
കന്നഡ സംവിധായകന്‍ രാജ് ബി ഷെട്ടി അഭിനയത്തിലാണ് അടുത്തിടെയായി മികവ് തെളിയിച്ചിട്ടുള്ളത്. ഒണ്ടു മൊട്ടെയ് കഥെ, ഗരുഡ ഗമന വൃഷഭ വാഹന, സ്വാതി മുത്തി മലെ ഹണിയേ എന്നീ ചിത്രങ്ങളുടെ സംവിധായകനായ അദ്ദേഹം ഇതുവരെ 18ഓളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അതില്‍ ടര്‍ബോ, കൊണ്ടല്‍, രുധിരം എന്നീ മൂന്ന് മലയാള ചിത്രങ്ങളും ഉള്‍പ്പെടുന്നു. താന്‍ നിര്‍മിച്ച ചിത്രമായ സു ഫ്രം സോയുടെ വിജയാഘോഷത്തിലാണിപ്പോള്‍ രാജ്. സംവിധാനത്തിലേക്ക് മടങ്ങിയെത്താന്‍ ഒരുങ്ങുന്ന രാജ് ഇനി ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമാണ് ചെയ്യുന്നതെന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. അതിനിപ്പോള്‍ വ്യക്തത വരുത്തിയിരിക്കുകയാണ് രാജ് ബി ഷെട്ടി. ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി താന്‍ സിനിമ സംവിധാനം ചെയ്യുന്നില്ലെന്നാണ് രാജ് ബി ഷെട്ടി പറഞ്ഞത്. "എനിക്ക് താരങ്ങളെ സംവിധാനം ചെയ്യാന്‍ കഴിയില്ല. കാരണം അവരുടെ ഡേറ്റിന് വേണ്ടി കാത്തിരിക്കാന്‍ എനിക്ക് ആവില്ല. അത് എന്നെ സംബന്ധിച്ച് പ്രയാസമുള്ള കാര്യമാണ്. സിനിമ എനിക്ക് വളരെ വ്യക്തിപരമായ ഒന്നാണ്. അത് ആളുകളെയോ അംഗീകാരങ്ങളെയോ കാത്തിരിക്കുന്നതിലേക്ക് മാറുമ്പോള്‍ എനിക്ക് ബുദ്ധിമുട്ടുണ്ടാകും. അങ്ങനെ വരുമ്പോള്‍ എനിക്ക് പ്രവര്‍ത്തിക്കാനാവില്ല. അതുകൊണ്ട് ഒരു സ്റ്റാറിനെ സംവിധാനം ചെയ്യാന്‍ എനിക്കാകുമെന്ന് ഞാന്‍ കരുതുന്നില്ല. പുതിയ അഭിനേതാക്കളെ ഉള്‍പ്പെടുത്തി ചെറിയ സിനിമ നിര്‍മിക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്", രാജ് ബി ഷെട്ടി പറഞ്ഞു.
ചുരുങ്ങിയ കാലയളവില്‍ താന്‍ ചെയ്ത സിനിമകളില്‍ നിന്ന് വ്യത്യസ്തമായി ഒരു ത്രില്ലറാണ് അടുത്തതായി സംവിധാനം ചെയ്യാന്‍ പോകുന്നതെന്നും രാജ പറഞ്ഞു. ഒരു വെബ് സീരീസിന് വേണ്ടിയും താന്‍ തിരക്കഥ എഴുതുന്നുണ്ടെന്നും എന്നാല്‍ അത് നടക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം രാജ് ബി ഷെട്ടി നിര്‍മിച്ച സു ഫ്രം സോ മികച്ച പ്രതികരണങ്ങളോടെ തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. ജെ.പി. തുമിനാടാണ് ചിത്രത്തിന്റെ സംവിധായകന്‍. ചിത്രത്തിലെ കേന്ദ്ര കഥാപാത്രവും അദ്ദേഹം തന്നെയാണ്. ശനീല്‍ ഗൗതം, ദീപക് രാജ് പണാജെ, പ്രകാശ് തുമിനാട്, മൈം രാമദാസ്, സന്ധ്യ അരേകേരേ , രാജ് ബി ഷെട്ടി എന്നിവരും ചിത്രത്തില്‍ മികച്ച പ്രകടനം കാഴ്ച വെച്ചിരിക്കുന്നു. രാജ് ബി. ഷെട്ടിക്കൊപ്പം ശശിധര്‍ ഷെട്ടി ബറോഡ, രവി റായ് കൈലാസ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.