
ഗര്‍ഭിണിയാണെന്ന് വെളിപ്പെടുത്തി ബോളിവുഡ് താരം രാധിക ആപ്‌തെ. ബുധനാഴ്ച്ച നടന്ന ബിഎഫ്‌ഐ ലണ്ടന്‍ ഫിലിം ഫെസ്റ്റിവലില്‍ വെച്ചാണ് താരം ഗര്‍ഭിണിയാണെന്ന് വെളിപ്പെടുത്തിയത്. ഫെസ്റ്റിവലില്‍ വെച്ച് ഗര്‍ഭിണിയാണെന്ന് വെളിപ്പെടുത്തി ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ് താരം. രാധിക ആപ്തയും ഭര്‍ത്താവ് ബെനഡിക്ട് ടെയ്‌ലറും അവരുടെ ആദ്യത്തെ കുഞ്ഞിനെയാണ് വരവേല്‍ക്കാന്‍ പോകുന്നത്. സിസ്റ്റര്‍ മിഡ്‌നൈറ്റ് എന്ന തന്റെ ചിത്രത്തിന്റെ യുകെ പ്രീമിയറിന് എത്തിയതായിരുന്നു താരം.
ഇന്‍സ്റ്റഗ്രാമിലാണ് രാധിക ഫെസ്റ്റിവലിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചത്. റെഡ് കാര്‍പ്പറ്റില്‍ സിനിമയിലെ അഭിനേതാക്കള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കുമൊപ്പം നില്‍ക്കുന്ന ചിത്രങ്ങളാണ് രാധിക പങ്കുവെച്ചിരിക്കുന്നത്. കറുത്ത ഓഫ് ഷോള്‍ഡര്‍ ഡ്രെസ് ആണ് താരം ധരിച്ചിരിക്കുന്നത്.
2012ലാണ് രാധിക ആപ്‌തെ ബ്രിട്ടീഷ് വയലിനിസ്റ്റും സംഗീത സംവിായകനുമായ ബെനഡിക്ട് ടെയ്‌ലറിനെ വിവാഹം കഴിക്കുന്നത്. 2011ല്‍ രാധിക ലണ്ടനിലെ ഒരു ഡാന്‍സ് സബാറ്റിക്കലിനായി എത്തിയപ്പോഴാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. അതിന് ശേഷം അവര്‍ ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങി. അവരുടെ വിവാഹം അടുപ്പമുള്ളവരെ മാത്രം വിളിച്ച് ഒരു ചെറിയ ചടങ്ങായാണ് ആദ്യം നടത്തിയത്. തുടര്‍ന്ന് 2013ല്‍ ഔദ്യോഗിക ചടങ്ങും നടത്തി.
മെറി ക്രിസ്മസിലാണ് രാധിക ആപ്‌തെ അവസാനമായി അഭിനയിച്ചത്. കത്രീന കൈഫ്, വിജയ് സേതുപതി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രത്തില്‍ അതിഥി വേഷത്തിലാണ് താരം എത്തിയത്. വൈആര്‍എഫ് എന്റര്‍ട്ടെയിന്‍മെന്റ് നിര്‍മിച്ച് നവാഗതനായ ധര്‍മ്മരാജ് ഷെട്ടി സംവിധാനം ചെയ്യുന്ന റിവഞ്ച് ത്രില്ലര്‍ സീരീസായ അക്കയിലും താരം അഭിനയിക്കുന്നുണ്ട്. കീര്‍ത്തി സുരേഷും സീരീസില്‍ പ്രധാന കഥാപാത്രമാണ്.