
വര്‍ഷം 1999..ചെന്നൈയില്‍ എ.ആര്‍ റഹ്മാന്‍ സംഗീതം നല്‍കുന്ന 'സംഗമം' എന്ന സിനിമയുടെ റെക്കോര്‍ഡിങ് നടക്കുന്നു. വൈരമുത്തു എഴുതിയ ഒരു ഗാനത്തില്‍ ഹരിഹരനൊപ്പം പാടാന്‍ സംഗീത സംവിധായകന്‍ എംഎസ് വിശ്വനാഥന് ഒരു ഫോണ്‍ കോള്‍ വരുന്നു.'അതുക്ക് എന്നെ തമ്പി, പണ്ണുവോം' എംഎസ്‌വിക്ക് സമ്മതം. സംഗീത രംഗത്ത് തനിക്ക് മുന്‍പ് വന്നവരെന്നോ പിന്നാലെ വന്നവരെന്നോ എംസ്‌വിക്ക് വേര്‍തിരിവില്ല. കുട്ടിക്ക് കളിപ്പാട്ടം കിട്ടിയ സന്തോഷത്തോടെ അദ്ദേഹം സ്റ്റുഡിയോയിലെത്തി. തമിഴ് സിനിമാ സംഗീത ലോകത്ത് 'തിരൈ ഇസൈ ചക്രവര്‍ത്തി' എന്ന പട്ടം നേടിയ എം.എസ് വിശ്വനാഥനാണ് തന്‍റെ മുന്നിലിരിക്കുന്നതെന്ന ബോധ്യത്തോടെ എല്ലാ മര്യാദയോടെയും റഹ്‌മാന്‍ അദ്ദേഹത്തെ സ്വീകരിച്ചു. 'പാട്ടു സൊല്ലി കൊടുങ്കോ തമ്പി' റഹ്‌മാന്‍ ഒന്ന് ശങ്കിച്ചു. എത്രയോ പ്രതിഭാധനരായ ഗായകര്‍ക്ക് പാട്ട് പഠിപ്പിച്ച് കൊടുത്ത ആള്‍ക്ക് പാട്ട് പറഞ്ഞുകൊടുക്കാന്‍ ഉള്ളുകൊണ്ട് ഭയം. എന്നിരുന്നാലും റഹ്‌മാന്‍ ട്യൂണിട്ട് പാടി കേള്‍പ്പിച്ചു. റെക്കോര്‍ഡിങ് ശുഭകരമായി അവസാനിച്ചു. സംഗീത സംവിധായകര്‍ പാട്ട് പഠിപ്പിക്കുമ്പോള്‍ ഗായകര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് എന്താണെന്ന് താന്‍ ശരിക്കുമറിഞ്ഞെന്ന് പിന്നീട് എസ്.പി ബാലസുബ്രഹ്മണ്യത്തോട് എംഎസ്‌വി പറഞ്ഞതായി അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്.
റെക്കോര്‍ഡിങ് കഴിഞ്ഞ് പാട്ട് കേള്‍ക്കാനായി എംഎസ് വിശ്വാനാഥന്‍ കംപോസിങ് ഏരിയയിലേക്ക് വന്നു. ഓര്‍ക്കസ്ട്രയോടൊപ്പം പാട്ട് ഒറ്റ ടേക്കില്‍ റെക്കോര്‍ഡ് ചെയ്തിരുന്ന രീതിയാണ് എംഎസ്‌വി പിന്തുടര്‍ന്നിരുന്നത്. പാട്ട് ഇപ്പോള്‍ കേള്‍ക്കാനാവില്ല. ചില്ലറ എഡിറ്റിങ് ഒക്കെ ചെയ്യേണ്ടതുണ്ടെന്ന് റഹ്‌മാന്‍ മറുപടി നല്‍കി. എംഎസ്‌വിക്ക് ഒരു സന്ദേഹം. ഞാന്‍ പാടിയത് ഇഷ്ടപ്പെടാത്തതു കൊണ്ടാണോ ഇയാള്‍ പാട്ട് കേള്‍പ്പിക്കാത്തത്. വലിയൊരു തുക പ്രതിഫലമായി തന്നപ്പോള്‍ ശങ്ക ഒന്നുകൂടി വര്‍ധിച്ചു. തന്നെ പിണക്കാതിരിക്കാനാവണം ഇങ്ങനെ ചെയ്തതെന്നും എംഎസ്‌വി വിശ്വസിച്ചു. പക്ഷെ കുറച്ച് നാളുകള്‍ക്ക് ശേഷം പാട്ട് കേട്ടപ്പോള്‍ എംഎസ്‌വി ശരിക്കും ഞെട്ടി. ഇത് ഞാന്‍ തന്നെ പാടിയതാണോ? അത്ഭുതമായിരിക്കുന്നു. റെക്കോര്‍ഡിങ് സെഷനിലെ സംഭവങ്ങളൊക്കെ ഒരു കൊച്ചുകുട്ടിയുടെ കൗതുകത്തോടെ എംഎസ്‌വി എസ്‍പിബിയെ വിളിച്ചറിയിച്ചു. അങ്ങനെ അക്കാലത്തെ ഹിറ്റ് പാട്ടുകളിലൊന്നായി സംഗമത്തിലെ 'മഴൈത്തുള്ളു മഴൈത്തുള്ളി മണ്ണില്‍ സംഗമം'മാറി. തെന്നിന്ത്യന്‍ സംഗീത ലോകത്ത് വലുപ്പ ചെറുപ്പം നോക്കാതെ തന്‍റെ തൊഴില്‍ ഏറ്റവും ഭംഗിയായി നിര്‍വഹിച്ച കലാകാരനായാണ് എംഎസ് വിശ്വനാഥനെ കാലം അടയാളപ്പെടുത്തുന്നത്.
തെന്നിന്ത്യന്‍ സിനിമ സംഗീത ശാഖയിലെ മുടി ചൂടാ മന്നനായ എലപ്പുള്ളി മനയങ്കത്ത് സുബ്രഹ്മണ്യം വിശ്വനാഥന്‍ എന്ന എം എസ് വിശ്വനാഥന്റെ ജന്മദിനമാണ് ഇന്ന്. 1928 ജൂൺ 24-ന് സുബ്രമണ്യൻ-നാരായണിക്കുട്ടി ദമ്പതികളുടെ മകനായാണ് വിശ്വനാഥൻ എന്ന വിശു ജനിച്ചത്. നാലുവയസ്സുള്ളപ്പോൾ അച്ഛന്റെ മരണത്തോടെ വിശ്വനാഥന്റെ കഷ്ടപ്പാടുകളുടെ തുടക്കമായി. ദാരിദ്ര്യം താങ്ങാനാവാതെ മകനേയും മകളേയും കൊണ്ട് നിരാലംബയായ അമ്മ ആത്മഹത്യയ്ക്കു മുതിർന്നുവെങ്കിലും സംഗീതലോകത്തിന്റെ ഭാഗ്യമെന്നോണം അവസാന നിമിഷത്തിൽ മുത്തച്ഛൻ രക്ഷകനായി മാറി. പിന്നീട് മുത്തച്ഛനോടൊപ്പം കണ്ണൂരിലായിരുന്നു വിശ്വനാഥന്‍റെ ജീവിതം.
പാട്ടുകൾ കേൾക്കാനുള്ള ആഗ്രഹം മൂലം സിനിമാ തിയേറ്ററില്‍ ഭക്ഷണസാമഗ്രികൾ വിൽക്കുന്ന ജോലി പ്രതിഫലങ്ങളൊന്നുമില്ലാതെ തന്നെ വിശ്വനാഥന്‍ ചെയ്തിരുന്നു. പലപ്പോഴും ക്ലാസ്സിൽ കയറാതെ നീലകണ്ഠശർമ എന്ന ഭാഗവതരുടെ വീടിന് പുറത്ത് അദ്ദേഹം വിദ്യാർത്ഥികളെ സംഗീതം അഭ്യസിപ്പിക്കുന്നതും ശ്രദ്ധിച്ച് മണിക്കൂറുകളോളം വിശ്വനാഥന്‍ നിന്നിരുന്നു. ഇതു ശ്രദ്ധിച്ച ഭാഗവതർ ആ കുട്ടിയെ തന്റെ ശിഷ്യനാക്കി. ഒരു വിദ്യാരംഭ ദിവസം ഹാർമോണിയം വായിച്ച് പാടുന്ന വിശ്വനാഥനെ കണ്ട് അദ്ദേഹത്തിന്റെ പ്രതിഭ തിരിച്ചറിഞ്ഞ ഭാഗവതർ കണ്ണൂർ ടൗൺ ഹാളിൽ വിശുവിന്റെ ഒരു കച്ചേരി തന്നെ നടത്തുകയും ചെയ്തു. പതിമൂന്നാം വയസ്സിൽ തിരുവനന്തപുരത്തായിരുന്നു വിശ്വനാഥൻ തന്റെ ആദ്യത്തെ പൊതുപരിപാടി അവതരിപ്പിച്ചത്.
