

കൊച്ചി: ആദിത്യ ധർ സംവിധാനം ചെയ്ത 'ധുരന്ധർ' ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കെ ചിത്രത്തിന്റെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് അണിയറപ്രവർത്തകർ. സിനിമയുടെ ടീസറിന്റെ ദൈർഘ്യവും സർട്ടിഫിക്കേഷൻ വിവരങ്ങളുമാണ് പുറത്തുവിട്ടിരിക്കുന്നത്. 2026 മാർച്ച് 19നാണ് 'ധുരന്ധർ' രണ്ടാം ഭാഗത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.
സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ ഔദ്യോഗിക വെബ്സൈറ്റ് നൽകുന്ന വിവരങ്ങൾ പ്രകാരം, രണ്ടാം ഭാഗത്തിന് 'ധുരന്ധർ: ദ റിവഞ്ച്' എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ടീസറിന് സെൻസർ ബോർഡ് 'എ' സർട്ടിഫിക്കറ്റാണ് നൽകിയിരിക്കുന്നത്. ഒരു മിനിറ്റിലധികം ദൈർഘ്യമുള്ളതാണ് ഈ ടീസർ.
'ഉറി: ദ സർജിക്കൽ സ്ട്രൈക്ക്' എന്ന ചിത്രത്തിന് ശേഷം ആദിത്യ ധർ സംവിധാനം ചെയ്ത 'ധുരന്ധർ' ഇതിനോടകം തന്നെ വലിയ സാമ്പത്തിക വിജയം കൈവരിച്ചിട്ടുണ്ട്. ദേശീയ-അന്തർദേശീയ കളക്ഷൻ റെക്കോർഡുകൾ മറികടന്ന സിനിമ ആഗോളതലത്തിൽ 1329 കോടി രൂപയ്ക്ക് മുകളിലാണ് കളക്ട് ചെയ്തത്. കഴിഞ്ഞ വർഷം ഡിസംബർ അഞ്ചിനാണ് 'ധുരന്ധർ' തിയേറ്ററുകളിലെത്തിയത്. മൂന്ന് മണിക്കൂർ 34 മിനുട്ടായിരുന്നു സിനിമയുടെ ദൈർഘ്യം.
ഇന്ത്യൻ ചാരസംഘടനയായ റോയുടെ പാകിസ്ഥാനിലെ രഹസ്യ ഓപ്പറേഷനുകളെ ആസ്പദമാക്കിയാണ് 'ധുരന്ധർ' ഒരുക്കിയത്. രൺവീർ സിംഗിനെ കൂടാതെ അക്ഷയ് ഖന്ന, അർജുൻ രാംപാൽ, സഞ്ജയ് ദത്ത്, ആർ. മാധവൻ, രാകേഷ് ബേദി എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരന്നിരുന്നു. സാറാ അർജുൻ ആണ് ചിത്രത്തിലെ നായിക. ജിയോ സ്റ്റുഡിയോസ് , B62 സ്റ്റുഡിയോസ് എന്നിവർ ചേർന്നാണ് സിനിമയുടെ നിർമാണം.