'സാവിത്രി' ആകാന്‍ കൊതിച്ച 'സില്‍ക്ക്'; ഇന്ത്യന്‍ സിനിമയിലെ നൊമ്പരത്തിപ്പൂവ്

ആ തീരുമാനമാണ് വിജയലക്ഷ്മിയുടെ തലവര മാറ്റിയെഴുതിയത്...
സില്‍ക്ക് സ്മിതയുടെ ഓർമദിനം
സില്‍ക്ക് സ്മിതയുടെ ഓർമദിനം
Published on

അന്‍വർ റഷീദ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ ചിത്രം'ഛോട്ടാ മുംബൈ'യിലെ ഒരു രംഗത്തില്‍ ഷക്കീല അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. സിനിമയ്ക്കുള്ളിലെ ഷൂട്ടിങ് ആണ്. ഷക്കീലയെ കാണാനായി കാത്തുകെട്ടി നില്‍ക്കുന്നവരെ തള്ളി മാറ്റി കടന്നുവരുന്ന തലയും പിള്ളേരും. ഒടുവില്‍ ഷക്കീല വന്ന് ആ തുറസില്‍ ഒരു തുണി മറയാക്കി കോസ്റ്റ്യൂം മാറുന്നതായി കാണിക്കുന്നു. എല്ലാ ആണ്‍ കണ്ണുകളും ആകാംഷയോടെ കാത്തിരുന്നു. ഒടുവില്‍ അവർ ഒരു സെറ്റി സാരി ഉടുത്ത് നില്‍ക്കുന്നത് കാണുമ്പോള്‍ എല്ലാവരും നിരാശരാകുന്നു. "ആളെ മാറ്റി കഷ്ടപ്പെട്ടത് വെറുതായി" എന്ന് പറഞ്ഞാണ് പടക്കം ബഷീർ എന്ന കഥാപാത്രം തന്റെ അസ്വസ്ഥത പ്രകടിപ്പിക്കുന്നത്.

ഈ അസ്വസ്ഥത ആണ്‍ കണ്ണുകളുടെ സഹജഭാവമാണ്. പ്രത്യേകിച്ച് സിനിമ കാണുമ്പോള്‍. പരസ്യമായി തള്ളിയ എത്ര നടിമാരെ നമ്മള്‍ രഹസ്യമായി നെഞ്ചോട് ചേർത്തിരിക്കുന്നു. സിനിമാ മാസികയുടെ നടുപ്പേജില്‍ നിങ്ങള്‍ എത്ര നായകന്മാരെ കണ്ടിരിക്കുന്നു? അവർ മുന്‍പേജുകളിലാണ്. നടുപേജുകള്‍ പുരുഷ കാമനയ്ക്ക് സംവരണം ചെയ്തവയാണ്. നടന്‍മാരോടുള്ള ആരാധനയ്ക്ക് ഒരുകാലത്തും മറയുടെ ആവശ്യം ഉണ്ടായിരുന്നില്ല. നായക നടന്മാർ 'സൂപ്പർ സ്റ്റാറുകളും' 'ഉലക നായകരും' ആകുമ്പോള്‍ നായിക 'സെക്സിയും', 'സെക്സ് ബോംബും' ആകുന്നു. അവരുടെ നടനം 'ഐറ്റം' ഡാന്‍സാകുന്നു. ദുരന്തപര്യവസാനിയായിരിക്കും ജീവിതം എന്ന സൂചന നല്‍കി ഇവരെ ചിലപ്പോള്‍ മർലിന്‍ മണ്‍റോയോടും ഉപമിച്ചേക്കാം. ഇത്തരത്തില്‍ ഒരു ഇമേജ് ട്രാപ്പില്‍ കുടുങ്ങിയ പേരാണ് 'സില്‍ക്ക്' സ്മിത. ഇന്ന് സില്‍ക്ക് സ്മിത ജീവനൊടുക്കിയിട്ട് 29 വർഷങ്ങള്‍ തികയുന്നു. ഇന്നും ആ നോട്ടങ്ങള്‍ അവസാനിക്കുന്നില്ല.

