
രജനികാന്ത് - ലോകേഷ് കനകരാജ് ചിത്രം കൂലി തിയേറ്ററിലെത്തിയിരിക്കുകയാണ്. ലോകേഷിന്റെ സിനിമാറ്റിക് യൂണിവേഴ്‌സില്‍ ഉള്‍പ്പെടാത്ത ഒരു സ്റ്റാന്‍ഡ് എലോണ്‍ ചിത്രം. സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് തന്റെ അഭിനയ ജീവിതത്തില്‍ 50 വര്‍ഷം പിന്നിടുന്ന അവസരത്തിലാണ് ചിത്രം റിലീസ് ചെയ്ത് എന്നതും ആരാധകരുടെ ആവേശം കൂട്ടുന്ന കാര്യമാണ്.
എന്നാല്‍ കൂലി ആരാധകരെ ശരിക്കും ആവേശഭരിതരാക്കിയോ?
വിശാഖപട്ടണത്തിലെ ഒരു ഹാര്‍ബറിലെ സ്മഗിളിംഗ് നെറ്റ്‌വര്‍ക്കിനെ ചുറ്റിപറ്റിയാണ് ചിത്രം ആരംഭിക്കുന്നത്. നാഗാര്‍ജുന അവതരിപ്പിച്ച സൈമണ്‍ സേവിയര്‍ എന്ന കഥാപാത്രം നടത്തുന്ന ഈ നെറ്റ്‌വര്‍ക്കില്‍ സൈമണിന്റെ വലം കൈയ്യാണ് സൗബിന്റെ ദയാല്‍ എന്ന കഥാപാത്രം. ചെന്നൈയില്‍ ഒരു ബോഡിംഗ് ഹൗസായി പ്രവര്‍ത്തിക്കുന്ന ഒരു മാന്‍ഷന്‍ നടത്തിപ്പുകാരനായാണ് രജനികാന്തിന്റെ ദേവയെ സിനിമയില്‍ ഇന്‍ട്രൊഡ്യൂസ് ചെയ്യുന്നത്. ദേവയുടെ പഴയ കാല സുഹൃത്തായി എത്തിയ സത്യരാജിന്റെ രാജശേഖരന്‍ എന്ന കഥാപാത്രത്തിന്റെ മരണവുമായി ബന്ധപ്പെട്ടാണ് രജനികാന്ത് ഈ സ്മഗിളിംഗ് നെറ്റ്‌വര്‍ക്കിലേക്ക് എത്തിപ്പെടുന്നത്. രാജശേഖരനെ കൊന്നത് ആരാണ് എന്ന് അന്വേഷിച്ചുകൊണ്ടാണ് സൈമണിന്റെയും ദയാലിന്റെയും സ്മഗിളിംഗ് നെറ്റ്‌വര്‍ക്കിന്റെ ഭാഗമായി ദേവ മാറുന്നത്. രാജശേഖരന്റെ മകളായ ശ്രുതി ഹസന്റെ പ്രീതി എന്ന കഥാപാത്രവും ദേവയും ചേര്‍ന്ന് സൈമണിനും ദയാലിനും വേണ്ടി ജോലി ആരംഭിക്കുന്നു. കഥ മുന്നോട്ട് പോകും തോറും രജനികാന്തിന് ഈ നെറ്റ്‌വര്‍ക്കുമായി വര്‍ഷങ്ങള്‍ പഴക്കമുള്ള ഒരു ബന്ധമുണ്ടെന്ന് പ്രേക്ഷകന് മനസിലാകും.
സിനിമ ആരംഭിക്കുന്നത് തന്നെ സൗബിന്റെ ദയാലിനെ പരിചയപ്പെടുത്തിക്കൊണ്ടാണ്. പിന്നീട് അങ്ങോട്ട് സിനിമയിലുടനീളം സൗബിനുണ്ട്. വില്ലന്റെ വലം കൈയ്യായ ദയാല്‍. ക്രൂരനായ സ്വാര്‍ത്ഥനായ ദയാല്‍. മോണിക്ക സോങില്‍ നമ്മള്‍ കണ്ട അതേ എനര്‍ജിയില്‍ തന്നെയാണ് സൗബിന്‍ സിനിമയിലുടനീളം തന്റെ പ്രകടനം കാഴ്ച്ച വെച്ചിരിക്കുന്നത്. കൂലി റിലീസിന് ശേഷം സൗബിന്‍ സംസാരവിഷയമാകുമെന്ന് ലോകേഷ് പറഞ്ഞത് ഒരു തരത്തില്‍ ശരിയാണ്. കാരണം തുടക്കം മുതല്‍ ഒടുക്കം വരെ സൗബിന്‍ കൂലിയിലുണ്ട്. പക്ഷെ അപ്പോഴും ദയാലിന്റെ ബാക്ക് സ്‌റ്റോറിക്ക് ചില കണക്ഷന്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് പറയാതിരിക്കാന്‍ ആവില്ല.
