
ദേഹം മാത്രമേ യാത്രയാകുന്നുള്ളു... ദേഹി ഇവിടെ തന്നെ ഉണ്ട്. മലയാള സിനിമയുടെ അഭ്രപാളിയില്‍ കഴിഞ്ഞ 15 വര്‍ഷക്കാലം മുരളി ഉണ്ടായിരുന്നില്ല എന്നത് സാങ്കേതികമായി മാത്രമേ പറയാനാകൂ. അന്നോളം ചെയ്തുവെച്ച ഒരുപിടി കഥാപാത്രങ്ങളിലൂടെ അനശ്വരനാണ് പ്രേക്ഷര്‍ക്ക് ഭരത് മുരളി.
മമ്മൂട്ടി-മോഹന്‍ലാല്‍ ദ്വയം സജീവമായി നിന്നിരുന്ന കാലത്തും നായകനോളം മലയാളികള്‍ പ്രശംസിച്ചിരുന്ന അനേകം കഥാപാത്രങ്ങളെ സമ്മാനിച്ചിരുന്ന നടനായിരുന്നു മുരളീധരന്‍ പിള്ളയെന്ന മുരളി. സിനിമയില്‍ ആയാലും നാടകത്തിലായാലും കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി സ്വയം കലഹിച്ചിരുന്ന മുരളിയിലെ അഭിനയമോഹിയെ അടുത്ത് കണ്ടിട്ടുള്ളവരാണ് ജോണ്‍പോളും ഭരതനുമൊക്കെ. 15 വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഒരു ഓഗസ്റ്റ് ആറിന് മുരളി കലാകേരളത്തോട് വിടപറഞ്ഞ നിമിഷത്തെ ഒരു വിങ്ങലോടെയല്ലാതെ ഓര്‍ത്തെടുക്കാന്‍ കഴിയില്ല അദ്ദേഹത്തെ അടുത്തറിഞ്ഞിട്ടുള്ളവര്‍ക്ക്. ഒരു ശരാശരി മലയാള സിനിമ ആസ്വാദകന്‍റെ ഏറ്റവും പ്രിയപ്പെട്ട അഭിനേതാക്കളുടെ ലിസ്റ്റ് പരിശോധിച്ചാല്‍ അതില്‍ മുരളി ഉണ്ടാകും. കഥാപാത്രങ്ങളായി വെളളിത്തിരയില്‍ അത്രമേല്‍ ജീവിച്ച മുരളിയെ മലയാളിക്ക് എങ്ങനെ മറക്കാനാകും.
അഭിനയത്തോടുള്ള അടങ്ങാത്ത അഭിനിവേശമാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്ന മുരളീധരന്‍ പിള്ളയ്ക്ക് അരങ്ങിലേക്കുള്ള വഴി തുറന്നിട്ടത്. സ്കൂള്‍ വിദ്യാഭ്യാസ കാലത്ത് തന്നെ നാടകങ്ങളില്‍ അഭിനയിച്ചു തുടങ്ങി. പഠനത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചു തുടങ്ങിയതോടെ നാടകത്തില്‍ അല്‍പം ശ്രദ്ധ കുറഞ്ഞെങ്കിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥനായതോടെ മുരളിയുടെ നാടകകമ്പം വീണ്ടും തലപൊക്കി. കഴിയുന്നത്ര നാടകങ്ങള്‍ കണ്ടും നാടക കൂട്ടായ്മകളില്‍ പങ്കെടുത്തും അദ്ദേഹം സജീവ സാന്നിധ്യമായിരുന്നു. റിഹേഴ്സല്‍ ക്യാമ്പുകളില്‍ കാഴ്ചക്കാരനായെത്തിയിരുന്ന മുരളിയെ തട്ടില്‍ കയറ്റിയറ്റാനുള്ള നിയോഗം നടന്‍ നരേന്ദ്ര പ്രസാദിന് ആയിരുന്നു. പിന്നീട് അങ്ങോട്ട് ഇരുവരും തമ്മിലുള്ള ആത്മബന്ധം കൂടുതല്‍ ഊഷ്മളമാകുകയായിരുന്നു. നരേന്ദ്ര പ്രസാദിന്‍റെ സൗപര്‍ണിക എന്ന നാടകത്തിലെ മുരളിയുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു. നാടകത്തില്‍ കൂടുതല്‍ സജീവമാകാന്‍ സര്‍ക്കാര്‍ ജോലി ഉപേക്ഷിക്കാനും മുരളി തയാറായി. നരേന്ദ്ര പ്രസാദിനൊപ്പം തിരുവനന്തപുരത്ത് നാട്യഗൃഹം എന്ന നാടക കളരിയും മുരളി ആരംഭിച്ചു.
