
കിരണ്‍ റാവു സംവിധാനം ചെയ്ത് ആമിര്‍ ഖാന്‍ നിര്‍മിച്ച ലാപത്താ ലേഡീസ് ഇന്നലെ സുപ്രീം കോടതിയില്‍ പ്രത്യേക പ്രദര്‍ശനം നടന്നിരുന്നു. ഇപ്പോഴിതാ തന്റെ ചിത്രം സുപ്രീം കോടതിയില്‍ പ്രദര്‍ശിപ്പിക്കാന്‍ സാധിച്ചതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് സംവിധായിക കിരണ്‍ റാവു. ലാപത്താ ലേഡീസ് ചരിത്രം സൃഷ്ടിച്ചതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്നാണ് കിരണ്‍ പറഞ്ഞത്.
'സുപ്രീം കോടതിയില്‍ പ്രദര്‍ശിപ്പിച്ച് ലാപത്താ ലേഡീസ് ചരിത്രം സൃഷ്ടിച്ചതില്‍ എനിക്ക് അതിയായ സന്തോഷവും അഭിമാനവുമുണ്ട്. ഈ ബഹുമതിക്ക് ഞാന്‍ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിനോട് നന്ദി പറയുന്നു. തുടക്കം മുതലെ ഭൂലിന്റെയും ജയയുടെയും കഥ ആളുകളിലേക്ക് എത്തുമെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. എന്നാല്‍ പ്രേക്ഷകരില്‍ നിന്നുള്ള അതിഗംഭീരമായ സ്‌നേഹം ഞങ്ങളുടെ പ്രതീക്ഷയ്ക്ക് അപ്പുറമായിരുന്നു. ഞങ്ങളുടെ സിനിമയ്ക്ക് ഇത്രയും സ്‌നേഹവും പിന്തുണയും തന്നതിന് ഒരുപാട് നന്ദി', കിരണ്‍ പറഞ്ഞു.
2010ലെ ധോബി ഘട്ട് എന്ന ചിത്രത്തിന് ശേഷം കിരണ്‍ റാവു സംവിധാനം ചെയ്ത ചിത്രമാണ് ലാപത്താ ലേഡീസ്. മാര്‍ച്ച് 1നാണ് ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്തത്. അതിന് ശേഷം ഏപ്രില്‍ 26ന് ചിത്രം നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്തിരുന്നു. ഭൂല്‍ കുമാരി, ജയ, ദീപക് എന്നിവരുടെ കഥയാണ് ചിത്രം പറയുന്നത്. നമ്മുടെ രാജ്യത്ത് സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങളെ രസകരമായ രീതിയിലാണ് കിരണ്‍ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.