സില്‍ക്ക് സ്മിതയുടെ ഓർമദിനം
മോഹന്‍ലാലിനെ എണ്ണതേപ്പിക്കുന്ന സില്‍ക്ക് സ്മിത, കള്ളുകുടിച്ച ഉര്‍വശി... ചിത്രയ്ക്ക് ധൈര്യമായത് ജാനകിയമ്മയുടെ ഉപദേശം

1960 ഡിസംബർ രണ്ടിന് ആന്ധ്രാപ്രദേശിലെ കൊവ്വാലി ഗ്രാമത്തില്‍ രാമല്ലുവിന്റയും സരസമ്മയുടെയും മകളായിട്ടാണ് വിജയലക്ഷ്മി വഡ്‌ലപട്‌ലയുടെ ജനനം. കുടുംബത്തിലെ മോശം സാമ്പത്തികാവസ്ഥ ചെറുപ്രായം മുതല്‍ തന്നെ വിജയലക്ഷ്മിയുടെ ജീവിതം ദുസഹമാക്കി. ഇതിന്റെ മുർദ്ധന്യാവസ്ഥയില്‍ നാലാം ക്ലാസില്‍ വച്ച് അവള്‍ക്ക് പഠനം ഉപേക്ഷിക്കേണ്ടി വന്നു. കരഞ്ഞുകലങ്ങിയ കണ്ണുകളുമായാണ് തന്റെ സഹപാഠികളോടും സ്കൂള്‍ ജീവിതത്തോടും ആ പത്ത് വയസുകാരി വിടപറഞ്ഞത്.

സ്കൂള്‍ വിട്ട വിജയലക്ഷ്മി അമ്മ, സരസമ്മയെ വീട്ടുപണികളില്‍ സഹായിച്ച് ഒതുങ്ങിക്കൂടി. പെട്ടെന്നാണ് അവളുടെ ജീവിതത്തില്‍ മറ്റൊരു ദുരന്തം കടന്നുവന്നത്. അപ്പോഴേക്കും അവളറിയാതെ വീട്ടുകാർ വിവാഹാലോചനകള്‍ ആരംഭിച്ചിരുന്നു. സൗമ്യയും സുന്ദരിയുമായ വിജയലക്ഷ്മിക്ക് ഒരു വരനെ കണ്ടെത്തുക പാടുള്ള പണിയായിരുന്നില്ല. ഏതാനും വർഷങ്ങള്‍ക്കുള്ളില്‍ ആ 14കാരി 'കുട്ടി'യെ മാതാപിതാക്കള്‍ വിവാഹം കഴിപ്പിച്ചു. എന്നാല്‍ ആ ബന്ധം ഏറെക്കാലം നീണ്ടുനിന്നില്ല. ഭർത്താവിന്റെയും വീട്ടുകാരുടെയും പീഡനം സഹിക്കവയ്യാതെ അവള്‍ ഇറങ്ങിപ്പോന്നു. ആ തീരുമാനം വിജയലക്ഷ്മിയുടെ തലവര മാറ്റിയെഴുതി.

'വിവാഹബന്ധന'ത്തില്‍ നിന്ന മോചനം നേടിയ വിജയലക്ഷ്മി ആന്റിക്കൊപ്പം ചെന്നൈയിലേക്ക് താമസം മാറ്റി. ചെന്നൈ അവളെ സിനിമയിലേക്ക് അടുപ്പിച്ചു. ഒരു ടച്ച് അപ്പ് ആർട്ടിസ്റ്റായിട്ടായിരുന്നു തുടക്കം. ചില ചെറിയ പേരില്ലാ വേഷങ്ങളും ചെയ്തു. ആയിടയ്ക്കാണ് അവിചാരിതമായി നടനും സംവിധായകനുമായ വിനു ചക്രവർത്തി വിജയലക്ഷ്മിയെ കാണുന്നത്. ഭാര്യ കർണാ പൂവിന് ഒപ്പം കാറില്‍ പാഞ്ഞുപോകുന്നതിന് ഇടയിലാണ് എവിഎം സ്റ്റുഡിയോയ്ക്ക് അടുത്തുള്ള ഒരു ഫ്ലോർ മില്ലില്‍ നില്‍ക്കുന്ന വിജയലക്ഷ്മിയെ സംവിധായകന്‍ കാണുന്നത്. വിനു ചക്രവർത്തി അവളെ 'ദത്തെടുത്തു'. പിന്നീട് അങ്ങോട്ട് അഭിനയത്തിനും ഡാന്‍സിനും പ്രത്യേകം ക്ലാസുകള്‍.