പാട്ടിനൊപ്പം സിനിമയില്‍ അഭിനയിക്കണമെന്ന മോഹവും വിശ്വനാഥന് ഉണ്ടായിരുന്നു. അതിനായി മദിരാശിയിലേക്ക് വണ്ടികയറി. ജൂപിറ്റർ ഫിലിംസിന്റെ കണ്ണകി എന്ന ചിത്രത്തിൽ കോവലന്റെ ബാല്യം അവതരിപ്പിക്കാന്‍ അവസരം ലഭിച്ചെങ്കിലും സിനിമ പുറത്തിറങ്ങിയപ്പോൾ ആ രംഗങ്ങൾ അതിൽ ഉണ്ടായിരുന്നില്ല. പിന്നീട് സംഗീത സംവിധായകരായ എസ്.എം.സുബ്ബയ്യാ നായിഡുവിന്‍റേയും സി .ആര്‍.സുബ്ബുരാമന്‍റെയും സഹായിയായി. അവിടെ വെച്ചാണ് എംഎസ്‌വിയുടെ ജീവിതത്തിലെ നിര്‍ണായക വ്യക്തിയായി മാറിയ വയലിനിസ്റ്റ് ടി.കെ രാമമൂര്‍ത്തിയെ പരിചയപ്പെടുന്നത്. ആ സൗഹൃദം പിന്നീട് വിശ്വനാഥൻ - രാമമൂർത്തി ദ്വയം എന്ന പേരില്‍ തമിഴ് ചലച്ചിത്ര സംഗീതത്തിന്റെ ഗതിതന്നെ മാറ്റിയെഴുതിയ കൂട്ടായ്മയായി മാറി. 1952ൽ സി ആർ സുബ്ബുരാമൻ അന്തരിച്ചപ്പോൾ അദ്ദേഹത്തിന്റെ അപൂർണമായിരുന്ന ദേവദാസ് അടക്കമുള്ള ചിത്രങ്ങൾക്ക് പശ്ചാത്തലസംഗീതം നിർവ്വഹിക്കാനുള്ള അവസരം ഇവരെ തേടിയെത്തി.
എം ജി ആറിന്റെ ഏക മലയാളചിത്രമായ 'ജെനോവ'യില്‍ റ്റീ.ഏ.കല്യാണം, ജ്ഞാനമണി എന്നിവരോടൊപ്പം സംഗീത സംവിധായകരായി വിശ്വനാഥൻ - രാമമൂർത്തി ദ്വയം പങ്കാളിയായി. 1952 ൽ ശിവാജി ഗണേശൻ അഭിനയിച്ച, പണം എന്ന ചിത്രത്തിലൂടെയായിരുന്നു സംഗീതസംവിധാനത്തിൽ അരങ്ങേറ്റം. 1952 മുതൽ 1965 വരെയുള്ള കാലഘട്ടത്തിൽ ഈ ഇരുവർസംഘം നൂറോളം സിനിമകൾക്ക് സംഗീതം പകർന്നു. കണ്ണദാസനാണ് ഇവര്‍ക്കായി ഗാനങ്ങള്‍ അധികവും എഴുതിയത്. 1963 ജൂൺ 16ന് മദ്രാസിൽ ട്രിപ്ലിക്കേൻ കൾച്ചറൽ അക്കാദമിയിൽ നടന്ന ഒരു വിശിഷ്ട ചടങ്ങിൽ 'മെല്ലിശൈ മന്നർകൾ' എന്ന പട്ടം ശിവാജി ഗണേശന്‍ ഇരുവര്‍ക്കും സമ്മാനിച്ചു. എന്നാല്‍ 1965ല്‍ 'ആയിരത്തിൽ ഒരുവൻ' എന്ന ചിത്രത്തിനു ശേഷം ആ കൂട്ടുകെട്ട് പിരിഞ്ഞു. 29 വർഷങ്ങൾക്കു ശേഷം 1995ൽ 'എങ്കിരുന്തോ വന്താൻ' എന്ന ചിത്രത്തിനു വേണ്ടി ഇരുവരും ഒരിക്കൽക്കൂടി ഒന്നിച്ചു.
