
മലയാള നാടകവേദിയുടെ അതുല്യപ്രതിഭ കാവാലം നാരായണപ്പണിക്കരുടെ ഓര്‍മകള്‍ക്ക് ഇന്ന് എട്ട് വയസ്. പാശ്ചാത്യനാടകങ്ങളുടെ ശൈലി അപ്പാടെ പകര്‍ത്തിയിരുന്ന കാലത്ത് തനതുനാടകവേദിയെന്ന ആശയത്തിലൂടെ മലയാളത്തിലെ ആധുനിക നാടകപ്രസ്ഥാനത്തിന് വഴിവെട്ടുകയായിരുന്നു കാവാലം. ജി അരവിന്ദൻ, സി.എൻ ശ്രീകണ്ഠൻ നായർ എന്നിവരുമായി ചേർന്ന് കാവാലം ചിട്ടപ്പെടുത്തിയ നാടകങ്ങള്‍ മലയാള നാടകവേദിയില്‍ മാറ്റത്തിന്‍റെ അരങ്ങൊരുക്കി. കേരളത്തിലെ സമ്പന്നമായ രംഗകലാപാരമ്പര്യത്തില്‍ ഊര്‍ജം ഉള്‍ക്കൊണ്ടാണ് കാവാലം നാടകങ്ങളെ ചിട്ടപ്പെടുത്തിയത്. കീഴ്വഴക്കങ്ങളെ എല്ലാം പൊളിച്ചെഴുതി കൊണ്ട് നാടകങ്ങളെ അരങ്ങിലെത്തിക്കാന്‍ സോപാനം എന്ന നാടകസംഘത്തെയും അദ്ദേഹം രൂപപ്പെടുത്തി.
ആലപ്പുഴയില്‍ 'കുത്തമ്പലം' എന്ന പേരില്‍ ഒരു നാടകസംഘം ആരംഭിച്ചുകൊണ്ടാണ് കാവാലം നാടകത്തെ കര്‍മമണ്ഡലമായി തെരഞ്ഞെടുക്കുന്നത്. റിയലിസ്റ്റിക് നാടകശൈലിയില്‍ 'പഞ്ചായത്ത്' എന്നൊരു നാടകം എഴുതി അരങ്ങിലെത്തിച്ചെങ്കിലും തന്‍റെ തട്ടകം അതല്ലെന്ന ബോധ്യം കാവാലത്തിനുണ്ടായി. പിന്നീടാണ് കൂത്തമ്പലത്തിന്‍റെ ആദ്യ നാടകമായ 'സാക്ഷി'പിറവയെടുക്കുന്നത്. പിന്നാലെ 'എനിക്ക് ശേഷം' എന്നൊരു നാടകം കൂടി അരങ്ങിലെത്തിച്ചു. ഇതിന് ശേഷമാണ് ഭാരതീയ നാട്യസങ്കല്‍പത്തിന്‍റെ അടിസ്ഥാനമായ തൗരത്ര്യാത്മക സമ്പ്രദായത്തില്‍ (ഗീതവും നൃത്തവും വാദ്യവും സമ്മേളിക്കുന്ന ശൈലി) രചിച്ച 'തിരുവാഴിത്താന്‍' അരങ്ങിലെത്തുന്നത്. പില്‍ക്കാലത്ത് മലയാള സിനിമയിലെ പ്രഗത്ഭരായി മാറിയ നടന്‍ നെടുമുടി വേണുവും സംവിധായകന്‍ ഫാസിലും അടക്കമുള്ള ആലപ്പുഴ എസ്.ഡി കോളേജിലെ വിദ്യാര്‍ഥികളായിരുന്നു ഇതിലെ അഭിനേതാക്കള്‍. മലയാളത്തിലെ തനതുനാടകവേദിയില്‍ പിറന്ന ആദ്യ നാടകമായി 'തിരുവാഴിത്താന്‍' മാറി.