മലയാളം സംവിധായകന്‍ ആന്റണി ഈസ്റ്റ്മാന്‍ സംവിധാനം ചെയ്ത 'ഇണയേ തേടി'യായിരുന്നു വിജയലക്ഷ്മിയുടെ ആദ്യ ചിത്രം. 1981 ജൂലൈ 10ന് റിലീസ് ആയ സിനിമ വലിയ അഭിപ്രായം നേടിയെങ്കിലും വിജയലക്ഷ്മിക്ക് അതുകൊണ്ട് വലിയ പ്രയോജനം ഒന്നുമുണ്ടായില്ല. വിജയലക്ഷ്മിക്ക് 'പേരും' പ്രശസ്തിയും നേടിക്കൊടുത്തത് 'വണ്ടിച്ചക്രം' എന്ന തമിഴ് സിനിമയാണ്. അപ്പോഴേക്കും വിജയലക്ഷ്മി 'സ്മിത' എന്ന് പേര് മാറ്റിയിരുന്നു. പേരിനൊപ്പം 'സില്‍ക്ക്' എന്ന കൂട്ടിച്ചേർക്കല്‍ വരുന്നത് 'വണ്ടിച്ചക്ര'ത്തിലെ കഥാപാത്രത്തില്‍ നിന്നാണ്. സിനിമയില്‍ സ്മിത അവതരിപ്പിച്ച 'സില്‍ക്ക്' കള്ളുഷാപ്പിലെ ജോലിക്കാരിയായിരുന്നു. ചിത്രത്തിലെ ശങ്കർ ഗണേശ് ഈണം നല്‍കി എസ്.പി. ബാലസുബ്രഹ്‌മണ്യം പാടിയ 'വാ മച്ചാ' എന്ന പാട്ട് വിജയലക്ഷ്മിയെ സില്‍ക്ക് സ്മിതയാക്കി.

സില്‍ക്ക് സ്മിതയുടെ ഓർമദിനം
ഇത് ചരിത്രം; 275 കോടി ആഗോള കളക്ഷന്‍‌ കടന്ന് 'ലോക', ഇൻഡസ്ട്രി ഹിറ്റ് വിജയം തുടരുന്നു

വെള്ളിവെളിച്ചത്തില്‍ ഡാന്‍സ് നമ്പരുകളിലൂടെയും നായകനടന്മാരോട് ഇഴുകിച്ചേർന്ന് അഭിനിയിക്കുന്ന കഥാപാത്രങ്ങള്‍ ചെയ്തും സ്മിത പേരെടുത്തു. ഒരു പട്ട് തുണിപോലെ ആരാധകർ സ്മിതയുടെ ഫോട്ടോ രഹസ്യമായി നെഞ്ചോട് ചേർത്തു. സ്മിതയെ 'സെക്സ് സിംബലാക്കി' മാറ്റുന്നത് സൂപ്പർസ്റ്റാർ രജനീകാന്തിനൊപ്പം അഭിനയിച്ച 'മൂണ്ട്രു മുഖം' എന്ന ഐക്കോണിക് ചിത്രമാണ്. ആ സിനിമയിലെ അലക്സ് പാണ്ട്യന്‍ എന്ന കഥാപാത്രം രജനിക്ക് എത്രമാത്രം പേര് നേടിക്കൊടുത്തോ അതേ അളവില്‍ കേവലം അഞ്ച് മിനുട്ടില്‍ വന്നുപോകുന്ന സ്മിതയും കൊണ്ടാടപ്പെട്ടു.സ്മിതയുടെ രംഗങ്ങള്‍ തിയേറ്ററുകള്‍ ഇളക്കി മറിച്ചു. 1983ല്‍ സെൽവകുമാർ എഴുതി എം.എസ്. വിശ്വനാഥന്റെ മകൻ വൈ.വി. ഗോപീകൃഷ്ണൻ സംവിധാനം ചെയ്ത 'സില്‍ക്ക്, സില്‍ക്ക്, സില്‍ക്ക്' എന്ന സിനിമയില്‍ നായിക വേഷത്തിലും സ്മിത എത്തി. പ്രിയ, മീന, ഷീല എന്നീ മൂന്ന് വേഷങ്ങളിലാണ് താരം എത്തിയത്. എന്നാല്‍, ഇതൊന്നും നായികനടിയായി ഉയരാന്‍ വഴിയൊരുക്കിയില്ല.

തമിഴ് സിനിമയില്‍ 90കള്‍ വരെ 'സില്‍ക്ക് സ്മിത പാട്ട്' നിർബന്ധമായിരുന്നു. മലയാളത്തില്‍ മമ്മൂട്ടിക്കൊപ്പം 'അഥർവ'ത്തിലും മോഹന്‍ലാലിനൊപ്പം 'സ്ഫടിക'ത്തിലും സ്മിത അഭിനയിച്ചു. 'പുഴയോരത്ത്', 'ഏഴിമല പൂഞ്ചോല' എന്നീ പാട്ടുകളില്‍ സ്മിത തകർത്താടി. അതിന് അപ്പുറം ഈ സിനിമകളിലും അവർക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. സ്മിതയുടെ മേനിയഴകിലേക്ക് തന്നെയാണ് മലയാള സിനിമയും ക്യാമറ വച്ചത്.

