

കൊച്ചി: ആഴ്ചകളോളം നീണ്ട ഊഹാപോഹങ്ങൾക്കും കാത്തിരിപ്പിനും ആരാധകരുടെ വർധിച്ചുവരുന്ന ആവേശത്തിനും ഒടുവിൽ രൺവീർ സിംഗിന്റെ 'ധുരന്ധർ: ദ റിവഞ്ചി'ന്റെ ഔദ്യോഗിക പോസ്റ്റർ പുറത്തിറക്കി ജിയോ സ്റ്റുഡിയോസും ബി 62 സ്റ്റുഡിയോസും. പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ നാളെ മാർച്ച് ഏഴിന് രാവിലെ 11.01ന് പുറത്തുവിടും. ജസ്കിരത് സിംഗ് രംഗി, ഹംസ എന്നിങ്ങനെ ഇരട്ട ഐഡന്റിറ്റിയിൽ രൺവീർ സിംഗ് എത്തുന്ന ചിത്രം ഇന്ത്യൻ ചാരസംഘടനയായ റോയുടെ പാകിസ്ഥാനിലെ രഹസ്യ ഓപ്പറേഷനുകളെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്.
ആദിത്യ ധർ ഒരുക്കിയ ചിത്രത്തിന്റെ ആദ്യ ഭാഗം ഇന്ത്യയിലും അന്താരാഷ്ട്രതലത്തിലും, പ്രത്യേകിച്ച് വടക്കേ അമേരിക്ക, കാനഡ, യുകെ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ റെക്കോർഡ് ബോക്സ് ഓഫീസ് പ്രകടനമാണ് നടത്തിയത്. സിനിമാ വ്യവസായവും എക്സിബിറ്റർമാരും, രണ്ടാം ഭാഗമായ 'ധുരന്ധർ: ദ റിവഞ്ചി'ൽ വമ്പൻ പ്രതീക്ഷയാണ് പുലർത്തുന്നത്. ചിത്രത്തിന്റെ മഹാവിജയത്തിൽ സിനിമാ വ്യവസായം ഒന്നടങ്കം പന്തയം വയ്ക്കുന്നതോടെ, ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകൾ വാനോളം ഉയരുകയാണ്.
ബി62 സ്റ്റുഡിയോ നിർമിച്ച് ജിയോ സ്റ്റുഡിയോ അവതരിപ്പിക്കുന്ന ഈ ആദിത്യ ധർ ചിത്രം, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ അഞ്ച് ഭാഷകളിൽ ആണ് റിലീസ് ചെയ്യാൻ പോകുന്നത്. മാർച്ച് 19ന് ചിത്രം ആഗോളതലത്തിൽ തിയേറ്ററുകളിൽ എത്തും. ഗുഡി പഡ്വ, ഉഗാദി, ഈദ് ആഘോഷങ്ങൾക്ക് മുന്നോടിയായി പുറത്തിറങ്ങുന്ന ചിത്രം രചിച്ചതും സംവിധായകൻ ആദിത്യ ധർ തന്നെയാണ്. ജ്യോതി ദേശ്പാണ്ഡെയും ലോകേഷ് ധറും ആദിത്യ ധറും ചേർന്നാണ് ഈ മെഗാ മാസ് ആക്ഷൻ സ്പൈ ത്രില്ലർ നിർമിച്ചിരിക്കുന്നത്. പിആർഒ - ശബരി