സിനിമയുടെ പേര് പോലെ തന്നെ ഇതൊരു കൂലിയുടെ കഥയാണ്. ദേവരാജ് എന്ന കൂലിയുടെ കഥ. തനിക്കൊപ്പം തൊഴിലെടുത്ത ആളുകളെ സംരക്ഷിച്ച് കൂടെ നിര്‍ത്തിയ സൂപ്പര്‍സ്റ്റാര്‍ കൂലിയാണ് രജനീകാന്തിന്റെ ദേവ. ചെറുപ്പക്കാരനായ ദേവയെ ഡീ ഏജിങിലൂടെയാണ് സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ആ ഫ്‌ളാഷ്ബാക്ക് സീനുകളെല്ലാം തന്നെ പ്രേക്ഷകര്‍ക്ക് വിന്റേജ് രജനീകാന്തിനെയാണ് സമ്മാനിക്കുന്നത്. ഫ്‌ളാഷ്ബാക്ക് പറയുന്ന ഒരു പോയന്റില്‍ പോലും പ്രേക്ഷകന് അത് ബോറായി തോന്നില്ല. അത്രയ്ക്ക് പെര്‍ഫെക്ഷനോടെയാണ് ഡീ ഏജിങ് പ്രോസസ് സിനിമയില്‍ ലോകേഷ് ചെയതിരിക്കുന്നതെന്ന് പറയാം. ദേവയുടെ ബാക്ക് സ്‌റ്റോറി തന്നെയാണ് കൂലി എന്ന സിനിമയുടെ നട്ടെല്ലും. ഒരു സാധാരണ കൂലിയായിരുന്ന ദേവ എങ്ങനെ മൊതലാളിമാരുടെ ചൂഷണങ്ങള്‍ക്കെതിരെ ശബ്ദം ഉയര്‍ത്തുന്ന കൂടെ പണിയെടുക്കുന്ന മറ്റ് തൊഴിലാളികളെ രക്ഷിക്കുന്ന നേതാവായി മാറി എന്ന് സിനിമ കാണിച്ചു തരുന്നുണ്ട്. മുന്‍പ് രജനീകാന്തിനെ ദീവാറിന്റെ ഹിന്ദി റീമേക്കായ തീയിലാണ് കൂലിയായി കണ്ടിട്ടുള്ളത്. അന്നത്തെ അതെ സ്വാഗ് തന്നെ ഡീഏജിങ്ങിലൂടെ കൊണ്ടുവരാന്‍ കൂലി എന്ന സിനിമയ്ക്ക് സാധിച്ചിട്ടുണ്ട്.
രജനികാന്തിന് പുറമെ ചിത്രത്തില്‍ നാഗാര്‍ജുന, ഉപേന്ദ്ര, ആമീര്‍ ഖാന്‍ എന്നീ താരങ്ങളുമുണ്ട്. നാഗാര്‍ജുനയുടെ സൈമണ്‍ എന്ന വില്ലന്‍ സ്റ്റൈലിഷാണ് പക്ഷെ പവര്‍ഫുള്‍ അല്ല. വില്ലന്‍മാരുടെ വില്ലനായി സിനിമയില്‍ എത്തുന്ന ആമിര്‍ ഖാന്റെ ദാഹയും പ്രേക്ഷകന് നല്‍കുന്നത് നിരാശയാണ്. ഇന്‍ട്രോ മുതല്‍ അവസാന സീന്‍ വരെ പരിശോധിക്കുമ്പോള്‍ അത്രനേരം കാത്തിരുന്ന പ്രേക്ഷകരില്‍ ഒരു ഇംപാക്ട് ഉണ്ടാക്കാന്‍ ആമിര്‍ ഖാന് സാധിച്ചിട്ടില്ലെന്ന് തന്നെ പറയേണ്ടി വരും. ലോകേഷിന്റെ റോളക്‌സിനെ പോലെ ഇംപാക്ട് ഉണ്ടാക്കുന്ന വില്ലന്‍ വേഷമല്ല ആമിര്‍ ഖാന്റേത്. ഇത്രയും ഹൈപ്പോടെ വന്ന കഥാപാത്രം ഒരു ട്രോള്‍ മെറ്റീരിയലായി ചുരുങ്ങാനും സാധ്യതയുണ്ട്. ഉപേന്ദ്രയും സിനിമ അവസാനിക്കുന്നതിന് മുന്‍പാണ് സ്‌ക്രീനിലെത്തുന്നത്. രജികാന്തിന്റെ വലം കയ്യായ ഉപേന്ദ്രയുടെ കഥാപാത്രം ഫൈറ്റ് സീനുകളിലും ഫ്‌ളാഷ് ബാക്ക് സീനുകളിലും തിളങ്ങുന്നുണ്ടെങ്കിലും വേണ്ടത്ര സ്‌ട്രെങ്ത്ത് ലോകേഷിന് ആ കഥാപാത്രത്തിന് നല്‍കാനായിട്ടില്ല.
