
പൊന്നിയിന്‍ സെല്‍വന്‍റെ വന്‍ വിജയത്തിന് പിന്നാലെ കമല്‍ഹാസനെ നായകനാക്കി തഗ് ലൈഫ് എന്ന സിനിമ ഒരുക്കുന്ന തിരക്കിലാണ് സംവിധായകന്‍ മണിരത്നം. ചിത്രീകരണം അവസാനിച്ചെങ്കിലും പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളില്‍ സജീവമാണ് അദ്ദേഹം. 1987-ല്‍ റിലീസായ നായകന് ശേഷം മണിരത്നം കമല്‍ഹാസനൊപ്പം ഒന്നിക്കുന്ന ചിത്രത്തില്‍ സിലമ്പരസന്‍, അലി ഫസൽ, അശോക് സെൽവൻ, ജോജു ജോർജ്, തൃഷ, ഐശ്വര്യ ലക്ഷ്മി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
കമല്‍ഹാസന് പിന്നാലെ രജനികാന്തിനൊപ്പം വീണ്ടും ഒരു സിനിമ ഒരുക്കാന്‍ മണിരത്നം ഒരുങ്ങുന്നു എന്ന റിപ്പോര്‍ട്ടുകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. 1991-ല്‍ റിലീസായ ദളപതിക്ക് ശേഷം ഈ ഹിറ്റ് കോംബോ വീണ്ടും ഒന്നിക്കുന്നത് കാണാന്‍ കാത്തിരുന്ന പ്രേക്ഷകര്‍ക്ക് വലിയ ആവേശമായിരുന്നു വാര്‍ത്ത. രജനിയുടെ കരയറിലെ ക്ലാസിക് ചിത്രവും കഥാപാത്രവുമായിരുന്നു ദളപതിയിലെ സൂര്യ. മമ്മൂട്ടിയും തുല്യപ്രാധാന്യമുള്ള റോളില്‍ എത്തിയിരുന്നു.
എന്നാല്‍ പുറത്തുവന്ന വാര്‍ത്തകള്‍ വാസ്തവമല്ലെന്നാണ് നടിയും മണിരത്നത്തിന്‍റെ ഭാര്യയുമായ സുഹാസിനിയുടെ പ്രതികരണം. 'രജനികാന്തും മണിയും പോലും ഇക്കാര്യം അറിഞ്ഞിട്ടുണ്ടാവില്ല, ഈ വാര്‍ത്ത പടച്ചുവിട്ടവര്‍ക്ക് മാത്രമാണ് ഇതിനെ കുറിച്ച് അറിയാവുന്നത്'എന്നായിരുന്നു സുഹാസിനിയുടെ പ്രതികരണം.
നിലവില്‍ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലി എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് രജനികാന്ത്. നാഗാര്‍ജുന, ഉപേന്ദ്ര, സൗബിന്‍, സത്യരാജ്, ശ്രുതി ഹാസന്‍ എന്നിവര്‍ക്കൊപ്പം ബോളിവുഡ് താരം ആമിര്‍ ഖാനും കൂലിയില്‍ അതിഥി വേഷത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.