എന്നേക്കാള്‍ കുറവ് വോട്ട് നേടിയവരെ വിജയികളായി പ്രഖ്യാപിച്ചു: 'എ.എം.എം.എ' തെരഞ്ഞെടുപ്പില്‍ രമേശ് പിഷാരടി

എക്‌സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് മൂന്ന് വനിതാ അംഗങ്ങളെ തിരഞ്ഞെടുത്ത രീതി ജനാധിപത്യവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി രമേശ് പിഷാരടി എല്ലാ അംഗങ്ങള്‍ക്കും കത്തയച്ചു.
എന്നേക്കാള്‍ കുറവ് വോട്ട് നേടിയവരെ വിജയികളായി പ്രഖ്യാപിച്ചു: 'എ.എം.എം.എ' തെരഞ്ഞെടുപ്പില്‍ രമേശ് പിഷാരടി
Published on

അഭിനേതാക്കളുടെ സംഘടനയായ 'എ.എം.എം.എ'യിലെ ഭാരവാഹി തെരഞ്ഞെടുപ്പില്‍ അതൃപ്തി പരസ്യമാക്കി നടന്‍ രമേശ് പിഷാരടി. എക്‌സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് മൂന്ന് വനിതാ അംഗങ്ങളെ തിരഞ്ഞെടുത്ത രീതി ജനാധിപത്യവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി രമേശ് പിഷാരടി എല്ലാ അംഗങ്ങള്‍ക്കും കത്തയച്ചു.

'ജനാധിപത്യ വ്യവസ്ഥയില്‍ നടക്കുന്ന ഒരു തെരഞ്ഞെടുപ്പില്‍ വോട്ട് കൂടുതല്‍ ലഭിക്കുന്ന സ്ഥാനാര്‍ഥി ആയിരിക്കണം വിജയി. അപ്പോശ് മാത്രമെ അത് ജനങ്ങളുടെ തീരുമാനമാകൂ. ഒരു സ്ഥാനാര്‍ഥിക്ക് വോട്ട് കൂടുതല്‍ ലഭിക്കുകയും അയാളെക്കാള്‍ വോട്ട് കുറഞ്ഞവര്‍ക്ക് വേണ്ടി മാറികൊടുക്കുകയും ചെയ്യേണ്ടി വരുന്നത് ജനഹിതം റദ്ദ് ചെയ്യുന്നതിന് തുല്യമാണ്. നമ്മുടെ സംഘടനയുടെ ബൈലോ പ്രകാരം ഭരണ സമിതിയില്‍ കുറഞ്ഞത് നാല് സ്ത്രീകളെങ്കിലും ഉണ്ടായിരിക്കണം. എന്നുള്ളതുകൊണ്ട്, ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എന്നേക്കാള്‍ വോട്ട് കുറവുള്ളവര്‍ക്ക് വേണ്ടി ഞാന്‍ മാറി നില്‍ക്കേണ്ട സാഹചര്യം ഉണ്ടായി. അതില്‍ പരാതിയോ പരിഭവമോ ഇല്ല. എന്നാല്‍ എനിക്ക് വോട്ട് ചെയ്ത പലരും അവരുടെ വോട്ട് പാഴായതിനെ കുറിച്ച് പരാതി പറയുമ്പോള്‍ ഉത്തരമില്ലാത്ത അവസ്ഥയാണ് വന്നിട്ടുള്ളത്. മേലില്‍ ഈ അവസ്ഥ ഉണ്ടാകാതിരിക്കണം', എന്നാണ് കത്തില്‍ പറയുന്നത്.

'ഞാന്‍ പരാജയപ്പെട്ടെന്ന രീതിയില്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ ഒഴിവാക്കാമായിരുന്നു. അതും എന്നെക്കാള്‍ ഗണ്യമായ വോട്ടുകള്‍ കുറവുള്ളവര്‍ വിജയികളായി അറിയപ്പെടുമ്പോള്‍. തിരഞ്ഞെടുപ്പിനുശേഷം ഇക്കാര്യങ്ങള്‍ വ്യക്തമാക്കേണ്ടത് ഭാരവാഹികളുടെ ഉത്തരവാദിത്വമായിരുന്നു', എന്നും കത്തില്‍ പറയുന്നു.

വനിതകള്‍ക്കുവേണ്ടി നാലു സീറ്റുകള്‍ നീക്കിവെക്കുകയാണ് സംവരണം നടപ്പാക്കാനുള്ള എളുപ്പവഴി. പുരുഷന്മാരെ മത്സരിപ്പിക്കാതിരിക്കുക. ബൈലോയില്‍ എല്ലാ കാര്യങ്ങളും നേരത്തേ വ്യക്തമാക്കിയിരുന്നെന്ന് ന്യായം പറയാമെങ്കിലും ജനാധിപത്യമെന്ന വാക്ക് പൂര്‍ണ അര്‍ഥത്തില്‍ നടപ്പാക്കാന്‍ മേല്‍പ്പറഞ്ഞ കാര്യങ്ങളും ശ്രദ്ധിക്കണം. സ്ത്രീസംവരണം കൃത്യമായി നടപ്പാക്കാന്‍ ബൈലോ ഭേദഗതിചെയ്യണമെന്നും രമേശ് പിഷാരടി കത്തിലൂടെ ആവശ്യപ്പെട്ടു.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com