"പാശ്ചാത്യരാജ്യങ്ങളിലെ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടില്ലെങ്കില്‍ പരാജയമായി കണക്കാക്കും"; രാമായണം ലോകത്തിന് വേണ്ടിയുള്ളതാണെന്ന് നിര്‍മാതാവ്

രാമായണം ഇതുവരെ നിര്‍മിച്ചതില്‍ വെച്ച് ഏറ്റവും കൂടുതല്‍ ചിലവേറിയ ഇന്ത്യന്‍ ചിത്രമാണ്.
Ramayana Movie
രാമായണം പോസ്റ്റർSource : YouTube Screen Grab
Published on

നിതേഷ് തിവാരി സംവിധാനം ചെയ്ത് രണ്‍ബീര്‍ കപൂര്‍, യാഷ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ രാമായണം ഇതുവരെ നിര്‍മിച്ചതില്‍ വെച്ച് ഏറ്റവും കൂടുതല്‍ ചിലവേറിയ ഇന്ത്യന്‍ ചിത്രമാണ്. പ്രൈം ഫോക്കസ് സ്റ്റുഡിയോസിന്റെ ബാനറില്‍ നമിത് മല്‍ഹോത്ര നിര്‍മിക്കുന്ന ചിത്രത്തിന്റെ ബജറ്റ് 4000 കോടി രൂപയാണ്. വന്‍ താരനിര, അത്യാധുനിക സാങ്കേതിക വിദ്യ എന്നിവ ഉപയോഗിച്ച് ആഗോള സിനിമാറ്റിക് ഭൂപടത്തില്‍ ഇന്ത്യന്‍ പുരാണങ്ങളെ എത്തിക്കുക എന്നതാണ് നമിത് ലക്ഷ്യമിടുന്നത്.

"നമ്മള്‍ പ്രാരംഭ ഘട്ടം മുതല്‍ തന്നെ രാമായണത്തെ ഒരു ആഗോള സിനിമയായാണ് കണ്ടിരിക്കുന്നത്. ഇന്ത്യയിലെ ജനതയെ പ്രീതിപ്പെടുത്താന്‍ ഞാന്‍ ശ്രമിക്കുന്നില്ല. മറ്റേതൊരു സിനിമയെ പോലെയും ഇത് നിങ്ങളോട് സംസാരിക്കണം", നമിത് മല്‍ഹോത്ര എല്‍എ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

വിശ്വാസികളെയും അവിശ്വാസികളെയും ഒരുപോലെ സ്പര്‍ശിക്കുന്ന തരത്തിലും മതപരമോ സാംസ്‌കാരികമോ ആയ അതിരുകള്‍ മറികടക്കുക എന്ന ലക്ഷ്യത്തോടെയുമാണ് രാമായണം നിര്‍മിച്ചിരിക്കുന്നതെന്നും നമിത് പറഞ്ഞു. അവതാര്‍, ഗ്ലാഡിയേറ്റര്‍ തുടങ്ങിയ ഹോളിവുഡ് ബ്ലോക്ബസ്റ്റുകളുമായും ക്രിസ്റ്റഫര്‍ നോളന്റെ ചിത്രങ്ങളുമായാണ് നമിത് രാമായണത്തെ താരതമ്യം ചെയ്തത്.

Ramayana Movie
ഓണത്തിന് ഒരു ക്രൈം ത്രില്ലര്‍ കൂടി; സീ 5 സീരീസ് 'കമ്മട്ടത്തി'ന്റെ ട്രെയ്‌ലര്‍ പുറത്ത്

"എന്നെ സംബന്ധിച്ച് പാശ്ചാത്യ രാജ്യങ്ങളിലെ പ്രേക്ഷകര്‍ക്ക് ഇത് ഇഷ്ടപ്പെട്ടില്ലെങ്കില്‍ അത് ഒരു പരാജയമായി ഞാന്‍ കരുതും. ഇത് ലോകത്തിന് വേണ്ടിയുള്ളതാണ്. നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടില്ലെങ്കില്‍ അത് എനിക്ക് നാണക്കേടാണ്. അപ്പോള്‍ അതിലും മികച്ച പ്രകടനം കാഴച്ചവെക്കേണ്ടതായി വരും", എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംവിധായകന്‍ നിതേഷ് തിവാരിയും ഇതേ കുറിച്ച് സംസാരിച്ചു. "വികാരങ്ങള്‍ സാര്‍വത്രികമാണ്. പ്രേക്ഷകര്‍ വൈകാരികമായി ബന്ധപ്പെട്ടാല്‍, അവര്‍ എവിടെ നിന്നുള്ളവരാണെങ്കിലും കഥയുമായി ബന്ധപ്പെടും", എന്ന് നിതേഷും പറഞ്ഞു.

രണ്‍ബീര്‍ കപൂര്‍, യാഷ് എന്നിവര്‍ക്ക് പുറമെ സായ് പല്ലവി, സണ്ണി ഡിയോള്‍, രവി ദൂബെ എന്നിവരും ചിത്രത്തിലുണ്ട്. ഹാന്‍സ് സിമ്മറും എ ആര്‍ റഹ്‌മാനും ചേര്‍ന്നാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. ചിത്രത്തിന്റെ ആദ്യ ഭാഗം 2026 ദീപാവലിക്ക് റിലീസ് ചെയ്യും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com