'തിരുവരങ്ങ്' എന്ന് പുനർനാമകരണം ചെയ്ത നാടകസംഘവുമായി 1974ൽ തിരുവനന്തപുരത്തേക്ക് താമസം മാറ്റിയ കാവാലം, ജി അരവിന്ദൻ, പ്രൊഫ. അയ്യപ്പപ്പണിക്കർ, സി.എൻ ശ്രീകണ്ഠൻ നായർ, കടമ്മനിട്ട രാമകൃഷ്ണൻ, കെ.എസ് നാരായണ പിള്ള, പി.കെ വേണുക്കുട്ടൻ നായർ എന്നിവര്‍ക്കൊപ്പുള്ള സര്‍ഗസദസുകളിലെ പതിവ് സാന്നിധ്യമായി. ഈ കൂട്ടായ്മയില്‍ നിന്നാണ് കാവാലം രചിച്ച് ജി അരവിന്ദൻ സംവിധാനം ചെയ്ത 'അവനവൻ കടമ്പ' അരങ്ങത്ത് വന്നത്. വലിയ സ്റ്റേജോ സജീകരണങ്ങളോ ഇല്ലാതെ അട്ടക്കുളങ്ങര ഹൈസ്കൂള്‍ മുറ്റത്തെ ശീലാന്തി മരച്ചുവട്ടിലെ തുറന്ന വേദിയിൽ കൂടിയിരിക്കുന്ന കാണികളുടെ ഒത്ത നടുവിലായാണ് അവനവൻ കടമ്പ അരങ്ങേറിയത്. തീവ്രവും ശക്തവുമായ ദ്യശ്യഭാഷയിലൂടെ അവനവന്‍ കടമ്പ മലയാളത്തിലെ തനത് നാടകവേദിയുടെ നാഴികക്കല്ലായി മാറി. സോപാനം നാടകസംഘമായി വളര്‍ന്ന കാവാലത്തിന്റെ നാടകക്കളരിയില്‍ പയറ്റിത്തെളിഞ്ഞവരായിരുന്ന നെടുമുടി വേണുവും ഭരത് ഗോപിയുമൊക്കെ. അരവിന്ദനെപ്പോലുള്ളവര്‍ക്കായിരുന്നു വേഷ-ദൃശ്യസംവിധാനത്തിന്റെ ചുമതല. ഗിരീഷ് കര്‍ണാടും അമോല്‍ പലോക്കറുമൊക്കെ നാടകം പഠിക്കാന്‍ സോപാനത്തിലെത്തി. മൊത്തത്തില്‍ നാടകത്തിന്റെ ദൃശ്യഭാഷയാകെ മാറ്റിയെഴുതുകയായിരുന്നു കാവാലത്തിന്റെ നാടക കളരി.
ഉയര്‍ന്ന വേദിയോ തിരശീലയോ പിന്‍ ദൃശ്യങ്ങളോ ഉണ്ടായിരുന്നില്ല എന്നതായിരുന്നു കാവാലം നാടകങ്ങളുടെ പ്രത്യേകത. കാക്കാരിശ്ശി നാടകം പോലെയുള്ള നാടോടി നാടകരൂപങ്ങളുടേയും, കൂടിയാട്ടം, കഥകളി തുടങ്ങിയ രംഗകലകളുടേയും തിറ, തെയ്യം തുടങ്ങിയ അനുഷ്ഠാന കലാരൂപങ്ങളുടേയും സ്വാധീനത്തില്‍ സവിശേഷമായ ഒരു അഭിനയരീതിയും താളാത്മകമായ സംഭാഷണവും ഒക്കെയായിരുന്നു കാവാലം നാടകവേദിയുടെ ശൈലി. നാടോടി കഥകളും, കവിതകളും, കാളിദാസന്റെയും ഭാസന്റെയും സംസ്കൃതസൃഷ്ടികളും ഒക്കെ കാവാലം നാടകത്തിന്‍റെ അച്ചില്‍ വാര്‍ത്തെടുത്തു. 'തിരുവരങ്ങി'ന് പുറമേ കേരള കലാമണ്ഡലം, കാളിദാസ അക്കാദമി, നൃത്തലയ ഈസ്‌തെറ്റിക് സൊസൈറ്റി, നാഷണൽ സ്‌കൂൾ ഒഫ് ഡ്രാമ എന്നിങ്ങനെ മറ്റു സ്ഥാപനങ്ങൾക്കുമായി മുപ്പതിനടുത്ത് നാടകങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. ഗ്രീക്ക് നാടകവേദിയുമായി ചേർന്ന് രാമായണവും ഗ്രീക്ക് ക്ലാസ്സിക്ക് ആയ ഇലിയാഡും തമ്മിൽ സംയോജിപ്പിച്ച് അവതരിപ്പിച്ച ‘ഇലിയാണ’ വഴി രാജ്യാന്തര വേദികളിലും കാവാലം സാന്നിധ്യം അറിയിച്ചു.
