

'ജയിലർ 2'ൽ അഭിനയിക്കുന്നതിനായി പ്രമുഖ നടൻ മിഥുൻ ചക്രവർത്തി മുന്നോട്ടുവച്ച രസകരമായ നിബന്ധനയെക്കുറിച്ച് വെളിപ്പെടുത്തി രജനികാന്ത്. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി നടന്ന 'ജയിലർ 2 സൂപ്പർ ഷോ' പരിപാടിയിലാണ് രജനി ഇക്കാര്യം പങ്കുവച്ചത്.
ചിത്രത്തിൽ അഭിനയിക്കണമെന്ന് ആവശ്യപ്പെട്ട് തന്നെ സമീപിച്ച പ്രൊഡക്ഷൻ ടീമിനോട് എടുത്തടിച്ചപോലെ മിഥുൻ ചക്രവർത്തി "പറ്റില്ല" എന്ന് പറഞ്ഞു. 'ഞാനാണോ വില്ലൻ? രജനികാന്തിന്റെ കയ്യിൽ നിന്ന് അടി വാങ്ങേണ്ടി വരുമോ? പൊക്കോണം," എന്നാണ് 'ജയിലർ 2' ടീമിനോട് മിഥുൻ പറഞ്ഞത്.
"പിന്നീട്, വേവ്സ് സമ്മിറ്റിൽ വച്ച് ഞാൻ അദ്ദേഹത്തെ കണ്ടു. സംസാരം ഈ വിഷയത്തിലേക്ക് എത്തിയപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞു: "നിങ്ങൾ പറഞ്ഞാൽ, ഞാൻ ആ വേഷം ചെയ്യാം". പക്ഷേ, അദ്ദേഹത്തിന് ഒരു നിബന്ധനയുണ്ടായിരുന്നു - "നിങ്ങളെന്നെ ഇടിക്കാനോ, വെടിവയ്ക്കാനോ പാടില്ല." സംവിധായകനോട് ചോദിച്ച ശേഷം അറിയിക്കാമെന്ന് ഞാൻ പറഞ്ഞു," രജനികാന്ത് ചിരിച്ചുകൊണ്ട് ഓർമിച്ചു.
നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന 'ജയിലർ 2' ഒക്ടോബർ 15നാണ് തിയേറ്ററുകളിലെത്തുന്നത്. മോഹൻലാൽ, ശിവ രാജ്കുമാർ, ജാക്കി ഷ്‌റോഫ്, വിദ്യാ ബാലൻ, എസ്.ജെ. സൂര്യ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. 2023ൽ റിലീസ് ചെയ്ത 'ജയിലറി'ന്റെ സീക്വലാണ് ചിത്രം.
ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ്ങിന് റെക്കോർഡ് പ്രതികരണമാണ് ലഭിക്കുന്നത്. ബുക്കിങ് ആരംഭിച്ച ആദ്യ ദിനം തന്നെ നാല് കോടിയോളം രൂപയുടെ റെക്കോർഡ് പ്രീസെയിൽ ആണ് ചിത്രത്തിന് കേരളത്തിൽ ലഭിച്ചത്. പ്രധാന തിയേറ്ററുകളിൽ റിലീസ് ദിനത്തിൽ മാരത്തൺ ഷോകൾ ഒരുക്കാനുള്ള പദ്ധതികളും സജീവമാണ്. തൃശൂരിലെ പ്രശസ്ത തിയേറ്റർ ആയ രാഗത്തിൽ ഇതിനോടകം തന്നെ ആദ്യ ദിനം 24 മണിക്കൂർ മാരത്തോൺ ഷോസ് ആണ് 'ജയിലർ 2'നായി ചാർട്ട് ചെയ്തിരിക്കുന്നത്. മണിക്കൂറിൽ 40000 ടിക്കറ്റുകൾക്ക് മുകളിൽ എന്ന നിരക്കിലാണ് ചിത്രത്തിന്റെ ടിക്കറ്റ് വിൽപ്പന ആദ്യ മണിക്കൂറുകളിൽ ബുക്ക് മൈ ഷോയിൽ നടന്നത്. മണിക്കൂറിൽ 12000 ത്തിലധികം ടിക്കറ്റുകൾ വിറ്റ് കൊണ്ട് ഡിസ്ട്രിക്ട് ബൈ സൊമാറ്റോ ആപ്പിലും ചിത്രം പുതിയ റെക്കോർഡ് സൃഷ്ടിച്ചു.