
മലയാളത്തിലെ ആദ്യത്തെ ടൈം ലൂപ്പ് ത്രില്ലറായ ഉല്ലാസ് കൃഷ്ണ- സിജു വിൽസൺ ചിത്രം പുഷ്പക വിമാനത്തിന്റെ ട്രെയ്‌ലർ റിലീസായി. മമ്മൂട്ടിയും, മോഹൻലാലും, ആസിഫ് അലിയും ചേർന്ന് സമൂഹ മാധ്യമത്തിലൂടെയാണ് ട്രയ്ലർ റിലീസ് ചെയ്തത്. രാജ്‌കുമാർ സേതുപതി അവതരിപ്പിക്കുന്ന, റയോണ റോസ് പ്രൊഡക്ഷൻസ് നിർമിച്ച ചിത്രം ഒക്ടോബർ നാലിനാണ് റിലീസാകുന്നത്. സിജു വിൽസൻ, നമ്രത, ബാലു വർഗീസ്, ധീരജ് ഡെന്നി എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സന്ദീപ് സദാനന്ദനും, ദീപു എസ് നായരും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.
അടുത്തിടെ റിലീസ് ചെയ്ത ഇതിലെ 'ആലംബനാ' എന്ന ഗാനം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. പ്രണയം, സൗഹൃദം, അതിജീവനം എന്നീ ഘടകങ്ങൾക്ക് പ്രാധാന്യം നൽകിയാണ് പുഷ്പക വിമാനം ഒരുക്കിയിരിക്കുന്നത്. സിദ്ദിഖ്, മനോജ് കെ യു, ലെന, പത്മരാജ് രതീഷ്, സോഹൻ സീനുലാൽ, ഷൈജു അടിമാലി, ജയകൃഷ്ണൻ, ഹരിത്, വസിഷ്ഠ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.
റയോണ റോസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജോൺ കുടിയാൻമല, കിവിസോ മൂവീസ്, നെരിയാ ഫിലിം ഹൗസ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ആരിഫാ പ്രൊഡക്ഷൻസാണ് ചിത്ര പ്രദർശനത്തിനെത്തിക്കുന്നത്.