നാടകത്തില്‍ പേരെടുത്ത് സിനിമയിലേക്ക് എത്തിയ മുന്‍ഗാമികളുടെ പാത തന്നെയായിരുന്നു മുരളിക്ക് മുന്നിലും തുറക്കപ്പെട്ടത്. ഭരത് ഗോപി സംവിധാനം ചെയ്ത ആദ്യ സിനിമയായ ഞാറ്റടിയില്‍ നായകനായി മുരളി മലയാള സിനിമയുടെ തട്ടകത്തില്‍ അരങ്ങേറി. നിര്‍ഭാഗ്യമെന്നോ വിധിയെന്നോ പറയാം ഈ സിനിമ പക്ഷെ വെളിച്ചം കണ്ടില്ല. അപ്രതീക്ഷിതമായി അരവിന്ദന്‍റെ ചിദംബരത്തില്‍ ഒരു വേഷം ചെയ്യാന്‍ മുരളിക്ക് അവസരം ലഭിച്ചു. തുടര്‍ന്ന് മീനമാസത്തിലെ സൂര്യന്‍ എന്ന സിനിമയിലും അഭിനയിച്ചു.
മുരളിയുടെ ആദ്യം റിലീസായ ചിത്രം ഹരിഹരന്‍റെ പഞ്ചാഗ്നി ആയിരുന്നു. ചിത്രത്തിലെ രാജന്‍ എന്ന പ്രതിനായക വേഷം മുരളിയിലെ നടനെ പ്രേക്ഷകര്‍ക്കിടയില്‍ അടയാളപ്പെടുത്തി. നെഗറ്റീവ് ഷെയ്ഡുള്ള റോളുകളില്‍ നിന്ന് മികച്ച സ്വഭാവ നടനിലേക്ക് പരിണാമം നടത്താന്‍ മുരളിക്ക് അധിക സമയം വേണ്ടി വന്നില്ല. കൈയ്യിലെത്തിയ വേഷങ്ങളിലെല്ലാം തനിക്ക് മാത്രം സാധിക്കുന്ന സൂക്ഷ്മ ഭാവവിന്യാസങ്ങള്‍ മുരളി വരച്ചിട്ടു. അമരം, ചമയം, നീ എത്ര ധന്യ, താലോലം, ലാല്‍സലാം, അര്‍ത്ഥം, ചമ്പക്കുളം തച്ചന്‍, വെങ്കലം, ധനം, ആകാശദൂത് എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്തതാണ് മുരളി ടച്ചുള്ള സിനിമകള്‍. വെങ്കലത്തിലെ ഗോപാലന്‍ മൂശാരി, ആകാശദൂതിലെ ജോണി, അമരത്തിലെ കൊച്ചുരാമന്‍, ആധാരത്തിലെ ബാപ്പൂട്ടി എന്നിവ എക്കാലത്തും പ്രേക്ഷക മനസില്‍ ഇടം നേടിയ മുരളിയുടെ കഥാപാത്രങ്ങള്‍.
