് നടന്ന വൈകാരികമായി നമ്മളെ പ്രകോപിപ്പിച്ചേക്കാവുന്ന സംഭവങ്ങളിലൂടെ കഥ പറയുകയും ചെയ്യുമ്പോൾ സിനിമയ്ക്ക് മുൻപ് എഴുതിക്കാണിക്കുന്ന ഡിസ്ക്ലൈമർ അർഥശൂന്യമാണ്. മോദിയേയും യോ​ഗിയേയും തോൽപ്പിക്കാൻ യൂണിവേഴ്സിറ്റികൾക്കും എൻജിഒകൾക്കും ജേണലിസ്റ്റുകൾക്കും സോഷ്യലിസ്റ്റുകൾക്കും പാകിസ്ഥാൻ ഫണ്ട് നൽകി എന്ന് പറയുമ്പോൾ സിനിമ കാണിയിലേക്ക് രാഷ്ട്രീയം കുത്തിവയ്ക്കുന്നുണ്ട്. മോദിയുടെ നയങ്ങളാണ് ഇന്ത്യയെ തിരിച്ചടിക്കാൻ പ്രാപ്തരാക്കിയതെന്ന് പറയുമ്പോൾ, അതിനു മുൻപ് ഈ രാജ്യം ഭരിച്ചത് പാവ സർക്കാരുകളാണെന്ന് സൂചിപ്പിക്കുമ്പോൾ അത് ഇമേജ് ലോണ്ടറിങ്ങിന് അപ്പുറം മറ്റൊന്നുമല്ല. എതിർസ്വരങ്ങളെ അതിദേശീയത കൊണ്ട് മ്യൂട്ട് ചെയ്യാൻ സംഘപരിവാർ ഉപയോ​ഗിക്കുന്ന അതേ ആഖ്യാനം ആണ് ഈ സിനിമ പിന്തുടരുന്നത്. ഒരു ആക്ഷനും അത് മറയ്ക്കാൻ സാധിക്കില്ല.

'കേരള സ്റ്റോറി'കൾ എടുക്കുന്നവർ 'ധുരന്ധർ' ഉറപ്പായും കണ്ടിരിക്കണം. ഇത് നിങ്ങൾക്കുള്ള വർക്കിങ് മാനുവൽ ആണ്. പ്രൊപ്പ​ഗാണ്ട പടങ്ങൾക്ക് ഒരു പാഠപുസ്തകം. ആദിത്യ ധർ ഈ പുസ്തകത്തെ പുതിയകാല ചേരുവകളുടെ വർണകടലാസുകൊണ്ട് മനോഹരമായി പൊതിഞ്ഞിരിക്കുകയാണ്. അതിനുള്ളിൽ അതിദേശീയതയും സംഘപരിവാർ ഭക്തിയും ഒളിഞ്ഞിരിക്കുന്നു. ശാശ്വത് സച്ച്ദേവിന്റെ സം​ഗീതവും ശിവകുമാർ വി. പണിക്കരുടെ എഡിറ്റിങ്ങും വികാഷ് നൗലഖയുടെ ക്യാമറയും ഒരു പരിധിവരെ വിദ​ഗ്ധമായി ഇത് മറയ്ക്കുന്നുണ്ട്. പക്ഷേ മുദ്രാവാക്യങ്ങൾ പതുക്കെ വിളിക്കാൻ പറ്റില്ലല്ലോ?

എന്തായാലും ആ‍ർജിവിക്ക് ഒരു തിരുത്തുണ്ട്. നോളനും സ്പിൽബർ​ഗിനും അവർ ചെയ്തുകൊണ്ടിരിക്കുന്ന പരിപാടി തുടരാം. ആദിത്യ ധറിന് സമയം കിട്ടിയാൽ ശ്രീറാം രാഘവന്റെ 'ഇക്കീസ്' ഒന്നു കണ്ടുനോക്കാം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com