ദേവ മുംബൈയ്ക്കുള്ള ഒരു ലൗ ലെറ്റര്‍: റോഷന്‍ ആന്‍ഡ്രൂസ്

ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് റോഷന്‍ ആന്‍ഡ്രൂസ് സിനിമയെ കുറിച്ച് സംസാരിച്ചത്
ദേവ മുംബൈയ്ക്കുള്ള ഒരു ലൗ ലെറ്റര്‍: റോഷന്‍ ആന്‍ഡ്രൂസ്
Published on


ഷാഹിദ് കപൂറിനെ കേന്ദ്ര കഥാപാത്രമാക്കി റോഷന്‍ ആന്‍ഡ്രൂസ് ആദ്യമായി സംവിധാനം ചെയ്ത ഹിന്ദി ചിത്രമാണ് ദേവ. ജനുവരി 31ന് തിയേറ്ററിലെത്തിയ ചിത്രം മുംബൈ സിറ്റിക്കുള്ള ഒരു ലൗ ലെറ്ററാണെന്നാണ് റോഷന്‍ ആന്‍ഡ്രൂസ് പറയുന്നത്. ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് റോഷന്‍ ആന്‍ഡ്രൂസ് സിനിമയെ കുറിച്ച് സംസാരിച്ചത്.

'1989ല്‍ പുറത്തിറങ്ങിയ പരിന്ത എന്റെ ഏറ്റവും പ്രിയപ്പെട്ട സിനിമകളില്‍ ഒന്നാണ്. എനിക്ക് മുംബൈ ഇഷ്ടപ്പെടാനുള്ള പ്രധാന കാരണം ബിനോദ് പ്രധാനിന്റെ ഛായാഗ്രഹണവും വിധു വിനോദ് ചോപ്രയുടെ സംവിധാനവുമാണ്. പരിന്തയോടുള്ള എന്റെ ഇഷ്ടം കാരണമാണ് ഞാന്‍ കായംകുളം കൊച്ചുണ്ണി ഷൂട്ട് ചെയ്യാന്‍ ബിനോദിനെ കൊണ്ട് വന്നത്. ആ സമയത്ത് അദ്ദേഹത്തിന് 1.25 കോടി രൂപയാണ് കൊടുത്തത്. അത് ഞങ്ങളുടെ സൂപ്പര്‍സ്റ്റാറുകള്‍ക്ക് കൊടുക്കുന്നതിലും അധികമായിരുന്നു. മലയാളത്തിലെ പ്രമുഖ ഛായാഗ്രഹകന്‍മാര്‍ 25 ലക്ഷം വാങ്ങിയിരുന്ന സമയത്തെ കുറിച്ചാണ് ഞാന്‍ പറയുന്നത്. ഒരു ടെക്‌നീഷ്യന് ഞാന്‍ അത്രയും പൈസ കൊടുത്തത് അദ്ദേഹത്തിന് സിനിമയ്ക്ക് വേണ്ടി ചെയ്യാന്‍ കഴിയുന്നത് എനിക്ക് അറിയാവുന്നത് കൊണ്ടാണ്. പരിന്തയോടുള്ള എന്റെ ഇഷ്ടം കാരണം ദേവയില്‍ വളരെ വ്യത്യസ്തമായൊരു മുംബൈ കാണിക്കാനാണ് ഞാന്‍ ശ്രമിച്ചത്. പരിന്ത ആദ്യമായി കണ്ടപ്പോള്‍ എനിക്ക് അനുഭവപ്പെട്ടതിനുള്ള മറുപടിയാണ് ദേവ', റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞു.

മുംബൈയുടെ പുതിയ വേര്‍ഷന്‍ എങ്ങനെയാണ് കണ്ടെത്തിയത് എന്ന ചോദ്യത്തിനും റോഷന്‍ ആന്‍ഡ്രൂസ് മറുപടി പറഞ്ഞു. 'മുംബൈയില്‍ ഞാന്‍ മൂന്ന് മാസത്തോളം തനിച്ച് ചിലവഴിച്ചു. എനിക്ക് യഥാര്‍ത്ഥ സ്ഥലങ്ങളില്‍ ഷൂട്ട് ചെയ്യണമായിരുന്നു. അതിനായി ഞാന്‍ ധാരാവി, കാമാത്തിപുര, ലോക്കല്‍ ട്രെയിന്‍ എന്നിവിടങ്ങളില്‍ ഒരുപാട് സമയം ചിലവഴിച്ചു. പിന്നെ അവിടുത്തെ ഭക്ഷണവും ഒരുപാട് കഴിച്ചു. എനിക്ക് ലൊക്കേഷന്‍ മാനേജര്‍ വേണ്ടായിരുന്നു. കാരണം അവര്‍ ഷൂട്ട് ചെയ്യാന്‍ എളുപ്പമുള്ള സ്ഥലങ്ങളാണ് കാണിച്ചു തരുക. പക്ഷെ എനിക്ക് ഷൂട്ട് ചെയ്യേണ്ട സ്ഥലങ്ങള്‍ക്ക് അതിന്റേതായ വെല്ലുവിളികളും ഉണ്ടായിരുന്നു', റോഷന്‍ ആന്‍ഡ്രൂസ് കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com