നെയ്ത്തുകാരനിലെ അഭിനയത്തിന് രാജ്യത്തെ ഏറ്റവും മികച്ച നടനുള്ള ദേശീയ പുരസ്കാരം 2001-ല്‍ മുരളിയെ തേടിയെത്തി. മികച്ച നടനുള്ള നാല് അവാര്‍ഡ് അടക്കം ആറ് സംസ്ഥാന പുരസ്കാരങ്ങളും മുപ്പത് ആണ്ട് നീണ്ട അഭിനയ സപര്യയില്‍ അദ്ദേഹത്തെ തേടിയെത്തി. അരനാഴികനേരം എന്ന പരമ്പരയിലൂടെ 2008-ല്‍ മികച്ച നടനുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡും നേടി. കലാമൂല്യമുള്ള സിനിമകള്‍ക്കൊപ്പം വാണിജ്യ സിനിമകളിലും മുരളി തന്റെ ശക്തമായ സാന്നിധ്യം അറിയിച്ചിരുന്നു. അവിടെ ഭാഷ മുരളിക്ക് ഒരു തടസമായതുമില്ല. അഭിനയത്തിലെ അനായാസതയായിരുന്നു മുരളിയിലെ നടന്‍റെ മുഖമുദ്ര. ശരീരത്തിന്‍റെ വഴക്കവും ശബ്ദത്തിലെ ഗാംഭീര്യവും കഥാപാത്രങ്ങളായി മാറാന്‍ മുരളി ആയുധമാക്കി.
അഭിനയത്തിനൊപ്പം രാഷ്ട്രീയത്തിലും സാഹിത്യത്തിലും ഒരു കൈപയറ്റി നോക്കാന്‍ ഇറങ്ങിയ മുരളിയെയും ഇക്കാലയളവില്‍ മലയാളികള്‍ കണ്ടു. ശക്തമായ ഇടത് രാഷ്ട്രീയം ഉയര്‍ത്തിപിടിച്ച അദ്ദേഹം മാർക്സിസ്റ്റ് പാർട്ടിയുടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി 1999-ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ആലപ്പുഴ മണ്ഡലത്തിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. അതോടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് മുരളി നിരുപാധികം പിന്മാറി. മരണം വരെ തന്‍റെ ഇടത് പക്ഷ നിലപാടുകള്‍ അദ്ദേഹം തുടരുകയും ചെയ്തു.
അഞ്ച് പുസ്തകങ്ങളും മുരളിയുടേതായി പ്രസിദ്ധീകരിക്കപ്പെട്ടു. ഇതില്‍ 'അഭിനേതാവും ആശാന്‍റെ കവിതയും' എന്ന പുസ്തകം കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് നേടി. 2006-ല്‍ കേരള സംഗീത നാടക അക്കാദമിയുടെ ചെയര്‍മാനായി സ്ഥാനമേറ്റു. മുരളിയുടെ ഭരണകാലം അക്കാദമിയുടെ സുവര്‍ണകാലഘട്ടമെന്ന് വിശേഷിപ്പിക്കുന്നവരും ഏറെയാണ്. ഇന്‍റര്‍നാഷണല്‍ തിയേറ്റര്‍ ഫെസ്റ്റിവല്‍ ഓഫ് കേരള എന്ന പേരില്‍ സംഘടിപ്പിച്ച നാടകോത്സവത്തിന് തുടക്കമായതും ഈ കാലഘട്ടത്തിലായിരുന്നു. 2009-ല്‍ ചെയര്‍മാന്‍ സ്ഥാനത്ത് തുടരവെയാണ് അദ്ദേഹം മരണപ്പെടുന്നത്.
വര്‍ഷം 15 കഴിഞ്ഞിട്ടും മുരളി ഒഴിച്ചിട്ടുപോയ കസേരയ്ക്ക് അവകാശം പറയാന്‍ മലയാള സിനിമയില്‍ ഇന്നോളം ഒരു നടനും കടന്നുവന്നിട്ടില്ല. ഒരുപോലെ ലളിതവും പ്രൗഢ ഗംഭീരവുമായ ആ അഭിനയ ശൈലിക്ക് പകരം വെക്കാന്‍ ഇനിയും ഒരാള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു.