
അല്ലു അര്‍ജുൻ നായകനായെത്തുന്ന പുഷ്പ 2: ദി റൂള്‍ ഡിസംബര്‍ 5 ന് തീയേറ്ററുകളിലെത്തും. താരത്തിന്‍റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം അഡ്വാന്‍സ് ബുക്കിങ്ങില്‍ തരംഗം സൃഷ്ടിക്കുകയാണ്. റിലീസിന് രണ്ട് ദിവസം ശേഷിക്കെ ചിത്രം ഇതിനകം 50 കോടി നേടിക്കഴിഞ്ഞു.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, പുഷ്പ 2 ഇതുവരെ ഒരു ദശലക്ഷം ടിക്കറ്റുകള്‍ വിറ്റഴിച്ചതായാണ് കണക്ക്. അടുത്ത രണ്ടു ദിവസങ്ങളില്‍ എണ്ണം ഇനിയും വർധിക്കുമെന്നാണ് പ്രതീക്ഷ. ട്രാക്കിംഗ് വെബ്‌സൈറ്റ് ആയ സാക്കിനില്‍ക് നൽകുന്ന വിവരം അനുസരിച്ച് ഇന്ത്യ ടുഡേ ആണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.
ചിത്രത്തിന്റെ 2D തെലുഗു പതിപ്പിന്റെ അഡ്വാന്‍സ് ബുക്കിങ്ങില്‍ ഇതിനകം 17.16 കോടി നേടിയിട്ടുണ്ട്. 12 കോടി നേടി ഹിന്ദി പതിപ്പാണ് അഡ്വാൻസ് ബുക്കിങ്ങിൽ രണ്ടാമതുള്ളത്. പുഷ്പ 2ന്റെ തമിഴ് പതിപ്പ് 82.4 ലക്ഷം രൂപയും മലയാളം പതിപ്പ് 1.02 കോടി രൂപയും നേടി.
സുകുമാര്‍ സംവിധാനം ചെയ്ത പുഷ്പ 2: ദി റൂള്‍ ആറ് ഭാഷകളിലായാണ് ഇന്ത്യയിൽ റിലീസിനൊരുങ്ങുന്നത്. അല്ലു അര്‍ജുന്‍, രശ്മിക മന്ദാന, ഫഹദ് ഫാസില്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഏകദേശം 400 കോടി ബഡ്ജറ്റില്‍ ആണ് ചിത്രം ഒരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഷാരൂഖ് ഖാന്‍റെ ജവാന്‍, യാഷിന്റെ കെജിഎഫ്: ചാപ്റ്റര്‍ 2 എന്നിവയുടെ കളക്ഷനുകള്‍ പുഷ്പ 2 മറികടക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.