നാടകം കഴിഞ്ഞാല്‍ ഗാനരചനയിലൂടെയാണ് കാവാലത്തിന്‍റെ പ്രതിഭയെ മലയാളികള്‍ അറിഞ്ഞത്. 1978ല്‍ ഭരതന്‍ സംവിധാനം ചെയ്ത രതിനിര്‍വേദമാണ് കാവാലം എഴുതിയ ഗാനങ്ങളുമായി ആദ്യം പുറത്ത് വന്ന ചിത്രം. അതേ വര്‍ഷം തന്നെ ജി അരവിന്ദന്‍റെ തമ്പ്, ഐ വി ശശിയുടെ വാടകയ്ക്കൊരു ഹൃദയം, ഭരതന്‍റെ തന്നെ ആരവം എന്നി സിനിമകള്‍ക്ക് അദ്ദേഹം ഗാനങ്ങളെഴുതി. നാടോടി പദങ്ങള്‍ കൊണ്ടും പ്രത്യേക താളഘടനകള്‍ കൊണ്ടും തീര്‍ത്തും വ്യത്യസ്തമായ കാവാലത്തിന്‍റെ രചനാശൈലി മലയാളികള്‍ക്ക് പുതിയ അനുഭവമായിരുന്നു. വാടകയ്ക്കൊരു ഹൃദയത്തിന് സംസ്ഥാന അവാര്‍ഡും ലഭിച്ചു. ജി ദേവരാജന്‍, എം ജി രാധാകൃഷ്ണന്‍, ശ്യാം, എം ബി ശ്രീനിവാസന്‍, രവീന്ദ്രന്‍, ജോണ്‍സണ്‍, ഇളയരാജ, രമേശ് നാരായണന്‍ തുടങ്ങിയ പ്രഗല്‍ഭരായ സംഗീത സംവിധായകരുമായി ചേര്‍ന്ന് പിന്നീടങ്ങോട്ട് നിരവധി ഗാനങ്ങള്‍ കാവാലം സൃഷ്ടിച്ചു. 1982ല്‍ മര്‍മ്മരത്തിലെ ഗാനങ്ങള്‍ക്ക് വീണ്ടും സംസ്ഥാന പുരസ്കാരം ലഭിച്ചു. തരംഗിണി അടക്കമുള്ള കമ്പനികള്‍ക്ക് വേണ്ടി ഒരുക്കിയ ലളിത - ഭക്തിഗാനങ്ങളും എഴുതിയിട്ടുണ്ട് കാവാലം.
ആലപ്പുഴ ജില്ലയിലെ കാവാലത്ത് ഗോദവര്‍മ്മയുടെയും കുഞ്ഞുലക്ഷ്മിയുടെയും മകനായി 1928ലായിരുന്നു കാവാലത്തിന്റെ ജനനം. നിയമബിരുദം നേടി വക്കീൽ ജോലി തുടങ്ങിയെങ്കിലും വളരെ വേഗം മതിയാക്കി. തുടര്‍ന്നാണ് കലാവഴിയിലൂടെ കാവാലം സഞ്ചരിച്ചുതുടങ്ങിയത്. പിന്നെ അരങ്ങായി എല്ലാം. നാടകങ്ങളും, കവിതകളും, സിനിമാ ഗാനങ്ങളും, നാടന്‍ശീലുകളും, വായ്ത്താരികളുമൊക്കെ കാവാലത്തില്‍നിന്ന് പിറവിയെടുത്തു. ഒട്ടനവധി നാടകവിവര്‍ത്തനങ്ങളും പ്രസിദ്ധീകരിച്ചു. 1961ല്‍ കേരള സംഗീത നാടക അക്കാദമിയുടെ സെക്രട്ടറി, തിരുവരങ്ങിന്റെയും സോപാനത്തിന്റെയും ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 1975ല്‍ നാടകചക്രം എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരം ലഭിച്ചു. 2007ല്‍ രാജ്യം പദ്മഭൂഷണ്‍ നല്‍കി ആദരിച്ചു. വാര്‍ധക്യ സഹജമായ രോഗങ്ങളെതുടര്‍ന്ന് 2016 ജൂണ്‍ 26ന് 88-ാം വയസിലായിരുന്നു അന്ത്യം. തറവാട്ടുവളപ്പില്‍ മൂത്ത മകൻ ഹരികൃഷ്ണനൊടൊപ്പം കാവാലവും അന്ത്യവിശ്രമം കൊള്ളുന്നു.