
നടന്‍ രജനികാന്ത് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തതിന് ശേഷമുള്ള പ്രസ്താവന പുറത്തുവിട്ടു. താന്‍ ആശുപത്രിയില്‍ കിടന്ന സമയത്ത് നല്‍കിയ സ്‌നേഹത്തിനും പ്രാര്‍ത്ഥനയ്ക്കും പിന്തുണയ്ക്കും നന്ദി അറിയിച്ചിരിക്കുകയാണ് രജനികാന്ത്. സെപ്റ്റംബര്‍ 30തിനാണ് രജനികാന്തിനെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച്ച ഡിസ്ചാര്‍ജ് ആയതിന് ശേഷമാണ് താരം എക്‌സില്‍ പ്രസ്താവന പങ്കുവെച്ചത്.
'ഞാന്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ച എന്റെ എല്ലാ രാഷ്ട്രീയ, സിനിമാ സുഹൃത്തുക്കള്‍ക്കും മാധ്യമങ്ങള്‍ക്കും ആത്മാര്‍ത്ഥമായി നന്ദി അറിയിക്കുന്നു', എന്നാണ് രജനികാന്ത് കുറിച്ചത്. കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും അമിതാഭ് ബച്ചനോടും താരം നന്ദി അറിയിച്ചു. 'എന്റെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജി എന്റെ ആരോഗ്യത്തെ കുറിച്ചുള്ള നിങ്ങളുടെ കരുതലിനും ശ്രദ്ധയ്ക്കും നന്ദി. വ്യക്തിപരമായി വിളിച്ച് എന്റെ ആരോഗ്യവിവരം തിരക്കിയതിനും നന്ദി. താങ്കളുടെ സ്‌നേഹത്തിനും എന്നോടുള്ള കരുതലിനും ബച്ചന്‍ ജിക്കും നന്ദി അറിയിക്കുന്നു', എന്നും രജനികാന്ത് എക്‌സില്‍ കുറിച്ചു.
ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന വേട്ടയ്യനാണ് റിലീസ് ചെയ്യാനിരിക്കുന്ന രജനികാന്ത് ചിത്രം. ഒക്ടോബര്‍ 10ന് ചിത്രം തിയേറ്ററിലെത്തും. രജനികാന്തിന് പുറമെ അമിതാഭ് ബച്ചന്‍, മഞ്ജു വാര്യര്‍, ഫഹദ് ഫാസില്‍ എന്നിവരും ചിത്രത്തിലുണ്ട്. ലോകേഷ് കനകരാജിന്റെ കൂലിയാണ് ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന രജനികാന്ത് ചിത്രം.