ഇക്കാലയളവില്‍ സ്വതന്ത്ര സംഗീത സംവിധായകനായി ഒരുപാട് ഹിറ്റ് ചിത്രങ്ങള്‍ക്ക് എം.എസ്.വി. ഈണം പകര്‍ന്നു. വൈവിധ്യമുള്ള സംഗീത ശൈലിയായിരുന്നു എംഎസ്‌വിയുടെ പാട്ടുകളുടെ മുഖമുദ്ര. കേള്‍വിക്കാര്‍ കേട്ടു പരിചയിച്ചിട്ടില്ലാത്ത വാദ്യോപകരണങ്ങള്‍ തന്‍റെ ഓര്‍ക്കസ്ട്രേഷനില്‍ ഉപയോഗിക്കുന്നതാണ് അദ്ദേഹത്തെ മറ്റുള്ളവരില്‍ വ്യത്യസ്തനാക്കിയത്. തമിഴ്‌നാടിന്റെ ഔദ്യോഗികഗാനമായ 'നീരാറും കടലുടുത്ത' എന്ന തമിഴ് തായ് വാഴ്‌ത്തിന് സംഗീതം നല്‍കാനുള്ള അവസരവും എം.എസ് വിശ്വനാഥന് ലഭിച്ചു.
തമിഴിന് പുറമെ മലയാളത്തിലും എംഎസ്‌വിയുടെ മുദ്രപതിഞ്ഞ ഗാനങ്ങള്‍ പിറന്നു. ഏകദേശം എഴുപതിൽ അധികം മലയാള ചിത്രങ്ങള്‍ക്ക് അദ്ദേഹം സംഗീതം പകര്‍ന്നിട്ടുണ്ട്. 'ഈശ്വരനൊരിക്കല്‍', 'സുപ്രഭാതം', 'നാടന്‍പാട്ടിന്‍റെ മടിശ്ശീല', 'സ്വർഗ്ഗനന്ദിനി', 'വീണപൂവേ', 'ആ നിമിഷത്തിന്റെ', 'കണ്ണുനീര്‍തുള്ളിയെ' തുടങ്ങിയ ഗാനങ്ങള്‍ അദ്ദേഹം മലയാള സംഗീത ലോകത്തിന് നല്‍കിയ അനശ്വര സംഭാവനകളാണ്. സംഗീത സംവിധായകനെന്ന നിലയില്‍ മാത്രമല്ല ഗായകനായും എംഎസ്‌വി മലയാളികളെ കോരിത്തരിപ്പിച്ചു. 'കണ്ണുനീർത്തുള്ളിയെ സ്ത്രീയോടുപമിച്ച', 'ഹൃദയവാഹിനീ ഒഴുകുന്നു നീ' എന്നീ ഗാനങ്ങൾ അതുവരെ കേട്ട ഗായകഭാവങ്ങളില്‍ നിന്ന് വേറിട്ടു നില്‍ക്കുന്നവയായിരുന്നു.
അരനൂറ്റാണ്ട് നീണ്ട സംഗീതസപര്യയില്‍ വിവിധ ഭാഷകളിലായി ആയിരത്തിലധികം സിനിമകള്‍ക്ക് എം.എസ് വിശ്വനാഥന്‍ സംഗീതമൊരുക്കി. പ്രശസ്തിയുടെ ഉന്നതിയില്‍ നില്‍ക്കുമ്പോഴും സംഗീതത്തിന് വേണ്ടി ആരോടും എന്തിനോടും വിധേയനാകുന്ന ലാളിത്യമായിരുന്നു എംഎസ്‌വിയെ ചലച്ചിത്ര ഗാനലോകത്ത് വ്യത്യസ്തനാക്കിയത്. അതുകൊണ്ടാകാം തനിക്കു പിറകേ വന്ന ഇളയരാജാ, എ ആർ റഹ്മാൻ എന്നിവര്‍ക്കൊപ്പം ചിത്രങ്ങൾ ചെയ്ത ഒരേയൊരു സംഗീത സംവിധായകനായി എംഎസ്‌വി മാറിയത്. 2015 ജൂലൈ 14ന് തന്‍റെ 87-ാം വയസിലാണ് എം.എസ് വിശ്വനാഥന്‍ സംഗീത ലോകത്തോട് വിടപറഞ്ഞത്.