
ആരാധകരുടെ കാത്തിരിപ്പിനൊടുവിൽ അല്ലു അർജുൻ ചിത്രം 'പുഷ്പ 2: ദി റൂൾ ട്രെയിലർ പുറത്തിറങ്ങി. ഡിസംബർ അഞ്ചിന് ചിത്രം റിലീസ് ചെയ്യും. അല്ലു അർജുൻ, ഫഹദ് ഫാസിൽ, രശ്മിക മന്ദാന എന്നിവർ പ്രധാന വേഷം ചെയ്യുന്ന ചിത്രം ഒരുക്കിയിരിക്കുന്നത് 500 കോടിക്ക് മുകളിൽ ബഡ്ജറ്റിലാണ്. ഒരു മണിക്കൂറിനകം 3.46 മില്യൺ പേരാണ് തെലുഗ് ട്രെയിലർ കണ്ടത്. ഹിന്ദിയും 2 മില്യൺ കടന്നുകഴിഞ്ഞു.
സുകുമാർ സംവിധാനം ചെയ്ത ചിത്രത്തിൻ്റെ ആദ്യ ഭാഗത്തിലൂടെ അല്ലു അർജുൻ മികച്ച നടനുള്ള ദേശീയ അവാർഡ് സ്വന്തമാക്കിയിരുന്നു. ആക്ഷൻ-ത്രില്ലർ വിഭാഗത്തിൽ ഉൾപ്പെടുത്താവുന്ന ചിത്രം ആദ്യ ഭാഗത്തിൻ്റെ വിജയം ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് സിനിമയുടെ അണിയറ പ്രവർത്തകർ.
പുഷ്പയുടെ രണ്ടാം ഭാഗത്തിന്റെ റിലീസ് വൈകുന്നത് സിനിമാ ലോകത്ത് ചർച്ചയായിരിക്കെയാണ് ട്രെയ‌്ലർ പുറത്തുവിട്ടിരിക്കുന്നത്. 2021 ഡിസംബർ 17നാണ് ആദ്യ ഭാഗം 'പുഷ്പ: ദി റൈസ്' റിലീസ് ചെയ്തത്. ആഗോള തലത്തിൽ 390 കോടിക്ക് മുകളിൽ ചിത്രം കളക്ഷൻ നേടിയതിന് പുറമെ അല്ലു അർജുന് പാൻ ഇന്ത്യൻ തലത്തിൽ ജനപ്രീതിയും നേടിക്കൊടുത്ത ആദ്യ സിനിമയാണിത്.
ബീഹാറിലെ പാറ്റ്നയിൽ നടന്ന ഇവന്റിലാണ് ട്രെയിലർ ലോഞ്ച് ചെയ്തത്. ബീഹാറിൽ വെച്ച് ട്രെയ‌്ലർ ലോഞ്ച് ചെയ്തതിന് സിനിമാ ലോകത്ത് ചർച്ചയായിട്ടുണ്ട്.