ഹൈദരാബാദ്: എസ് എസ് രാജമൗലി- മഹേഷ് ബാബു എന്നിവർ ഒന്നിക്കുന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനം നടന്നു. വാരാണസി എന്ന പേരാണ് ചിത്രത്തിന് നൽകിയിരിക്കുന്നത്. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ നടന്ന പ്രൗഡ ഗംഭീരമായ പരിപാടിയിലാണ് ചിത്രത്തിന്റെ പേരും മഹേഷ് ബാബുവിന്റെ വേറിട്ടലുക്കിലുള്ള ദൃശ്യവും റിലീസ് ചെയ്തത്.
കയ്യിൽ ത്രിശൂലം ഏന്തി കാളപ്പുറത്ത് തികച്ചും വേറിട്ടലുക്കിലാണ് മഹേഷ് ബാബു എത്തിയിരിക്കുന്നത്. അതുകൊണ്ടു തന്നെ ചിത്രത്തെക്കുറിച്ചുള്ള അരാധകരുടെ പ്രതിക്ഷയും വാനോളം ഉയർന്നിരിക്കുകയാണ്. ഒരു ടൈം ട്രാവൽ ചിത്രമാണിതെന്ന് സൂചനയും പ്രേക്ഷകർ കണക്കാക്കുന്നുണ്ട്.
മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് തുടങ്ങിയ വൻതാരനിര തന്നെ അണിനിരക്കുന്ന ചിത്രം 'എസ്എസ്എംബി 29' എന്ന പേരിലാണ് ചിത്രീകരണം തുടങ്ങിയത്. കയ്യിൽ തോക്കുമായി മഞ്ഞ സാരിയിൽ ഹോട്ട് ലുക്കിലെത്തിയ പ്രിയങ്കയുടെ മന്ദാകിനി ക്യാരക്ടർ പോസ്റ്റർ, പൃഥ്വിരാജിന്റെ 'കുംഭ' എന്ന കഥാപാത്രത്തിന്റെ പോസ്റ്റർ തുടങ്ങി ചിത്രത്തിന്റെ എല്ലാ അപ്ഡേറ്റുകളും സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു.
രാജമൗലി തന്റെ മുന്‍ ബ്ലോക്ക്ബസ്റ്ററുകളെപ്പോലെ തന്നെ ഇതിനെയും വമ്പന്‍ ചിത്രമാക്കി മാറ്റാന്‍ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നാണ് സൂചന. മഹേഷ് ബാബു നായകനാകുന്ന ചിത്രം രണ്ട് ഭാഗങ്ങളായാണ് പുറത്തിറങ്ങാന്‍ പോകുന്നതെന്നാണ് ആദ്യം പുറത്തുവന്ന റിപ്പോർട്ടുകൾ.