സിനിമയില്‍ രണ്ട് സ്ത്രീ കഥാപാത്രങ്ങളാണ് ഉള്ളത്. ശ്രുതി ഹാസന്റെ പ്രീതി, രചിത രാമിന്റെ കല്യാണി. രണ്ട് പേര്‍ക്കും കൃത്യമായ സ്‌ക്രീന്‍ സ്‌പേസും പ്രാധാന്യവും ലോകേഷ് നല്‍കിയിട്ടുണ്ട്. വിക്രമിലെ പോലെ തന്നെ അപ്രതീക്ഷിതമായി ഒരു സ്ത്രീ കഥാപാത്രത്തിന്റെ ഫൈറ്റ് സീക്വന്‍സും ചിത്രത്തിലുണ്ട്.
സിനിമയിലെ പശ്ചാത്തല സംഗീതത്തിനും ഗാനങ്ങള്‍ക്കും പ്രതീക്ഷിച്ച രീതിയില്‍ ഒരു ഇംപാക്ട് പ്രേക്ഷകരില്‍ ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല. അനിരുദ്ധിന്റെതെന്ന് ഓര്‍ത്തിരിക്കാന്‍ പാകത്തിനുള്ള ഒരു ബാഗ്രൗണ്ട് സ്‌കോര്‍ സിനിമയില്‍ ഇല്ലെന്ന് തന്നെ പറയാം.
അതേസമയം സാധാരണക്കാരനില്‍ നിന്ന് ഉയര്‍ന്നു വന്ന ദേവരാജ് എന്ന കൂലി നേതാവിന്റെ കഥ വൃത്തിയായി തന്നെ ലോകേഷ് പറഞ്ഞുവെച്ചിട്ടുണ്ട്. തുടക്കം മുതല്‍ പതിയെ പതിയെ പ്രേക്ഷകരെ ദേവയുടെ ലോകത്തേക്ക് അടുപ്പിക്കുകയാണ് ലോകേഷ് ചെയ്യുന്നത്. രജനികാന്തിന്റെ സ്വാഗും ആക്ഷനും തന്നെയാണ് സിനിമയെ പിടിച്ചു നിര്‍ത്തുന്നത്. എന്നാല്‍ സൂപ്പര്‍സ്റ്റാറിന് പറയത്തക്ക മാസ് ഡയലോഗുകളൊന്നും ലോകേഷ് സിനിമയില്‍ നല്‍കിയിട്ടില്ല. പക്ഷെ ചില വൈകാരിക നിമിഷങ്ങളിലൂടെ രജനീകാന്തിനെ ലോകേഷ് കൊണ്ടു പോയിട്ടുണ്ട്. അത് മനോഹരമായി തന്നെ രജനികാന്ത് എന്ന നടന്‍ ചെയ്തുവെച്ചിട്ടുമുണ്ട്.
സിനിമയില്‍ സൂപ്പര്‍സ്റ്റാര്‍ 50 വര്‍ഷം പിന്നിടുമ്പോള്‍ ഒന്നുറപ്പാണ്. അയാള്‍ ഇന്നും ആരാധകര്‍ക്ക് ഒരു വികാരമാണ്. ആ സ്വാഗും സ്റ്റൈലും സ്ലോമോഷനുമെല്ലാം ഇന്നും ആരാധകര്‍ കയ്യടികളോടെ സ്വീകരിക്കുന്നു. അതിനെ തീര്‍ച്ചയായും കൂലിയിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ ലോകേഷിന് സാധിച്ചിട്ടുണ്ട്.