രണ്ട് ദശാബ്ദങ്ങള്‍ നീണ്ട അഭിനയ ജീവിതത്തില്‍ സ്മിത 450 ഓളം ചിത്രങ്ങളുടെ ഭാഗമായി. അതില്‍ അഭിനേത്രി എന്ന നിലയില്‍ അവരെ പ്രയോജനപ്പെടുത്തിയ സിനിമകള്‍ വിരലില്‍ എണ്ണിയാല്‍ തീരും. കാബറെ നർത്തകിയായും നായകനെ വഴിതിരിച്ചുവിടാനുള്ള വില്ലന്റെ ഉപകരണവുമായി നടിയെ ഒതുക്കി. പ്രണയ ദാഹത്തിന്റെ വറ്റാത്ത കടലായിരുന്നു സ്മിത. അവരുടെ കണ്ണുകളില്‍ അത് പ്രകടമായിരുന്നു. ഭാരതിരാജയുടെ 'അലൈഗള്‍ ഓയ്‌വതില്ലൈ', ബാലു മഹേന്ദ്രയുടെ 'മൂണ്ട്രാം പിറൈ' എന്നീ ചിത്രങ്ങളില്‍ ഒരു ഞൊടിനേരം നമ്മള്‍ അത് കണ്ടതാണ്.

ഒരു നടിയെന്ന നിലയില്‍ സ്മിതയുടെ ആഗ്രഹം എന്തായിരുന്നു? 1984ല്‍ ഫിലിംഫെയറിന് നല്‍കിയ അഭിമുഖത്തില്‍ അവർ ഈ ചോദ്യത്തിന് ഉത്തരം നല്‍കിയിട്ടുണ്ട്. "സാവിത്രി, സുജാത, സരിത എന്നിവരെപ്പോലെ ഒരു സ്വഭാവ നടിയാകാനായിരുന്നു എന്റെ ആഗ്രഹം. പക്ഷേ എന്റെ രണ്ടാമത്തെ ചിത്രമായ വണ്ടിച്ചക്കരത്തിൽ ഞാൻ സിൽക്ക് സ്മിത എന്നൊരു കഥാപാത്രത്തെ അവതരിപ്പിച്ചു. അതിനു ശേഷം വന്നതൊക്കെ അതേ വേഷങ്ങള്‍. ആളുകള്‍ക്ക് എന്റെ അഭിനയം ഇഷ്ടമായി. പക്ഷേ എന്റെ ആഗ്രഹം അതേപടി തുടർന്നു." ഈ വാക്കുകളില്‍ സ്മിതയുണ്ട്.

സെപ്റ്റംബർ 23, 1996ല്‍ തന്റെ നൊമ്പരങ്ങള്‍ എല്ലാം ഒരു തുണ്ട് പേപ്പറില്‍ എഴുതിവച്ച് സ്മിത ജീവനൊടുക്കി. മരിക്കുന്നതിന് തലേ നാള്‍ താന്‍ അസ്വസ്ഥയാണെന്ന് നടി കൂട്ടുകാരിയോട് പറഞ്ഞിരുന്നു. പിറ്റേന്ന് മൃതശരീരം കാണും വരെ അവരത് കാര്യമായി എടുത്തിരുന്നില്ല. പോസ്റ്റ്‌മോർട്ടത്തിൽ സ്മിതയുടെ ശരീരത്തിൽ അമിതമായ അളവിൽ മദ്യം കണ്ടെത്തി. ഇത് താരത്തിന്റെ മരണം ദുരൂഹമാക്കി. സ്മിതയുടെ ആത്മഹത്യാക്കുറിപ്പിലെ വാക്കുകളിലൂടെ ആരാധകർ വീണ്ടും വീണ്ടും കടന്നുപോയി.

"ഒരു നടിയാകാൻ ഞാന്‍ എത്രമാത്രം കഷ്ടപ്പെട്ടുവെന്ന് എനിക്ക് മാത്രമേ അറിയുകയുള്ളൂ. ആരും എന്നെ സ്നേഹിച്ചില്ല.എല്ലാവരും എന്നെ ചൂഷണം ചെയ്തു. എനിക്ക് ജീവിതത്തിൽ ഒരുപാട് ആഗ്രഹങ്ങളുണ്ട്. അതെല്ലാം നിറവേറ്റണമെന്നുണ്ട്. പക്ഷേ ഞാൻ എവിടെ പോയാലും എനിക്ക് സമാധാനമില്ല. എല്ലാവരും എന്നെ അസ്വസ്ഥയാക്കുന്നു. അതുകൊണ്ടാകാം മരണം എന്നെ മോഹിപ്പിക്കുന്നത്...." നടി എഴുതി. നിങ്ങളാണ് എന്റെ മരണത്തിന്റെ ഉത്തരവാദിയെന്ന് കാണികളായ നമ്മള്‍ വായിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com